അലക്സ് കൊള്ളാഡോയെയും നിലനിർത്താൻ ബാഴ്‌സ

ലാ മാസിയ താരമായിരുന്ന അലക്‌സ് കൊള്ളാഡോയുമായുള്ള കരാർ ബാഴ്‌സലോണ പുതുക്കുന്നു.2024 വരെയാകും പുതിയ കരാർ പ്രകാരം താരത്തിന് ടീമിൽ തുടരാനാവുക.കരാർ സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ വിവിധ ടീമുകളിലേക്ക് കൊള്ളാഡോയെ ലോണിൽ അയക്കാൻ ബാഴ്‌സലോണയുടെ ശ്രമങ്ങൾ ഒന്നും വിജയം കണ്ടിരുന്നില്ല.തുടർന്ന് സീനിയർ ടീമിനോടൊപ്പമോ ബി ടീമിനോടൊപ്പമോ ചേരാൻ കഴിയാതിരുന്ന താരത്തിന് ആറു മാസത്തോളം കളത്തിൽ സാധിച്ചില്ല.എങ്കിലും സീനിയർ ടീമിനോടൊപ്പം പരിശീലനം നടത്താൻ ടീം അനുവദിച്ചിരുന്നു. ശേഷം ജനുവരിയിൽ ഗ്രനഡയിൽ ലോണടിസ്ഥാനത്തിൽ ചേർന്നു.

ഇപ്പോൾ തിരിച്ചെത്തിയ താരത്തെ ടീമിൽ തന്നെ നിലനിർത്താനുള്ള തീരുമാനം ബാഴ്‌സലോണ എടുക്കുകയായിരുന്നു.ഇതോടെ ലാ മാസിയായിലൂടെ വളർന്ന് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന കൊള്ളാഡോക്ക് സാവിക്ക് കീഴിൽ അവസരം ലഭിക്കും എന്നു തന്നെയാണ് സൂചന.