
ഇന്ത്യയുടെ റെക്കോർഡ് കുതിപ്പിന് അവസാനം. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിലെ അവസാന മത്സരത്തിൽ കിർഗിസ്താൻ ആണ് ഇന്ത്യയുടെ 13 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ചത്. കിർഗിസ്താനിൽ ആരാധകരാൽ നിറഞ്ഞ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്.
സുനിൽ ഛേത്രിയുടെ അഭാവത്തിൽ തീർത്തും നിറം മങ്ങിയ ഇന്ത്യ സ്കോർ ലൈൻ സൂചിപ്പിക്കുന്നതിനേക്കാൾ മോശം പ്രകടനമായിരുന്നു ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ പിറകിലായി. സെമ്ലിയാനുകിൻ ആണ് ഹോം ടീമിന് ലീഡ് നേടിക്കൊടുത്തത്. ഗോളിന് ശേഷം ആദ്യമൊന്ന് ഇന്ത്യ ഉണർന്നു എങ്കിലും റഫീഖും റൗളിംഗും അണിനിരന്ന മിഡ്ഫീൽഡിന് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരിക്കലുമായില്ല.
രണ്ടാം പകുതിയിലേക്ക് കളി എത്തിയപ്പോൾ തീർത്തും കിർഗിസ്താൻ മാത്രമായി കളിയിൽ. ഛേത്രിയുടെ അഭാവത്തിൽ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ഗുർപ്രീത് സിംഗിന്റെ മികവില്ലായിരുന്നു എങ്കിൽ നാണംകെട്ട പരാജയം തന്നെ ഇന്ത്യ നേരിടേണ്ടി വന്നേനെ. 72ആം മിനുട്ടിൽ മിർലാൻ കിർഗിസ്താന്റെ ജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
കളിയുടെ 88ആം മിനുട്ടിൽ ജെജെ നേടിയ ഗോൾ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും അത് പരാജയത്തിൽ നിന്ന് രക്ഷിച്ചില്ല. പകരക്കാരനായി ഇറങ്ങി അനിരുദ്ധ് താപയുടെ പാസ് സ്വീകരിച്ച് ജെറി കൊടുത്ത ക്രോസിൽ നിന്നായിരുന്നു ജെജെയുടെ ഗോൾ. തോറ്റെങ്കിലും ഇന്ത്യ തന്നെ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial