ജിഷ്ണു ബാലകൃഷ്ണൻ ഗോകുലം എഫ് സിയിൽ എത്തി, വിദേശതാരം ഈ ആഴ്ച എത്തും

- Advertisement -

അഭ്യൂഹങ്ങൾക്കൊടുവിൽ ജിഷ്ണു ബാലകൃഷ്ണൻ ഗോകുലം എഫ് സിയിൽ എത്തി. കേരള സന്തോഷ് ട്രോഫി താരമായ ജിഷ്ണു ബാലകൃഷ്ണനുമായി കഴിഞ്ഞ ദിവസമാണ് ഗോകുലം എഫ് സി കരാർ ഒപ്പിട്ടത്. കേരളത്തിന്റെ പ്രതീക്ഷയായി മാറുന്ന ഗോകുലം എഫ് സി ശക്തമായ ടീമിനെ തന്നെയാണ് ഒരുക്കുന്നത്.

എം എസ് പിയുടെ താരമായിരുന്ന ജിഷ്ണു ബാലകൃഷ്ണൻ മധ്യനിരയിൽ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിനു വേണ്ടി കാഴ്ചവെച്ചത്. ഗോവയിൽ അടുത്ത മാസം നടക്കാൻ പോകുന്ന സന്തോഷ് ട്രോഫി ഫൈനലിലും കേരളത്തിന്റെ പ്രധാന പ്രതീക്ഷകളിൽ ഒന്നു ജിഷ്ണുവാണ്. കഴിഞ്ഞ ദിവസം കോച്ച് ബിനോ ജോർജ്ജിന്റേയും മാനേജർ വിശ്വകുമാറിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു ജിഷ്ണു കരാറിൽ ഒപ്പു വെച്ചത്.

കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തി വരുന്ന ഗോകുലം എഫ് സി ടീമിലേക്ക് വിദേശ താരങ്ങൾ ഈ ആഴ്ച തന്നെ എത്തിയേക്കും. ബർദേഴ്സ് എഫ് സി താരം മൈറൺ മെൻഡെസ് ഇന്ന് മലപ്പുറത്തെത്തി. ഫുൾബാക്കായ മെൻഡസ് മുൻ ഇന്ത്യൻ ജൂനിയർ ടീം താരമാണ്. മധ്യ നിരയിലും പ്രതിരോധ നിരയിലും ഒരേപോലെ തിളങ്ങാൻ കഴിവുള്ള താരമാണ്. നാളെ മുതൽ തന്നെ മെൻഡസ് ടീമിനു കൂടെ പരിശീലനം തുടങ്ങും.

Advertisement