Site icon Fanport

രണ്ട് മത്സരങ്ങൾ ബാക്കി, ലാലിഗയിൽ ഇന്ന് മൂന്ന് വമ്പന്മാരും ഇറങ്ങും

ലാലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങളാണ് നടക്കുന്നത്. ഇനി സീസണിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ആര് കിരീടം നേടും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ലാ ലീഗയിൽ ഇപ്പോഴും ഉള്ളത്. അവസാന രണ്ടു റൗണ്ടിലും ലാലിഗയിൽ എല്ലാ മത്സരങ്ങൾക്കും ഒരേ കിക്കോഫ് സമയമാണ്. ഇന്ന് രാത്രി ഒരേ സമയത്ത് അത്ലറ്റിക്കോ മാഡ്രിഡും, ബാഴ്സലോണയും, റയൽ മാഡ്രിഡും വ്യത്യസ്ത മത്സരങ്ങളിൽ ഇറങ്ങും.

ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് കിരീടത്തിനായി ഇപ്പോൾ ഫേവറിറ്റ്. കഴിഞ്ഞ മത്സരത്തിൽ റയൽ സോസിഡാഡിനെ തോൽപ്പിച്ചതോടെ 80 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 78 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും 76 പോയിന്റുള്ള ബാഴ്സലോണ മൂന്നാമതും നിൽക്കുന്നു.

ഇന്ന് ഹോം ഗ്രൗണ്ടിൽ ഒസാസുനയെ അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. അവസാന മത്സരത്തിൽ വല്ലഡോയിഡിനെ ആകും അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. അത്ലറ്റിക് ബിൽബാവൊയെ ആണ് റയൽ മാഡ്രിഡ് ഇന്ന് നേരിടേണ്ടത്. എവേ മത്സരം വിജയിക്കുക റയലിന് ഒട്ടും എളുപ്പമാകില്ല. അടുത്ത ആഴ്ച അവസാന മത്സരത്തിൽ വിയ്യറയലിനെ ആകും റയൽ നേരിടേണ്ടത്.

സെൽറ്റ വിഗൊയെ ആണ് ബാഴ്സലോണ ഇന്ന് നേരിടേണ്ടത്. ക്യാമ്പ്നുവിൽ വെച്ചാണ് മത്സരം നടക്കുക. ഐബർ ആണ് അവസാന മത്സരത്തിലെ ബാഴ്സയുടെ എതിരാളികൾ. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിക്കുകയും റയൽ മാഡ്രിഡ് വിജയിക്കാതിരിക്കുകയും ചെയ്താൽ ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കാൻ ആകും. അവസാനമായി 2013-14 സീസണിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളിൽ റയലോ ബാഴ്സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല. എല്ലാ മത്സരങ്ങളും രാത്രി 10 മണിക്കാണ് നടക്കുക.

Exit mobile version