കേരളാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, സാറ്റിന് എഫ് സി തൃശ്ശൂരിന്റെ വെല്ലുവിളി

മാറ്റങ്ങളുമായി എത്തിയ കേരള പ്രീമിയർ ലീഗ് ഫുട്ബോളിന് ഇന്ന് തിരൂരിൽ തുടക്കമാകും. ഇന്ന് വൈകിട്ട് നാലു മണിക്കു നടക്കുന്ന മത്സരത്തിൽ സ്പോർട്സ് അക്കാദമി തിരൂർ എഫ് സി തൃശ്ശൂരിനെ നേരിടും. ആദ്യ ഹോം മത്സരം തന്നെ ജയിച്ച് തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് സാറ്റ്. തൃക്കരിപ്പൂരിൽ നടന്ന ക്ലബ് ഫുട്ബോളിൽ നടത്തിയ മികച്ച പ്രകടനമാണ് സാറ്റിന് ആത്മവിശ്വാസം നൽകുന്നത്.

ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ വരെ എത്തിയിരുന്നു സാറ്റ്. സാറ്റിനെ നയിക്കുന്നത് അവരുടെ പഴയ അക്കാദമി താരവും ഇപ്പോൾ സർവീസിന്റെ സ്ട്രൈക്കറായി മികച്ച പ്രകടനം നടത്തുന്ന ഇർഷാദാണ്. കൂട്ടിന് റിഷാദിനെ പോലെ നിരവധി ദേശീയ താരങ്ങളും ഈ മലപ്പുറം ഡി ഡിവിഷൻ ചാമ്പ്യന്മാർക്കുണ്ട്. പീതാംബരൻ സാറാണ് സാറ്റിന്റെ പരിശീലകൻ.

മറുവശത്ത് എഫ് സി തൃശ്ശൂർ എഫ് സി കേരളയുടെ ആദ്യ പതിപ്പായിരുന്നു. എഫ് സി കേരള വന്നതോടു കൂടി തങ്ങളുടെ മാറ്റു കുറഞ്ഞു പോയി എന്നുള്ള പരാതിക്ക് പരിഹാരം കാണുകയാകും എഫ് സി തൃശ്ശൂരിന്റെ ഇന്നത്തെ ലക്ഷ്യം. കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ നാലു മത്സരങ്ങളും എവേ മത്സരങ്ങളാണ് എന്നതാണ് എഫ് സി തൃശ്ശൂരിനെ ഇപ്പോൾ വിഷമത്തിലാക്കുന്നത്. ചില സാങ്കേതിക പിഴവുകൾ സംഭവിച്ച പ്രീമിയർ ലീഗിന്റെ ഫിക്സ്ചറിലെ പ്രശ്നങ്ങൾ പരിഹരിച്ച പുതിയ ഫിക്സ്ചർ ഇറക്കുമെന്ന് കെ എഫ് എ അറിയിച്ചിരുന്നു.