അരുൺ പ്രതാപും കുട്ടികളും കടലിനപ്പുറവും കീഴടക്കി കേരള മണ്ണിലേക്ക് വരുന്നു

- Advertisement -

അരുൺ പ്രതാപ് എന്ന പേര് ഫുട്ബോളിൽ കേരളത്തെ കൈപിടിച്ച് അങ്ങ് ഇംഗ്ലണ്ടിന്റെ ഫുട്ബോൾ കാപിറ്റലായ മാഞ്ചസ്റ്റർ വരെ നടത്തിച്ചിട്ട് അധികം കാലമായിട്ടില്ല. മൂന്നു മാസങ്ങൾക്ക് മുമ്പാണ് അരുൺ പരിശീലിപ്പിച്ച സ്കൂൾ ടീമിനും മലയാളി കുട്ടികൾക്കും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പരിശീലനത്തിന് അവസരം ഒരുങ്ങിയത്. മാർച്ചിൽ അരുൺ പരിശീലിപ്പിച്ച ജെംസ് ഇന്റർ നാഷണൽ സ്കൂൾ ടീം യു എ ഇയിലെ അൽ ഇത്തിഹാദ് അക്കാദമി ഉൾപ്പെടെ മികച്ച അക്കാദമികളെ ഒക്കെ മറികടന്നു നേടിയ വിജയത്തിന്റെ പിന്നിൽ അരുണിന്റെ ജീവിതത്തിന്റെ കഥ തന്നെയുണ്ട്.

എറണാകുളം സ്വദേശിയായ അരുൺ പ്രതാപ് മഹാരാജാസിന്റെ താരമായാണ് ഫുട്ബോളിൽ തന്റെ കരിയർ ആരംഭിച്ചത്. എം ജി യൂണിവേഴ്സിറ്റിയിലും FACTലും പന്തുതട്ടിയ അരുൺ മികച്ച ഫുട്ബോളറായി നിൽക്കുമ്പോഴാണ് പരിക്ക് വില്ലനാകുന്നത്. മുട്ടിനേറ്റ പരിക്ക് കാരണം അരുൺ പ്രതാപിന് കരിയർ പീക്കിൽ വെച്ച് ബൂട്ടഴിക്കേണ്ടി വന്നു.

പക്ഷെ കളിക്കളത്തോട് അതിയായ താല്പര്യമുള്ള അരുൺ നേരെ ചെന്നത് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജുക്കേഷനായിരുന്നു. അവിടെ രണ്ടാം റാങ്കോടെ പാസായി തിളങ്ങിയ അരുൺ തിരിച്ച് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് തന്നെയെത്തി. ഇത്തവണ പരിശീലകന്റെ വേഷത്തിൽ. കടവന്തറ കേന്ദ്രീകരിച്ച് കുട്ടികൾക്കായി ഫുട്ബോൾ അസോസിയേഷൻ ഒരുക്കിയ അക്കാദമിയിൽ പരിശീലക വേഷത്തിൽ. 2005ൽ എറണാകുളം ജില്ലാ ചാമ്പ്യന്മാരായി ഈ അക്കാദമി. ഇപ്പോ നാവിയിലുള്ള ഇന്ത്യൻ ക്യാമ്പ് വരെ എത്തിയ അഭിഷേക് എൻ ജോഷിയും അഖിൽ ജോസഫും പോലെ മികച്ച യുവതാരങ്ങളെയാണ് അന്ന് അരുൺ വളർത്തികൊണ്ട് വന്നത്.

തൃശ്ശൂരിൽ വെച്ച് എ എഫ് സി സി ലൈസൻസ് എടുത്ത അരുൺ പ്രതാപ് പിന്നീട് കേരള സ്റ്റേറ്റ് സബ് ജൂനിയർ കോച്ചായി. ഹുസൂറിൽ വെച്ച് നടന്ന ടൂർണമെന്റിൽ കേരളത്തിൽ പരിശീലിപ്പിക്കുകയും ചെയ്തു. 2011ൽ കോഴിക്കോട് ക്വാർട്ട്സ് സോക്കർ പ്രൊഫഷണൽ ക്ലബായി എത്തിയപ്പോൾ ബിനോ ജോർജിന്റെ അസിസ്റ്റന്റ് റോളിൽ ഉണ്ടായിരുന്നതും അരുൺ പ്രതാപായിരുന്നു. 2012ൽ മിൽട്ടൺ ആന്റണി ഈഗിൾ എഫ് സിയുടെ കോച്ചായ കാലത്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റായി എറണാകുളത്ത് അരുൺ പ്രതാപ് വീണ്ടും എത്തി.

പിന്നീടാണ് അരുൺ പ്രതാപ് വിദേശത്തേക്ക് പോയതും ജെംസ് ഇന്റർനാഷണൽ സ്കൂളിലേക്ക് എത്തുന്നതും. ഒരു അക്കാദമിയൊന്നുമല്ലാതിരുന്ന സ്കൂളിലെ കുട്ടികളെ ഫുട്ബോൾ താരങ്ങളായി വളർത്തുന്നതിൽ അരുൺ വലിയ പങ്കാണ് വഹിച്ചത്. മാഞ്ചെസ്റ്ററിലേക്ക് പോകാൻ യോഗ്യത കിട്ടിയ സ്കൂൾ ടീമിൽ 12 പേരിൽ എട്ടുപേരും മലയാളി കുട്ടികളായിരുന്നു.

ഈ എട്ടു കുട്ടികളിൽ നാലുപേരും ഒപ്പം അരുൺ പ്രതാപും കേരള ഫുട്ബോളിന്റെ കുതിപ്പിന്റെ ഒപ്പം ചേരാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. ബാസിം, മിഹാദ്, മിഥുൻ, ഫൈസാൻ എന്നീ നാലു കുട്ടികളും അരുൺ പ്രതാപും ഗോകുലം എഫ് സിയി അക്കാദമിയുടെ ഭാഗമാവും.

മലപ്പുറം സ്വദേശിയാണ് മിഹാദ്, ഫൈസാൻ ഗോവയിൽ നിന്നാണ്, മിഥുൻ ആലപ്പുഴയും ബാസിം തൃശ്ശൂരുകാരനും.ഭാവി വാഗ്ദാനങ്ങളായ നാലു കുട്ടികളെയും മൂന്നു വർഷത്തെ കരാറിലാണ് ഗോകുലം എഫ് സി അക്കാദമിയിലേക്ക് എത്തിച്ചിരിക്കുന്നത്. കേരള ഫുട്ബോളിന്റെ മുഖം മാറ്റാനൊരുങ്ങുന്ന ഗോകുലം എഫ് സിയുടെ അക്കാദമിക്ക് അരുൺ പ്രതാപ് എത്തുന്നത് കരുത്താവും.

ഇപ്പോൾ യുവേഫ ബി ലൈസൻസ് എടുക്കാൻ വേണ്ടി അയർലൻഡിലേൽകുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അരുൺ പ്രതാപ്. ഫുട്ബോളിനോടുള്ള ആത്മാർത്ഥത മാത്രം കയ്യിൽ വെച്ചുള്ള അരുൺ പ്രതാപിന്റെ യാത്ര ഫുട്ബോളിനെ കൈവിടാതെ മുന്നേറാൻ പലർക്കും പ്രതീക്ഷ നൽകുന്ന ഒരു മാതൃകയാണ്. ഗോകുലം എഫ് സിക്കൊപ്പം ഒരുപാട് വളരുന്ന കാലുകൾക്ക് തന്ത്രങ്ങളും ബലവും കൊടുത്ത് അരുണിന്റെ ഈ യാത്ര തുടരട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement