കെ എഫ് എ അവാർഡ്; പി ഉസ്മാൻ കേരളത്തിന്റെ മികച്ച കളിക്കാരൻ

കേരള ഫുട്ബോൾ അസോസിയേഷൻ ഈ വർഷത്തെ മികച്ച സീനിയർ താരത്തിനുള്ള പുരസ്കാര ജേതാവായി ഉസ്മാൻ പിയെ തിരഞ്ഞെടുത്തു. കേരള ഫുട്ബോൾ ടീമിനു വേണ്ടിയും എസ് ബി ഐക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ഉസ്മാനെ ഈ നേട്ടത്തിന് അർഹനാക്കിയത്.

സന്തോഷ് ട്രോഫിയിൽ കേരളത്തെ കിരീടത്തിനടുത്ത് വരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ക്യാപ്റ്റൻ കൂടിയായ ഉസ്മാനായിരുന്നു. തൃക്കരിപ്പൂരിൽ നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലത്തെ പരാജയപ്പെടുത്തി എസ് ബി ഐയെ ചാമ്പ്യന്മാരാക്കുന്നതിലും ഉസ്മാന്റെ പങ്കു വലുതായിരുന്നു. ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടു ഹാട്രിക്കുകളടക്കം നാലു കളികളിൽ നിന്ന് ഏഴു ഗോളുകളാണ് ഉസ്മാൻ എസ് ബി ഐക്കു വേണ്ടി അടിച്ചു കൂട്ടിയത്.

കഴിഞ്ഞ ആഴ്ച മലപ്പുറം ഫുട്ബോൾ അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്കാരവും ഈ കേരള ക്യാപ്റ്റനു ലഭിച്ചിരുന്നു. കേരള പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ഉസ്മാൻ ഇപ്പോൾ പരിക്കിൽ നിന്ന് മോചിതനായി വരികയാണ്. ഈ മാസം 26ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ഉസ്മാനു സമ്മാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial