കാണുക, പാലക്കാടിൽ ഒരുങ്ങുന്ന ഒന്നാം തരം ഫുട്ബോൾ ഗ്രൗണ്ട്

- Advertisement -

നമ്മുടെ നാട്ടിൽ കഴിവുള്ളവരല്ല അവരുടെ കഴിവുകൾ വളർത്താനുള്ള സൗകര്യങ്ങളാണ് ഇല്ലാത്തത് എന്നതു പരമാർത്ഥമാണ്. കേരളത്തിൽ തന്നെ പാടത്തെ ചളിയിലും സ്കൂൾ ഗ്രൗണ്ടിലെ ചരലിലും ബീച്ചിലെ മണലിലും ഒക്കെ പന്തു തട്ടിയാണ് ഭൂരിഭാഗം താരങ്ങളും ഇപ്പോഴും വളർന്നുവരുന്നത്. അതിനിടയിലാണ് പ്രതീക്ഷയ്ക്കു വകയാകുന്ന തരത്തിൽ ഒരു ഒന്നാം കിട ഫുട്ബോൾ ഗ്രൗണ്ട് പാലക്കാടിന്റെ മണ്ണിൽ വരുന്നത്.

പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം നൂറണിയിലാണ് ഈ ആർട്ടിഫിഷ്യൽ ടർഫ് കൊണ്ട് നിർമ്മിക്കുന്ന ഗ്രൗണ്ട് ഒരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പണിയാരംഭിച്ച ഗ്രൗണ്ട് അവസാന മിനുക്കു പണികളിലാണ്. എം എൽ എ ഷാഫി പറമ്പിലാണ് ഇങ്ങനെയൊരു ഗ്രൗണ്ട് പാലക്കാട് കൊണ്ടു വരാൻ മുൻകൈ എടുത്തത്. അസറ്റ് ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് 2.54 കോഡി രൂപയാണ് ഈ ഗ്രൗണ്ടിനു വേണ്ടി ചിലവഴിക്കുന്നത്. കെ എസ് ഇ ബിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രൗണ്ടിന്റെ പണി ഏറ്റെടുത്തുനടത്തുന്നത് ബെംഗളൂരു കമ്പനിയായ സൺഡെക്സ് സ്പോർട്സ് ആണ്. ടർഫ് എത്തിച്ചിരിക്കുന്നത് ഫിഫയുടെ അംഗീകാരമുള്ള ഫിൻലാൻഡ് കമ്പനിയിൽ നിന്നും.

മുമ്പ് പാലക്കാട് ക്ലബായ പി എസ് എഫ് സി പാലക്കാട് എന്ന ക്ലബിന്റെ പരിശീലന ഗ്രൗണ്ടായിരുന്നു ഇത്. നിരവധി മികച്ച താരങ്ങൾ ആദ്യമായി പന്തു തട്ടിയിരുന്ന ഗ്രൗണ്ട്. എസ് ബി ടിയുടെ അനിൽ കുമാർ, അബ്ദുൽ ഹക്കീം , നൗഷാദ്, ടൈറ്റാനിയത്തിന്റെ ഷാജഹാൻ, റിസർവ് ബാങ്കിന്റെ റഫീഖ്, സെൻട്രൽ എക്സൈസിന്റെ റജീബ്, മുഹമ്മദൻസിന്റെ മൂസ, കേരള പോലീസിന്റെ മുഹമ്മദ് അമീർ, ഇന്ത്യൻ ബാങ്കിന്റെ അജിത് തുടങ്ങി നിരവധി പ്രമുഖർ പി എസ് എഫ് സിക്കു വേണ്ടി ഈ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടുണ്ട്.

ഏപ്രിൽ ആദ്യ വാരത്തോടെ ഗ്രൗണ്ട് ഫുട്ബോൾ പ്രേമികൾക്കായി സമർപ്പിക്കാൻ ആകുമെന്നാണ് അധികൃതർ കരുതുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒന്നായ ബൂട്ടിയ ഉദ്ഘാടനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement