
കൊൽക്കത്ത ഫുട്ബോൾ ലീഗ് ആർക്കെന്ന് ഇന്നറിയാം. കൊൽക്കത്തൻ ഡർബിയിലൂടെയാണ് ലീഗിന്റെ കിരീടം നിർണ്ണയിക്കപ്പെടുക. ഇന്ന് നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ മുട്ടും. ലീഗിൽ ഇരു ടീമുകളും തുല്യ പോയന്റുമായി ടേബിളിൽ ഒപ്പത്തിന് ഒപ്പമാണ്. എട്ടു മത്സരങ്ങളിൽ ഏഴു വിജയവും ഒരു സമനിലയും.
എന്നാൽ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഈസ്റ്റ് ബംഗാളിന് മുൻ തൂക്കം നൽകുന്നു. ഈസ്റ്റ് ബംഗാളിന് സി എഫ് എൽ കിരീടം ഉയർത്താൻ ഇന്ന് സമനില മതിയാകും. എന്നാൽ വർഷങ്ങളായി കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം ഉയർത്താൻ കഴിയാത്ത മോഹൻ ബഗാന് വിജയിച്ചെ പറ്റൂ. ഇന്ന് കിരീടം നേടിയാൽ ഈസ്റ്റ് ബംഗാളിന് അത് തുടർച്ചയായ എട്ടാം കിരീട നേട്ടമാകും.
ഇന്നത്തെ കൊൽക്കത്ത ഡർബിയിൽ ഇരു ടീമുകളിലും മലയാളി സാന്നിദ്ധ്യത്തിനും സാധ്യതയുണ്ട്. ഈസ്റ്റ് ബംഗാളിന് വേണ്ടി പരിക്കേറ്റ് വിശ്രമിക്കുന്ന വി പി സുഹൈറിനു പകരമായി കേരളത്തിന്റെ യുവ സ്ട്രൈക്കർ ജോബി ജസ്റ്റിൻ ഇറങ്ങും. മോഹൻ ബഗാന്റെ വല കാക്കാൻ കോഴിക്കോട് സ്വദേശി ഷിബിൻരാജ് ഇറങ്ങുവാൻ സാധ്യത കുറവാണ്. ഫോമിലില്ലെങ്കിലും പരിചയസമ്പത്തിന്റെ ആനുകൂല്യത്തിൽ ഷിൽട്ടൺ പോൾ ബഗാന്റെ ഗ്ലോവ് അണിയാനാണ് സാധ്യത.
സിലിഗുറിയിൽ വെച്ച് നടക്കുന്ന ഡെർബിക്ക് നിറഞ്ഞ ഗ്യാലറി തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈകിട്ട് 5 മണിക്കാണ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial