20230428 202552

അലക്‌സ് ഗരിഡോ ബാഴ്‌സയിൽ കരാർ പുതുക്കി

സ്പാനിഷ് യുവപ്രതിഭ അലക്‌സ് ഗരിഡോ ബാഴ്‌സലോണയിൽ കരാർ പുതുക്കി. 2025വരെയാണ് പുതിയ കരാർ. റിലീസ് ക്ലോസ് ആയി 400 മില്യൺ യൂറോയും ബാഴ്‌സലോണ ചേർത്തിട്ടുണ്ട്. നിലവിൽ യൂത്ത് ടീമായ ജൂവനൈൽ എ ടീം താരവും ക്യാപ്റ്റനുമായ ഗരിഡോ, അടുത്ത സീസണിൽ ബി ടീമായ ബാഴ്‌സ അത്ലറ്റിക്കിന് വേണ്ടി ബൂട്ട് കെട്ടും. നിലവിൽ ആറോളം മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചു കഴിഞ്ഞു.

നിലവിൽ ബാഴ്‌സ യൂത്ത് ടീമുകളിലെ ഏറ്റവും പ്രതിഭാധനരയായ വാഗ്ദാനങ്ങളിൽ ഒരാളായാണ് ഗരിഡോയെ കണക്കാക്കുന്നത്. താരത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സാവി, എൽഷേക്കെതിരായ മത്സരത്തിൽ സീനിയർ ടീം ജേഴ്‌സിയിൽ അരങ്ങേറാനും താരത്തിന് അവസരം നൽകി. 2004 ൽ ജനിച്ച ഗരിഡോ ബാഴ്‌സയുടെ എല്ലാ യൂത്ത് ടീമുകളിലൂടെയും കടന്നാണ് ബി ടീമിന്റെ പടിവാതിൽക്കൽ നിൽക്കുന്നത്. 2012 മുതൽ ബാഴ്‌സയുടെ ഭാഗമാണ്. കരാർ ഒപ്പിട്ട ശേഷം തന്റെ ആഹ്ലാദം ഗരിഡോ അറിയിച്ചു. സീനിയർ ടീമിൽ അരങ്ങേറാൻ സാധിച്ചതിന് പിറകെ പുതിയ കരാറിൽ ഒപ്പിടാൻ കഴിഞ്ഞതിന്റെയും സന്തോഷം താരം മറച്ചു വെച്ചില്ല. ദീർഘനാൾ ടീമിൽ തുടരാൻ സാധിക്കുമെന്ന പ്രതീക്ഷ താരം പങ്കുവെച്ചു. ഈ സീസണിൽ ബി ടീമും സീനിയർ ടീമും അടക്കം നിരവധി ടീമുകൾക്ക് വേണ്ടി കളിച്ചെന്നും ഒരുപാട് അനുഭവങ്ങൾ നേടാൻ സാധിച്ചെന്നും ഗരിഡോ ചൂണ്ടിക്കാണിച്ചു.

Exit mobile version