Picsart 23 01 12 19 01 07 485

കെ പി എല്‍: ഗോൾഡൻ ത്രെഡ്‌സിന് തോല്‍വി

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോൾഡൻ ത്രെഡ്‌സ് എഫ്‌സി കേരള പൊലീസിനോട് പൊരുതിതോറ്റു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് പൊലീസ് ജയിച്ചത്. ക്യാപ്റ്റന്‍ വി.ജി ശ്രീരാഗാണ് 15ാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയത്. 82ാം മിനിറ്റില്‍ വി.എച്ച് മിദ്‌ലാജ് നേടിയ ഗോളില്‍ പൊലീസ് ജയമുറപ്പിച്ചു.

കഴിഞ്ഞ തവണ കിരീടം നേടിയ ടീമില്‍ നിന്ന് വ്യത്യസ്തമായി ഭൂരിഭാഗം പുതുമുഖങ്ങളുമായാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. പന്തടക്കത്തില്‍ ഉള്‍പ്പെടെ ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും പൊലീസ് വല ഭേദിക്കാനായില്ല. രണ്ടാം പകുതിയില്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. നിഖില്‍ ഡി നായകനായ ടീമില്‍ ആദര്‍ശ് എന്‍.എ, രാജഗോപാല്‍, ക്രൈസ്റ്റ്, സുബി, പാട്രിക്, സജീഷ് ഇ.എസ്, ദിപിന്‍ എ, ജിനില്‍ ഗോപി, യാനിക്, അജാത് സാഹിം എന്നിവര്‍ ആദ്യ ഇലവനില്‍ കളിച്ചു. സോളി സേവ്യറാണ് ടീമിന്റെ പരിശീലകന്‍. ജനുവരി 15ന് ഡോണ്‍ ബോസ്‌കോ എഫ്എക്കെതിരെയാണ് ത്രെഡ്‌സിന്റെ അടുത്ത മത്സരം.

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കെപിഎല്‍ മത്സരത്തില്‍ കേരള പൊലീസിനെതിരെ ഗോള്‍ നേടാന്‍ ശ്രമിക്കുന്ന
ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി താരം പാട്രിക് യബോഹ്

Exit mobile version