അൻസു ഫതിക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും

ബാഴ്സലോണ യുവതാരം അൻസു ഫതിക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വന്നേക്കും. ഇത് സംബന്ധിച്ച് ക്ലബ് ഉടൻ തീരുമാനം എടുക്കും എന്ന് പരിശീലകൻ സാവി പറഞ്ഞു. അൻസുവിനോടും കുടുംബത്തോടെ ക്ലബ് സംസാരിക്കുന്നുണ്ട് എന്നും താരത്തെ ഈ പരിക്ക് മാനസികമായും ബാധിക്കും എന്നും സാവി പറഞ്ഞു. അൻസുവിന്റെ കരിയറിൽ തുടർച്ചയായി പരിക്ക് കാരണം ഇടവേളകൾ സൃഷ്ടിക്കപ്പെടുകയാണ്.

കോപ ഡെൽ റേയിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അൻസുവിന് പരിക്കേറ്റത്. മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്ത് ഇരുന്ന് കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു അൻസു തിരികെ എത്തിയത്‌. താരത്തിന് നേരത്തെയേറ്റ പരിക്ക് തന്നെയാണ് വീണ്ടും വന്നിരിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു.

അൻസു ഇത്തവണ രണ്ടു മാസം എങ്കിലും പുറത്തിരിക്കും എന്നാണ് പ്രാഥമികൾ റിപ്പോർട്ടുകൾ. കഴിഞ്ഞ സീസൺ മുഴുവൻ പരിക്കേറ്റ് പുറത്തായിരുന്ന അൻസുവിനെ ഈ സീസണിലും പരിക്ക് ബുദ്ധിമുട്ടിക്കുക ആണ്. കഴിഞ്ഞ സീസണിലെ പരിക്ക് മാറാൻ നാലു ശസ്ത്രക്രിയകൾക്ക് താരം വിധേയനായിരുന്നു.