എൽ ക്ലാസികോ റയൽ മാഡ്രിഡിന് ഒപ്പം, ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ കണ്ണീർ

ബാഴ്സലോണയുടെ ദുരിതം തുടരും. തുടർച്ചയായ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്സലോണ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിനു മുന്നിൽ മുട്ടുകുത്തി. അതും സ്വന്തം സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപത്തി ആറായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ഇന്ന് വിജയിച്ചത്.

ഇന്ന് ക്യാമൊനുവിൽ പതിയെ ആണ് മത്സരം തുടങ്ങിയത്. ഇരുടീമുകളും പതിയെ മാത്രമാണ് കളി തുടങ്ങിയത്. ആദ്യ മികച്ച അവസരം ലഭിച്ചത് ബാഴ്സലോണക്ക് ആയിരുന്നു. അവരുടെ ഫുൾബാക്കായ ഡെസ്റ്റിന് കിട്ടിയ തുറന്ന അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ താരത്തിനായില്ല. കളി പുരോഗമിക്കും തോറും കളിയിൽ റയൽ അവസരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

32ആം മിനുട്ടിൽ റയൽ മാഡ്രിഡ് ആരാധകർ ആഗ്രഹിച്ച നിമിഷം എത്തി. ഒരു കൗണ്ടറിലൂടെ ബാഴ്സലോണ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റയൽ മാഡ്രിഡ് അലാബയിലൂടെ ലീഡ് എടുത്തു. റോഡ്രിഗോയുടെ പാസ് സ്വീകരിച്ച് അലാബ തൊടുത്ത ബുള്ളറ്റ് ഡൈവ് ചെയ്ത ടെർ സ്റ്റേഗന് തടയാൻ ആയില്ല.

രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബാഴ്സലോണ ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കുക അവർക്ക് ഒട്ടും എളുപ്പമായില്ല. ബാഴ്സലോണ ഫതിയെ പിൻവലിച്ച് അഗ്വേറോയെ ഇറക്കി നോക്കി എങ്കിലും കാര്യമുണ്ടായില്ല. ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടറിലൂടെ ലൂകാസ് വാസ്കസും കൂടെ നിറയൊഴിച്ചതോടെ ബാഴ്സലോണയുടെ പരാജയം ഉറപ്പായി. 97ആം മിനുട്ടിൽ അഗ്വേറോ ഒരു ഗോൾ മടക്കി എങ്കിലും സമയം വൈകിയിരുന്നു.

ഈ വിജയം റയൽ മാഡ്രിഡിനെ 20 പോയിന്റുമായി ലീഗിൽ തിരികെ ഒന്നാമത് എത്തിച്ചു. ഇന്നത്തെ പരാജയത്തോടെ ബാഴ്സലോണ 15 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. ഈ പരാജയം റൊണാൾഡ് കോമാന്റെ പരിശീലക സ്ഥാനം വീണ്ടും സമ്മർദ്ദത്തിൽ ആക്കും.‌