കോട്ടപ്പടി സ്റ്റേഡിയം ജനങ്ങൾക്കില്ലേ? പരിശീലനത്തിനു തുറക്കാൻ പ്രതിഷേധവുമായി മലപ്പുറം

- Advertisement -

പൂട്ടിട്ടു വെക്കാൻ എന്തിനാണ് നമുക്ക് ഫുട്ബോൾ ഗ്രൗണ്ടുകൾ? ചോദ്യം ഉയരുന്നത് വേറെ എവിടെ നിന്നുമല്ല ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തു നിന്ന്. കോട്ടപ്പടി സ്റ്റേഡിയം നവീകരിച്ച് പന്തു തട്ടാൻ തുടങ്ങിയപ്പോൾ മലപ്പുറം ജനങ്ങൾക്ക് അത്രയ്ക്കു പ്രതീക്ഷയായിരുന്നു ആ ഗ്രൗണ്ടിൽ. നമ്മുടെ നാട്ടിലെ കുരുന്നുകൾക്ക് നല്ലൊരു ഗ്രൗണ്ടിൽ പരിശീലനം ചെയ്തു കൊണ്ട് വളരാം എന്നൊക്കെ അവർ സ്വപ്നം കണ്ടു.

പക്ഷെ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലായിരുന്നു. അവർ ഗ്രൗണ്ട് പൂട്ടി അലമാരയിൽ വെക്കുകയാണ്. അതിനെതിരെ പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഉയരുകയാണ്. കോട്ടപ്പടി സ്റ്റേഡിയം മലപ്പുറത്തെ ജനങ്ങൾക്ക് പരിശീലനത്തിനായി തുറന്നു കൊടുക്കുക എന്ന ആവശ്യവുമായി നാളെ മലപ്പുറത്തിന്റെ മണ്ണിൽ വലിയ പ്രതിഷേധമാർച്ച് തന്നെയാണ് നടക്കാൻ പോകുന്നത്.

മലപ്പുറം മൊയ്തീൻ കുട്ടിയുടെ ചരമവാർഷിക ദിനമായ നാളെ നിരവധി കായിക താരങ്ങളേയും അതിലേറെ കായിക പ്രേമികളേയും അണിരത്തികൊണ്ടാകും പ്രതിഷേധമാർച്ച് കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് ചെല്ലുക. നാളെ വൈകിട്ട് 4.30ന് കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച് കോട്ടപ്പടി മൈതാനത്ത് സമീപിക്കുന്ന രീതിയിലാണ് പ്രതിഷേധ മാർച്ചിന്റെ യാത്ര. പ്രശസ്ത പിന്നണി ഗായകനും പഴയ മലപ്പുറം സോക്കർ ക്ലബ് താരവും കൂടിയായിരുന്ന ഷഹബാസ് അമനാണ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുക. മലപ്പുറം ഫുട്ബോൾ ലവേർസ് ഫോറമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ വർഷം ഡി വൈ എഫ് ഐയും സമാനമായ പ്രതിഷേധവുമായി വന്നിരുന്നു.

കഴിഞ്ഞ വർഷം രാഷ്ട്രീയ പരിപാടികൾക്കായി സ്റ്റേഡിയം വിട്ടു കൊടുത്തതും വിവാദമായിരുന്നു. സന്തോഷ് ട്രോഫിക്കു വേണ്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം സന്തോഷ് ട്രോഫിക്കും സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും ശേഷം അടച്ചുവെക്കാതെ കോഴിക്കോടെ ഫുട്ബോൾ പ്രേമികൾക്കു വിട്ടുകൊടുക്കാൻ മടി കാണിക്കാത്ത കോഴിക്കോട് സ്പോർട്സ് കൗൺസിലിനെ മലപ്പുറം മാതൃകയാക്കണം എന്നാണ് പൊതുവായുള്ള ഫുട്ബോൾ പ്രേമികളുടെ അഭിപ്രായം.

Advertisement