മലപ്പുറം ജില്ലാ ഡി. ഡിവിഷൻ ഫുട്ബോൾ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ് പൂൾ വിന്നേഴ്സ്

അരീക്കോട്:  അരീക്കോട് എം. . . കോളജ് ഗ്രൗണ്ടിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വരുന്ന മലപ്പുറം ജില്ലാ ഡി. ഡിവിഷൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ കഴിഞ്ഞ വർഷം ഇ. ഡിവിഷൻ ചാമ്പ്യൻമാരായി വന്ന അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ് കളിച്ച നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് പന്ത്രണ്ട് പോയിന്റുമായി ജില്ലാ പോലീസുമായി നാളെ നടക്കാനിരിക്കുന്ന മത്സരത്തിനിറങ്ങുന്നതിന് മുമ്പ് തന്നെ ഗ്രൂപ്പ് ചാമ്പ്യൻമാരയി.

നെഹ്റു യൂത്ത് ക്ലബ്ബ് ടൂർണ്ണമെന്റിൽ  വൈ. എം. എ അരീക്കോടിനെ 1-0 നും തൃക്കലങ്ങോട് എഫ്.സി യെ 2-1 നും അരീക്കോട് സ്പോർട്സ് ക്ലബ്ബിനെ 3-1നും ആസാദ് ക്ലബ്ബ് വാണിയമ്പലത്തെ 3-1നും തോൽപ്പിച്ചു കൊണ്ടാണ് ജില്ലാ പോലീസിനോടുള്ള തങ്ങളുടെ അവസാന മത്സര ഫലത്തിന് യാതൊരു പ്രസക്തിയും ബാക്കിയാക്കാതെ ഗ്രൂപ്പ്  ജേതാക്കളായിരിക്കുന്നത്. തിരൂരിൽ നിന്നുള്ള പൂൾ ജേതാക്കളായ മുൻ സന്തോഷ് ട്രോഫി കേരളാ കോച്ച് പീതാംബരൻ പരിശീലിപ്പിക്കുന്ന ശക്തരായ സ്പോർട്സ് അക്കാദമി തിരൂരി(SAT) നെയാണ് ഡി. ഡിവിഷൻ ജേതാക്കളെ നിശ്ചയിക്കുന്ന ഫൈനൽ മത്സരത്തിൽ നെഹ്റു യൂത്ത് ക്ലബ്ബ് നേരിടുക.

തിരൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ  ഈ മാസം അവസാനവാരമായിരിക്കും മത്സരം. പ്രസ്തുത മത്സര വിജയികൾ അടുത്ത വർഷം മലപ്പുറം ജില്ലാ സി.ഡിവിഷൻ മത്സരങ്ങൾക്ക് യോഗ്യത നേടും….

ഇന്ത്യൻതാരംഅനസ്എടത്തൊടിക, ഇന്ത്യൻ റയിൽവേ ഗോൾകീപ്പർ ജസീർ മുഹമ്മദ്, ഇന്ത്യൻ എയർഫോസിലെ വി. നൗഫൽ, യൂണിവേഴ്സിറ്റി താരങ്ങളായിരുന്ന നവാസ് ലൂക്ക, കെ. ഹുസൈൻ, സ്റ്റേറ്റ് ജൂണിയർ തരം ടി. അബ്ദുൽ റഹീം. കേരളാലക്ഷദ്വീപ് എൻ‌. സി. സി. ഫുട്ബോൾ താരം കെ.അബ്ദുൽ ഹക്കീം, സി.ടി അജ്മൽ, പി. അബ്ദുൽ ജലീൽ, പി. മുഹ്സിൻ തുടങ്ങി നിരവധി ജില്ലാ താരങ്ങളെയും സംഭാവന ചെയ്ത മലപ്പുറം ജില്ലയിലെ പ്രമുഖ ക്ലബ്ബാണ് അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ്.

1976 ലാണ് ക്ലബ്ബ് രൂപീകൃതമായത് അന്ന് മുതൽ ജില്ലാ വോളിബോൾ അസോസിയേഷനിലും നെഹ്റു യുവ കേന്ദ്രയിലും, 1996 മുതൽ മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്നിലും അഫിലിയേറ്റ് ചെയ്യപ്പെട്ട ക്ലബ്ബാണ് നെഹ്റു യൂത്ത് ക്ലബ്ബ് . പതിനഞ്ച് വർഷത്തോളമായി  നെഹ്റു യൂത്ത് ക്ലബ്ബിന്റെ ഫുട്ബോൾ ടീം അനസ് എടത്തൊടികയുടെയും സി. ജസീർ മുഹമ്മദിന്റെയുമെല്ലാം ആദ്യകാല പരിശീലകനും നെഹ്റു യൂത്ത് ക്ലബ്ബിന്റെ തന്നെ മുൻ കളിക്കാരനുമായിരുന്ന അജ്മൽ. സി.ടി യുടെ ശിക്ഷണത്തിലാണ് ജില്ലാ ലീഗ് ടൂർണ്ണമെൻറുകൾ കളിച്ചു വരുന്നത്.