ശിവജിയൻസിനെ വിറപ്പിച്ച് റെഡ് സ്റ്റാർ തൃശൂർ

- Advertisement -

അണ്ടർ 16 ഐലീഗിൽ റെഡ് സ്റ്റാറിന് രണ്ടാം പരാജയം. പരാജയത്തിലും തിളക്കമാർന്ന പോരാട്ടവീര്യമായിരുന്നു റെഡ് സ്റ്റാറിന്റേത്. കരുത്തരായ ശിവജിയൻസിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ച റെഡ് സ്റ്റാർ 2-3 എന്ന സ്കോറിനാണ് പരാജയമറിഞ്ഞത്.

ഗ്രൂപ്പ് സി യിലെ രണ്ടാം മത്സരമായിരുന്ന ഇന്ന് തുടക്കത്തിലേ പിഴച്ച ചുവടുകളാണ് റെഡ് സ്റ്റാറിന് വിനയായത്. ആദ്യ എട്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളിന് പിന്നിലായ റെഡ് സ്റ്റാർ പിന്നീട് ശക്തമായി തിരിച്ചു വന്നെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല. തുടക്കത്തിൽ പതറിയ റെഡ് സ്റ്റാറിന്റെ ചുണക്കുട്ടികൾ ശക്തമായ ആക്രമണം അഴിച്ചു വിട്ട് ഇരുപത്തിയഞ്ചാം മിനിറ്റിൽ ഐസകിലൂടെ ഒരു ഗോൾ മടക്കിക്കൊണ്ട് കളിയിലേക്ക് തിരിച്ചു വന്നു. ടൂർണമെന്റിൽ ഐസക് നേടുന്ന രണ്ടാം ഗോളാണിത്.

സമനിലയിലെത്താനുള്ള റെഡ് സ്റ്റാർ ടീമിന്റെ ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. കളിയിൽ മുൻതൂക്കം നേടിയ റെഡ് സ്റ്റാറിനെ ഞെട്ടിച്ച് അറുപതാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടിക്കൊണ്ട് ശിവജിയൻസ് 3-1 ന് മുന്നിലെത്തി. രണ്ട് ഗോളുകൾക്ക് പിന്നിലായെങ്കിലും കളി കൈ വിടാൻ ഒരുക്കമല്ലായിരുന്ന റെഡ് സ്റ്റാർ എഴുപത്തഞ്ചാം മിനിറ്റിൽ സജിത്തിലൂടെ സജൻ നേടിയ ഗോളിൽ സ്കോർ 3-2 ആക്കി. പക്ഷെ കളിയുടെ അവസാനം വരെ സമനില കണ്ടെത്താൻ ടീമിന് കഴിഞ്ഞില്ല. മോശം റെഫെറിങ്ങും റെഡ് സ്റ്റാറിന് വിനയായി.

ഞായറാഴ്ച ബെംഗളൂര എഫ്സിക്കെതിരെയാണ് റെഡ് സ്റ്റാറിന്റെ അവസാന മത്സരം. സെമി ഫൈനലിൽ കടക്കാമെന്ന പ്രതീക്ഷയസ്തമിച്ച റെഡ് സ്റ്റാറിന്റെ ഇനിയുള്ള ലക്ഷ്യം തങ്ങളുടെ പ്രകടനത്തിന് ബെംഗളൂരു എഫ്സിക്കെതിരെ അർഹിക്കുന്ന ഫലം നേടുക എന്നതായിരിക്കും.

Advertisement