തിരിച്ചു വരവിൽ നേട്ടങ്ങൾ കൊയ്ത്‌ കോവളം എഫ്‌.സി, സോഷ്യൽ മീഡിയക്കും പ്രിയം ഈ പോരാളികളെ

- Advertisement -

എബിൻ റോസ്‌ എന്ന ഒറ്റയാന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട കോവളം എഫ്‌.സി തങ്ങളെ എഴുതി തള്ളിയവർക്ക്‌ ശക്തമായ മറുപടി പുതിയ നേട്ടങ്ങളിലൂടെ കൊടുത്തിരിക്കുകയാണു.

ആദ്യമായി ഓൾ ഇന്ത്യ ഫൂട്ബോൾ അസ്സോസിയേഷന്റെ അക്കാദമി അക്രെഡിഷൻ നേടിയ കേരള ടീമായ കോവളം യൂത്ത്‌ ഐ-ലീഗിൽ കളിക്കാൻ കേരളത്തിൽ നിന്നും യോഗ്യത നേടിയ ആദ്യ ടീമായിരുന്നു, 2015ൽ നടന്ന യൂത്ത്‌ ഐ-ലീഗിൽ ബെങ്കളുരു എഫ്‌.സിയടക്കമുള്ള കരുത്തരായ ടീമുകളോട്‌ പൊരുതി മൂന്നാം സ്ഥാനം നേടിയ കോവളത്തിനു കഴിഞ്ഞ വർഷം നടന്ന യൂത്ത്‌ ഐ-ലീഗ്‌ കേരള സോൺ പരാജയങ്ങളുടെ ടൂർണമെന്റായിരുന്നു, 6 മൽസരങ്ങളിൽ 5ലും പരാജയമേറ്റു വാങ്ങി ഒരു സമനില മാത്രം നേടി അവസാന സ്ഥാനക്കാരായി മാറിയപ്പോൾ വിമർശനത്തിന്റെ അസ്ത്രങ്ങൾ പല ഭാഗത്ത്‌ നിന്നും വന്നു, കോവളത്തിന്റെ പരിശീലന രീതിക്കെതിരേയും വിമർശനങ്ങൾ വന്നെങ്കിലും പരിക്കും, പല കാരണങ്ങളാൽ പ്രമുഖ താരങ്ങൾക്ക്‌ ടീമിനൊപ്പം ചേരാൻ കഴിയാതെ പോയതുമായിരുന്നു ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണങ്ങൾ.

പിന്നീട്‌ നടന്ന അണ്ടർ 12,14 അകാദമി ലീഗുകളിൽ മിന്നും പ്രകടനമാണു കോവളത്തിന്റെ കുട്ടിപട്ടാളങ്ങൾ നടത്തിയത്‌ എന്നാൽ കോവളത്തിന്റെ യഥാർത്ഥ തിരിച്ചു വരവ്‌ കണ്ടത്‌ മദ്ധ്യപ്രദേശിൽ വെച്ചു ഈയിടെ നടന്ന ഇൻ വിറ്റേഷണൽ ടൂർണമെന്റുകളിലായിരുന്നു, ബെനിസ്റ്റണിന്റെ ഗോളടി മികവും മറ്റു താരങ്ങളുടെ മികവും മുന്നിൽ നിന്നു നയിച്ച കോവളം എഫ്‌.സിയുടെ പടയോട്ടം ടീം വർക്കിന്റെ യഥാർത്ഥ വിജയമായിരുന്നു, തങ്ങളെ എഴുതി തള്ളിയവർക്ക്‌ സീനിയർ ടീമിന്റെ മികച്ച പ്രകടനത്തിലൂടെ ശക്തമായ മറുപടി കൊടുക്കുകയായിരുന്നു കോവളം. ഗോവ,കൊൽകത്ത,ഹിമാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ നിന്നുള്ള കരുത്തരായ ടീമുകളെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടു ടൂർണമെന്റുകളിൽ കിരീടം നേടി കോവളം കേരളത്തിന്റെ അഭിമാനമായി മാറി.

ഒന്നുമ്മില്ലായ്മയിൽ നിന്നും പരിമിതികളോട്‌ പൊരുതി നേട്ടങ്ങൾ കൊയ്യുന്ന കോവളം കേരളത്തിലെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും പ്രിയങ്കരന്മാരാണു , 2015ൽ ക്രൗഡ്‌ ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച്‌ ‘ജസ്റ്റ്‌ ഫൂട്ബോൾ’ എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ യൂത്ത്‌ ഐ-ലീഗിൽ പങ്കെടുക്കാൻ സാമ്പത്തിക സഹായം നൽകിയിരുന്നു, മാഞ്ചസ്റ്റർ സിറ്റി ഫൂട്ബോൾ ക്ലബിന്റെ അംഗീകൃത ഫാൻ ക്ലബായ ‘സിറ്റിസൺസ്‌ കേരള’ കോവളം എഫ്‌.സിയുടെ അണ്ടർ 12 ടീമിനു ജേർസ്സി സ്പോൺസർ ചെയ്തിരുന്നു,  ഈയടുത്തിടെ ‘റോയൽ സ്പോർട്സ്‌ അരീന’ എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ കോവളം എഫ്‌.സിക്ക്‌ ഒരു എൽ.സി.ഡി പ്രൊജക്ടർ സമ്മാനമായി കൊടുത്തിരുന്നു.

Advertisement