കൊച്ചിയിലെ ക്രിക്കറ്റ് : പ്രതിഷേധം ശക്തമാവുന്നു

കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇയാൻ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ എന്നീ താരങ്ങളാണ് കൊച്ചിയിൽ ക്രിക്കറ്റ് നടത്തുന്നതിനെ എതിർത്ത് പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫുട്ബോൾ താരങ്ങൾക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരൻ എൻ എസ് മാധവനും കൊച്ചിയിൽ ക്രിക്കറ്റ് നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.

നൂറോളം തൊഴിലാളികൾ കഷ്ടപ്പെട്ട് പണി എടുത്തത് കൊണ്ടാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്നത്തെ നിലയിലായത്. അവരോട് നന്ദി പറയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ അവർ ചെയ്ത കഠിനാദ്ധ്വാനം നഷ്ട്ടപെടുത്താതിരിക്കാൻ അധികാരികളോട് അപേക്ഷിക്കുകയാണെന്ന് ട്വിറ്ററിൽ വിനീത് പറഞ്ഞു.

ഞങ്ങൾ കളിക്കാരാണ് ഗ്രൗണ്ടിൽ 90 മിനിറ്റ് കളിക്കുന്നത്. ഒഫീഷ്യൽസും കാണികളും കളി കഴിഞ്ഞു പിരിഞ്ഞു പോവും. പക്ഷെ വെയിലും കൊണ്ട് ദിവസങ്ങളോളം പണി എടുക്കുന്നവരെ നമ്മൾ കാണാതെ പോവരുത് എന്ന് റിനോ ആന്റോ ട്വിറ്ററിലൂടെ പറഞ്ഞു.

ഫുട്ബോൾ താരങ്ങൾക്ക് പുറമെ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരും പ്രതികരണവുമായി രംഗത്തെത്തിയുണ്ട്. ക്രിക്കറ്റ് ബോർഡ് മേധാവി വിനോദ് റായിയുമായി സംസാരിച്ചെന്നും മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാമെന്ന് റായ് ഉറപ്പു നൽകിയെന്നും ശശി തരൂർ ട്വിറ്ററിലൂടെ അറിയിച്ചു. കൊച്ചിയിൽ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം വളരെ സംശയം ജനിപ്പിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു.

ശശി തരൂരിന് പുറമെ പ്രമുഖ സാഹിത്യകാരനായ എൻ എസ് മാധവനും ട്വിറ്ററിലൂടെ തന്റെ പ്രതികരണമറിയിച്ചിരുന്നു. ആര് ചോദിച്ചാലും കൊടുക്കുന്ന ഒരു കല്യാണ മണ്ഡപമായിട്ടാണ് ജി സി ഡി എ അതിനെ കാണുന്നത് എന്നാണ് എൻ എസ് മാധവൻ പ്രതികരിച്ചത്.

സമൂഹത്തിന്റെ നാനകോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ കൊച്ചിയിലെ നടത്തേണ്ട ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial