അണ്ടർ 16 ഐ ലീഗ്, കേരളത്തിന്റെ കരുത്താകാൻ റെഡ് സ്റ്റാർ

- Advertisement -

ഐ ലീഗ് അണ്ടർ 16 യൂത്ത് ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ മുഴുവൻ പ്രതീക്ഷയും റെഡ് സ്റ്റാർ എഫ് സി എന്ന ഒരൊറ്റ ക്ലബിലാണ്. അണ്ടർ 16 ഐ ലീഗിന്റെ കേരളാ സോൺ ചാമ്പ്യന്മാരായാണ് റെഡ് സ്റ്റാർ ഫൈനൽ റൗണ്ടിലേക്ക് എത്തിയത്.

കേരള സോൺ മത്സരങ്ങളിൽ അവസാന ദിവസം വരെ പ്രോഡിജി എഫ് എ ചാമ്പ്യന്മാരാകുമെന്നു കരുതിയവരെ ഞെട്ടിച്ചായിരുന്നു റെഡ് സ്റ്റാർ എഫ് സിയുടെ മുന്നേറ്റം. കേരള സോണിൽ നാലു ജയവും ഒരു പരാജയവും ഒരു സമനിലയുമായി 13 പോയിന്റോടെയായിരുന്നു റെഡ് സ്റ്റാർ എഫ് സി തൃശ്ശൂർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

കേരളത്തിൽ നടത്തിയ പ്രകടനം ആവർത്തിക്കാം എന്ന വിശ്വാസത്തിലാണ് റെഡ് സ്റ്റാർ എഫ് സി വൻ ശക്തികൾ കാത്തു നിൽക്കുന്ന ഫൈനൽ റൗണ്ടിലേക്ക് ബൂട്ടു കെട്ടി ഇറങ്ങുന്നത്. നാല്  ഗ്രൂപ്പുകളിലായിട്ടാണ്  ഇനിയുള്ള മത്സരങ്ങള്‍  നടക്കുന്നത് .

  • ഗ്രൂപ്പ് എ: പ്രൈഡ് സ്പോർട്സ്, ഓസോൺ എഫ് സി, മോഹൻ ബഗാൻ, ഇന്ത്യൻ യൂത്ത് സോക്കർ
  • ഗ്രൂപ്പ് ബി: ഷിലോംഗ് ലജോംഗ്, ഐസ്വാൾ, യങ്സ്റ്റേഴ്സ് ക്ലബ്, മൊഹമ്മദൻ സ്പോർട്ടിംഗ്
  • ഗ്രൂപ്പ് സി: റെഡ് സ്റ്റാർ എഫ് സി, ബെംഗളൂരു എഫ് സി, ശിവാജിയൻസ്, സുദേവ എഫ് സി
  • ഗ്രൂപ്പ് ഡി: ടാറ്റ ഫുട്ബോൾ അക്കാദമി, മിനേർവ എഫ് സി, റോയൽ വാഹിംഗ്ദോഹ്, കെങ്ക്രെ

സി ഗ്രൂപ്പിൽ കരുത്തരായ ബെംഗളൂരു എഫ് സി, സുദേവ എഫ് സി, ഡി എസ് കെ ശിവാജിയൻസ് എന്നിവരാണ് ഗ്രൂപ്പിൽ തൃശൂർ ക്ലബിനൊപ്പം ഉള്ളത്‌. സോൺ മത്സരങ്ങളിൽ ഒരു പരാജയം പോലുമറിയാതെയാണ് ഈ മൂന്നു ടീമുകളും എത്തിയത്. ഗ്രൂപ്പിലെ ഏറ്റവും ദുർബലർ എന്ന വിലയിരുത്തലുണ്ടെങ്കിലും റെഡ് സ്റ്റാർ എഫ് സി തൃശ്ശൂർ അതു തിരുത്താനുള്ള ലക്ഷ്യത്തിലാകും.

റെഡ് സ്റ്റാർ ഉൾപ്പെടുന്ന സി ഗ്രൂപ്പിലേയും എ ഗ്രൂപ്പിലേയും മത്സരങ്ങള്‍  നടക്കുന്നത്  ഗോവയിലാണ്. ബി ഗ്രൂപ്പിലേയും ഡി ഗ്രൂപ്പിലേയും മത്സരങ്ങള്‍ മുംബൈയിൽ നടക്കും. ഗ്രൂപ്പ് ചാമ്പ്യന്മാർ സെമിയിൽ ഏറ്റുമുട്ടും. ഫെബ്രുവരി 8നു ആരംഭിക്കുന്ന സെമി  ഫൈനൽരങ്ങൾക്കും, ഫെബ്രുവരി 10നു നടക്കുന്ന ഫൈനൽ മത്സരത്തിനും മുംബൈയാണ് വേദിയാവുക.

റെഡ് സ്റ്റാർ എഫ് സി ആദ്യ  മത്സരത്തില്‍  സുദേവ FC യെ  നേരിടും. ജനുവരി 31ന് വൈകുന്നേരം  മൂന്നു മണിക്കാണ്  മത്സരം. ഫെബ്രുവരി രണ്ടാം തീയതി ശിവാജിയൻസുമായും അഞ്ചാം തീയതി കരുത്തരായ ബെംഗളൂരു എഫ് സിയുമായും റെഡ് സ്റ്റാർ എഫ് സി ഏറ്റുമുട്ടും.

Advertisement