നാലു മാറ്റങ്ങളുമായി സന്തോഷ് ട്രോഫി കേരള ടീം, ഫിറോസില്ല, ഉസ്മാൻ തന്നെ നയിക്കും

- Advertisement -

ഗോവയിൽ മാർച്ച് പന്ത്രണ്ടു മുതൽ തുടങ്ങുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സ്ട്രൈക്കർ ഫിറോസടക്കം കോഴിക്കോടു നടന്ന യോഗ്യത റൗണ്ട് കളിച്ച നാലു താരങ്ങളെ മാറ്റിയാണ് പുതിയ ടീം കോച്ച് വി പി ഷാജി ഇന്നു പ്രഖ്യാപിച്ചത്. പരിചയ സമ്പത്തുള്ള ഷെറിൻ സാമും ജിജോ ജോസഫും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടിൽ കഴിവ് തെളിയിക്കാൻ കാര്യമായി അവസമൊന്നും കിട്ടാതിരുന്ന ഫിറോസും ഷിബിൻലാലും ആണ് മാറ്റങ്ങളിൽ പ്രധാനപ്പെട്ടത്. പിന്നെ പുറത്തുപോയത് ഗോകുലം എഫ് സിയുടെ താരമായി മാറിയ അനന്തു മുരളിയും നെറ്റോ ബെന്നിയുമാണ്. കെ എസ് ഇ ബിയുടെ നിഷോൺ സേവിയർ, എജിഎസ് ഓഫീസ് താരങ്ങളായ ജിപ്സൺ ജസ്റ്റിൻ, ഷെറിൻ സാം, എസ്‌ ബി ടി താരമായ ജിജോ ജോസഫ് എന്നിവരാണ് പകരം ടീമിലെത്തിയത്.
ഇരുപതംഗ ടീമിനെ പി ഉസ്മാൻ തന്നെയാണ് നയിക്കുക. യോഗ്യതാ റൗണ്ടിൽ ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും നൗഷാദ് ബാപ്പുവിനെ ടീമിൽ നിലനിർത്തി. ഫൈനൽ റൗണ്ടിലെങ്കിലും പ്രതിരോധ നിരയിൽ വി പി ഷാജി ബാപ്പുവിനെ വിശ്വസിച്ചിറക്കും എന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. മാർച്ച് പതിനാറിനാണ് കേരളത്തിന്റെ ആദ്യ മത്സരം.

കേരള ടീം: മിഥുൻ വി ,അജ്‌മൽ, മെൽബിൻ എസ്, നജേഷ് എം, ലിജോ എസ്, രാഹുൽ വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസൻ, ഷെറിൻ സാം, മുഹമ്മദ് പരോക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, നിഷോൺ സേവിയർ, ജിജോ ജോസഫ് അസ്ഹറുദീൻ, ഉസ്മാൻ പി, ജോബി ജസ്റ്റിൻ, എൽദോസ് ജോർജ്, ജിപ്സൺ, സഹൽ അബ്ദുൽ സമദ്

Advertisement