Picsart 24 05 29 22 31 50 992

പ്രഖ്യാപനം വന്നു, കൊമ്പനി ഇനി ബയേൺ പരിശീലകൻ

പുതിയ പരിശീലകനായി ബയേൺ മ്യൂണിക്ക് ബേർൺലി പരിശീലകൻ ആയ കൊമ്പനിയെ നിയമിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം കൊമ്പനിയും ബയേണും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 2027 വരെയുള്ള കരാറിൽ ആണ് കൊമ്പനി ബയേണിൽ എത്തുന്നത്. ബയേണിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും പൊസഷൻ ഫുട്ബോളിൽ ഊന്നിയുള്ള അറ്റാക്കിങ് ഫുട്ബോൾ കളിക്കാൻ ആണ് താൻ താല്പര്യപ്പെടുന്നത് എന്നും കൊമ്പനി പറഞ്ഞു.

ടുഷലിന് പകരക്കാരനായി പലരെയും പരിഗണിച്ച ബയേൺ അവസാനം കൊമ്പനിയിൽ എത്തുക ആയിരുന്നു. ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്പനി ക്ലബ് വിടും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബേർൺലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്പനിക്ക് ആയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആ മികവ് തുടരാൻ കൊമ്പനിക്ക് ആയില്ല. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Exit mobile version