യുണൈറ്റഡ് മുണ്ടപ്പലത്തിന്റെ ആഭിമുഖ്യത്തിൽ അനസിന് ജന്മനാട്ടിൽ വൻ സ്വീകരണം ഒരുക്കുന്നു

ഇന്ത്യയുടെ മികച്ച ഫുട്ബോളറും എഫ്‌സി ജംഷഡ്പൂർ താരവുമായ അനസ് എടത്തൊടികക്ക് യുണൈറ്റഡ് ക്ലബ് മുണ്ടപ്പലവും പൗരാവലിയും ചേർന്ന് 2017 ജൂലൈ 29നു ശനിയാഴ്ച വിപുലമായ സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്.

ഏഷ്യൻ ഫുട്ബാളിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന എണ്ണപ്പെട്ട പ്രധിരോധ നിര താരങ്ങളിൽ ഒന്നാണ് അനസ്. ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിന് വേണ്ടി മലപ്പുറത്ത് നിന്ന് ബൂട്ടണിഞ്ഞ നാലാമത്തെ താരം കൂടിയാണ് മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി – ഖദീജ ദമ്പതികളുടെ ഇളയമകനായ അനസ്. മലപ്പുറം മൊയ്തീന്കുട്ടിക്കും, അരീക്കോട്ടുകാരനായ യു ഷറഫലിക്കും, സി. ജാബിറിനും ശേഷം കാൽ നൂറ്റാണ്ടിനു ശേഷം ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറം ജില്ലക്കാരനായ താരമാണ് അനസ്. അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കൊണ്ടോട്ടി ഇ.എം.ഇ.എ.എച്.എസ്.എസിൽ 2002-03 വര്ഷം അനസ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ ഫുട്ബാൾ താരം കൂടെയായിരുന്ന സാമൂഹ്യ ശാസ്ത്ര അധ്യാപകൻ സി.ടി. അജ്മലിന്റെ കീഴിൽ സ്‌കൂളിൽ ആദ്യമായി ഒരു ഫുട്ബാൾ ടീം രൂപീകരിച്ചത്. സ്‌കൂൾ വിടുന്നത് വരെ അരിമ്പ്ര നെഹ്‌റു യൂത്ത് ക്ലബിനായി തുടർച്ചയായി 3 വർഷം അനസ് ജില്ലാ ലീഗ് ഈ – ഡിവിഷനിൽ ബൂട്ടണിഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ജില്ലാ സ്‌കൂൾ ടീമിന് വേണ്ടിയും ബൂട്ട് കെട്ടി.

2006ൽ മഞ്ചേരി എൻ.എസ്എസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു . കായികാധ്യാപകൻ ഡോ. സുധീർകുമാറിന്റെ കീഴിൽ കോളേജിനെ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കിരീടം ചൂടിക്കുന്നതിൽ പ്രധാന കണ്ണിയായി വർത്തിച്ചു. 2007ൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായി എൻ.എസ്എസ് കോളജിൽ നിന്നും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലേക്ക് ട്രാൻസ്ഫ്രർ വാങ്ങി പഠനം മാറ്റി. തന്റെ മികച്ച നിലവാരം പുറത്തെടുത്ത അനസിനെ അവിടെ കോച്ചായിരുന്ന മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ശരീഫ് ആ വർഷം നിലവിൽ വന്ന മുംബൈ എഫ്‌സി ടീമിലേക്ക് അയച്ചു. 2009ൽ കോയമ്പത്തൂരിലും ചെന്നൈയിലുമായി മഹാരാഷ്ട്ര ടീമിനും 2010ൽ കൊൽക്കത്തയിൽ കേരളത്തിന് വേണ്ടിയും അനസ് സന്തോഷ് ട്രോഫി കളിച്ചു. 2011ൽ പൂനെ എഫ്സിയിൽ ചേർന്നു. പരിക്ക് കാരണം 2015 ഐ ലീഗിൽ നിന്നും അനസിനു വിട്ടു നിൽക്കേണ്ടി വന്നു. 2016-17 സീസണിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു. ഇന്ത്യയിലെ വില കൂടിയ താരമായ അനസിനെ ഈ വർഷം എഫ്‌സി ജംഷഡ്പൂർ ഒരു കോടി പത്തു ലക്ഷം രൂപക്ക് സ്വന്തമാക്കി കഴിഞ്ഞു.

അനസിന് ജന്മനാട് ഒരുക്കുന്ന വിപുലമായ സ്വീകരണ സമ്മേളനം ജൂലൈ 29ാം തിയതി 7 മണിക്ക് കേരളം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘടനം ചെയ്യും. പികെ കുഞ്ഞാലികുട്ടി എംപി അനസിന് നാട്ടുകാരുടെ ഉപഹാര സമർപ്പണം നടത്തും. ടിവി ഇബ്രാഹിം എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർമാൻ സികെ നാടിക്കുട്ടി, ഡിവിഷൻ കൗൺസിലർമാരായ യുകെ മമ്മദിശ, വി അബ്ദുൽ ഹക്കീം, കായിക രംഗത്തെ പ്രമുഖർ, ഫുട്ബാൾ പരിശീലകൻ സിടി അജ്മൽ, ക്ലബ് ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചു കൊണ്ടോട്ടിയിലെ മുഴുവൻ ക്ലബുകളെയും അണിനിരത്തിയുള്ള വർണശബളമായ ഘോഷയാത്ര വൈകീട്ട് 4 മണിക്ക് കൊണ്ടോട്ടി കുറുപ്പത്തു നിന്ന് ആരംഭിച്ചു മുണ്ടപ്പലത്തെ പാണാളി അബ്‌ദുറഹിമാൻ ഹാജി സ്മാരക ഗ്രൗണ്ടിൽ(മുണ്ടപ്പലം അറീന) സമാപിക്കും. ആദര സമ്മേളനത്തിന് ശേഷം രാത്രി 8 മണിയോടെ നിറമാർന്ന ഗാനമേളയും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി മുൻസിപ്പൽ ചെയർമാൻ സികെ നാടിക്കുട്ടി ചെയർമാനും, കൗൺസിലർമാരായ യുകെ മമ്മദിശ കൺവീനറായും, വി അബ്ദുൽ ഹക്കീം ട്രഷററായും വിപുലമായ സംഘാടന സമിതി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിന് ക്ലബ് ഭാരവാഹികളും നാട്ടുകാരും ഒന്നിക്കുന്ന സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleFanzone | മസായി വാരിയേർസ് – ദ് റിയൽ ഫൈറ്റേർസ്
Next articleഐ എസ് എൽ കൈവിട്ട മൂന്നു താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ