തുവ്വൂരിന്റെ മൈതാനം നഷ്ടപ്പെടാതിരിക്കാൻ ജനങ്ങൾ അണിനിരക്കുന്നു

- Advertisement -

തുവ്വൂരങ്ങാടിയിൽ തറക്കൽ എ യു പി സ്കൂളുനോട് ചേർന്നുള്ള ഗ്രൗണ്ട്. അത് എന്നാണ് അവിടെ വന്നത് എന്നുവരെ‌ പുതിയ തലമുറയ്ക്കോർമ്മ ഇല്ല. അവരുടെ കാലിൽ പന്തു നിൽക്കാൻ തുടങ്ങിയ കാലത്തിനും മുമ്പേ ആ ഗ്രൗണ്ട് അവരവിടെ കാണുന്നു.‌ ഫുട്ബോളിലെ മാമാങ്കങ്ങൾ തുവ്വൂരിന്റെ പുതിയ തലമുറ അവിടെ വെച്ചാണ് ആദ്യം കാണുന്നത്. കേരളത്തിലെ ഇതിഹാസമായ ഐ എം വിജയനും നമ്മടെ മറഡോണ ആസിഫ് സഹീറുമൊക്കെ പന്തു കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച മൈതാനം.

 

ഇക്കഴിഞ്ഞ വർഷം വരെ തുവ്വൂർ മൈതാനത്ത് സെവൻസ് ഉത്സവങ്ങൾ നടന്നിരുന്നു. അവസാന വർഷം കെ എഫ് സി കാളിക്കാവിനെ വീഴ്ത്തി ബ്ലാക്ക് & വൈറ്റ് കോഴിക്കോട് കിരീടം ചൂടിയത് ഒക്കെ ആഘോഷിച്ച തുവ്വൂരിന്റെ ജനതയോടെ ഇനി ഈ മൈതാനം കളിക്കാനുള്ളതല്ല എന്നു ഇപ്പോൾ പറയുന്നത് ആരാണ്?

നാൽപ്പതു വർഷം മുമ്പ് ശങ്കുണ്ണി മേനോൻ എന്ന വ്യക്തിയുടേതായി രേഖകളിൽ ഉള്ള ഒന്നരയേക്കർ സ്ഥലമാണ് തർക്കസ്ഥലമായി നിൽക്കുന്നത് ഇപ്പോൾ. നാൽപ്പതു വർഷങ്ങൾക്കു മുമ്പ് തന്നെ പൊതുസ്ഥലമായി ഈ ഒന്നരയേക്കർ നൽകിയതായാണ് സർക്കാർ രേഖകളിലും ഉള്ളത്. ഈ പ്രശനം ആരംഭിക്കുന്നത് 2009ൽ രണ്ടു സ്വകാര്യ വ്യക്തികൾ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതി വിധി സമ്പാദിക്കുന്നതിലൂടെയാണ്. പിന്നീട് പല നിയമ പോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും ഈ മൈതാനത്തിനായി നടന്നു.

കാടുപിടിച്ച് ആർക്കും വേണ്ടാതെയിരുന്ന സ്ഥലത്തെ പന്തുതട്ടി നാട്ടിന്റെ സ്പന്ദനമാക്കി മാറ്റിയ തുവ്വൂരുകാർ എന്തായാലും ഈ കളിസ്ഥലം വിട്ടുകൊടുക്കൻ ഒരുക്കമല്ല. തുവ്വൂരിന്റെ മണ്ണിന് ഫുട്ബോൾ ഇല്ലാതെ ഒരു ജീവിതമില്ല, കളിക്കാൻ സ്ഥലമില്ലാതെയും. വർഷങ്ങളായി തുവ്വൂരിൽ തങ്ങൾ കളിച്ചു നടന്ന മൈതാനം നഷ്ടപ്പെടാതിരിക്കാൻ തുവ്വൂരിലെ ജനങ്ങളും കായിക പ്രേമികളും ഫുട്ബോൾ കളിക്കാരും തുടങ്ങി ഒരു വലിയ നിര തന്നെ ഒരുമിക്കുകയാണ്. ഓഗസ്റ്റ് നാലാം തീയ്യതി ജനകീയ കൂട്ടായ്മ തുവ്വൂരിലെ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് നൂറുകണക്കിന് ആൾക്കാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നടക്കുക.

വെറും ഒരു മൈതാനമല്ല അത് എന്നും തുവ്വൂരങ്ങാടിയിലെ നന്മയ്ക്കായും സൗഹൃദങ്ങൾ നിലനിർത്താനും പഴയ തലമുറയുടെ ഓർമ്മയ്ക്കായും പുതിയ തലമുറയുടെ വളർച്ചയ്ക്കായും മൈതാനം നിലനിർത്തിയേ പറ്റൂ എന്നുമാണ് നാട്ടുകാർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement