5-ാമത് കേരള പ്രീമിയർ ലീഗിന് തയ്യാറെടുത്ത് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്

കേരള ലീഗയായി കേരള പ്രീമിയർ ചാമ്പ്യൻഷിപ്പ് 5-ാം പതിപ്പിൽ കളിക്കാൻ ഒരുങ്ങി മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്. മൂവാറ്റുപുഴയിലെ പഴയകാല ഫുട്ബോൾ പ്രേമികളെയും മൂവാറ്റുപുഴ നഗരസഭയുടെയും പൂർണ്ണ പിന്തുണയോടുകൂടിയാണ് മൂവാറ്റുപുഴ എഫ് സി അടുത്ത ചുവടിനായി ഒരുങ്ങുന്നത്. ഇതിനായി ക്ലബിലേക്ക് മികച്ച ദേശീയ-സംസ്ഥാന താരങ്ങളെ ടീമിൽ എത്തിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി ടീം മാനേജർ റഫീക്ക് പൂക്കാശ്ശേരിയും ചീഫ് കോഡിനേറ്റർ ജെബി മാത്യുവും പറഞ്ഞു. ക്ലബിന്റെ ഭാവി നീക്കങ്ങളെ കുറിച്ച് ഫാൻപോർട്ടിനോട് സംസാരിക്കുകയായിരുന്നു ക്ലബ് അധികൃതർ.

ദേശീയ അന്തർ സർവകലശാല ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിർമ്മല കോളേജുമായി സഹകരിച്ച് പ്രാദേശിക താരങ്ങളെ പ്രൊഫഷണൽ രംഗത്തേക്ക് കൊണ്ടുവന്ന് മൂവാറ്റുപുഴയുടെ ഫുട്ബോൾ സംസ്കാരത്തിന് കരുത്താകാനുള്ള പദ്ധതിയും ക്ലബിന്റെ ആലോചനയിൽ ഉണ്ടെന്ന് സെക്രട്ടറി ഹനീഫ രണ്ടാരും ജോയിന്റ് സെക്രട്ടറി ഫഹദ് ബിൻ ഇസ്മെയിലും കൂട്ടിച്ചേർത്തു.

ഇതിനികം തന്നെ കേരള ഫുട്ബോളിന് വിലപിടിപ്പുള്ള സംഭാവനകൾ ചെയ്ത ക്ലബാണ് മൂവാറ്റുപുഴ എഫ് സി. മൂന്നാമത് കേരള പ്രീമിയർ ലീഗിന് സംഘാടകരായത് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിൽ ഒന്നായ മൂവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആയിരുന്നു പ്രീമിയർ ലീഗ് നടന്നത്. ഈ മികച്ച സ്റ്റേഡിയം മൂവാറ്റുപുഴയിൽ ഉള്ളതും ക്ലബിന് കരുത്താണ്. മുമ്പ് സന്തോഷ് ട്രോഫി ആദ്യ പാദ മത്സരങ്ങൾക്ക് വേദിയായ ചരിത്രം മുവാറ്റുപുഴ സ്റ്റേഡിയത്തിനുണ്ട്.

കേരള ഫുട്ബോൾ അസോസിയേഷൻ മുൻകൈയെടുത്ത് ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ ആരംഭിക്കാൻ തീരുമാനിച്ച കേരള സൂപ്പർ ലീഗിൽ എറണാകുളം ഫ്രാഞ്ചൈസി സ്വന്തമാക്കിയത് മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു. കേരള ഫുട്ബോളിന്റെ എല്ലാ പുതിയ നീക്കങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്ന മൂവാറ്റുപുഴ എഫ് സിക്ക് നിലവിൽ ക്ലബ്ബ് സ്വന്തമായി ഫുട്ബോൾ അക്കാദമിയും ഉണ്ട്. അക്കാദമി ഡയറക്ടർ എൻ കെ രാജൻബാബുവും ട്രഷറർ സിബി ജെയിംസുമാണ് അക്കാദമി മികച്ച രീതിയിൽ കൊണ്ടുപോകുന്നത്. അടുത്ത തവണ കേരള പ്രീമിയർ ലീഗിന് മൂവാറ്റുപുഴ ക്ലബ് ഇറങ്ങുന്നതിൽ പ്രതീക്ഷയർപ്പിച്ച് ഇരിക്കുകയാണ് മൂവാറ്റുപുഴയിലെ ഫുട്ബോൾ പ്രേമികൾ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപതിവു പോലെ ഹെരാത്ത്, ബാക്കി ശ്രീലങ്കന്‍ ബൗളര്‍മാര്‍ കാഴ്ചക്കാര്‍
Next articleബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ ലൂയിസ് ഹാമിള്‍ട്ടണ്‍ വിജയി, വെറ്റല്‍ ഏഴാമത്