ഊർജ കപ്പ്; കർണാടക നാടകം ജയിച്ചു. ഫുട്ബോളും, കേരളത്തിന്റെ കുട്ടികളും തോറ്റു

- Advertisement -

കേരളത്തിന്റെ ഊർജകപ്പിലെ ഇത്രയും ദിവസത്തെ പ്രതീക്ഷകൾ മോശം റഫറിയിംഫിനും കർണാടകയെ ജയിപ്പിക്കനുള്ള താല്പര്യങ്ങൾക്കും മുന്നിൽ അവസാനിച്ചു. പെൺകുട്ടികളുടെ ടീമിനു പിന്നാലെ ആൺകുട്ടികളുടെ അണ്ടർ 19 ടീമും ഫൈനലിൽ പരാജയത്തോടെ മടങ്ങേണ്ടി വന്നത് കളിയുടെ പോരായ്മ കൊണ്ടല്ല എന്നതാണ് ഫുട്ബോൾ ആരാധകരെ‌ വിഷമത്തിലാക്കുന്നത്.

ഇന്ന് കർണാടകയോടായിരുന്നു ആൺകുട്ടികളുടെ ടീമിന്റെ ഫൈനൽ. കർണാടകയിൽ നടക്കുന്ന മത്സരമായതു കൊണ്ടു തന്നെ കേരളത്തിന്റെ ഗ്രൂപ്പ് ഘട്ടം മുതലുള്ള കുതിപ്പിനെ ഭയന്ന റഫറിമാർ ഉൾപ്പെടെയുള്ളവർ സെമിഫൈനലിലേ കേരളത്തിന് എതിരെ തിരിഞ്ഞിരുന്നു. സെമിയിൽ കേരളത്തിനു വേണ്ടി ടൂർണമെന്റിൽ 3 കളികളിൽ നിന്നായി 10 ഗോളുകൾ നേടിയ എമിൽ ബെന്നിയെ മോശം റഫറിയിംഗ് കാരണം രണ്ട് മഞ്ഞ കാർഡുകൾ നൽകി പുറത്താക്കുക ആയിരുന്നു. എമിൽ ഉൾപ്പെടെ രണ്ടു കളിക്കാരേയും ഹെഡ് കോച്ചിനേയും ഫൈനലിൽ റഫറയിംഗ് കാരണം കേരളത്തിന് നഷ്ടമായി.

കേരളത്തിന്റെ സ്റ്റാർ പ്ലയർ എമിൽ ബെന്നി ഇല്ലാതെ ഇറങ്ങിയതാണ് കേരളത്തിന് കൂടുതൽ തിരിച്ചടിയായത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം ഇന്ന് പരാജയപ്പെട്ടത്. ഇത്രയും മികച്ച രീതിയിൽ ടൂർണമെന്റിൽ ഉടനീളം കളിച്ച കേരള കുട്ടികൾ പ്രകടനം മോശമായതു കൊണ്ടല്ല ഫൈനലിലും പിറകിലേക്ക് പോയത് എന്നതാണ് വസ്തുത.

ആന്ധ്രയേയും പോണ്ടിച്ചേരിയേയും തമിഴ്‌നാടിനേയും പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ വരെ എത്തിയത്. അജി എ എസും ഗീവർഗീസും ആയിരുന്നു ടീമിനെ ഫൈനൽ വരെ നയിച്ചത്. കിരീടം ഇല്ലായെങ്കിലും ടൂർണമെന്റിലെ മികച്ച ടീം കേരളമാണ് എന്നതിൽ ആർക്കും തർക്കം കാണില്ല. ഊർജ കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് ജയത്തോടെ കർണാട യോഗ്യത നേടി. അവിടെ വിജയികൾക്ക് 5 ലക്ഷം രൂപയാണ് സമ്മാനം. ആ പ്രതീക്ഷയാകാം കർണാടകയുടെ നാടകങ്ങൾക്കു പിന്നിൽ. നഷ്ടം കേരളത്തിന്റെ കുട്ടികൾക്ക് മാത്രം.

കേരള ടീം: സച്ചിൻ എ സുരേഷ്, സോബിൻ ബാലകൃഷ്ണൻ, സിബിൻ എസ്, അമൽ അഹമ്മദ്, അലക്സ് ഷാജി, ഫസീൻ പി കെ, ഗോകുൽ എസ്, വൈശാഖ്‌ എ, നിഖിലേഷ് പി, സൽമാനുൽ ഫാരിസ്, ഫവാദ് കെ, എമിൽ ബെന്നി, മനോജ് കുമാർ, അർജുൻ എം, വൈശാഖ്‌ വി, രഞ്ജിത്ത് ധർമ്മരാജ്, മുഹമ്മദ് അർഷാദ്, ബാസിൽ എൻ ടി, നിതിൻ എൻ ജി, ആകിഫ് ഇനായത്

കോച്ച്: അജി എ എസ്

മാനേജർ: എസ് ഗീവർഗീസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement