ഗോകുലം എഫ് സിയുടെ അരങ്ങേറ്റം മാർച്ച് രണ്ടിന്

- Advertisement -

കേരളത്തിന്റെ എല്ലാ പ്രൊഫഷണൽ ഫുട്ബോൾ സ്വപ്നങ്ങളും നെഞ്ചിലേറ്റിക്കൊണ്ടുള്ള ഗോകുലം എഫ് സിയുടെ യാത്ര മാർച്ച് രണ്ടു മുതൽ ആരംഭിക്കും. ഗോകുലം എഫ് സിയുടെ ഫുട്ബോൾ മൈതാനത്തെ അരങ്ങേറ്റം നടക്കാൻ പോകുന്നത് ഒഡീഷയിലാണ്. ഒഡീഷയിൽ നടക്കുന്ന പതിമൂന്നാമത് ബിജു പട്നായിക് മെമ്മോറിയൽ ടൂർണമെന്റിലാണ് ഗോകുലം എഫ് സി ഇറങ്ങുന്നത്.

ഒറീസയിലെ റൂർക്കല ഐ എസ് പി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഗോകുലം എഫ് സി അടക്കം പത്തു ടീമുകളാണ് പങ്കെടുക്കുന്നത്. മാർച്ച് രണ്ടിനാണ് ഗോകുലം എഫ് സിയുടെ മത്സരം. ലക്നൗ ക്ലബായ ഗോമതി നഗറും കട്ടക്ക് ക്ലബായ എഫ് എ ഒ ഇലവനും തമ്മിലുള്ള മത്സരത്തിലെ വിജയികളാകും ഗോകുലം എഫ് സിയുടെ ആദ്യ മത്സരത്തിലെ എതിരാളികൾ. ജയിച്ചാൽ ഗോകുലം എഫ് സിക്ക് ടൂർണമെന്റിന്റെ സെമിയിലേക്ക് കടക്കാം. മാർച്ച് നാലിനാണ് സെമിഫൈനൽ.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഒരു മാസമായി പരിശീലനം നടത്തി വരുന്ന ഗോകുലം ക്ലബ് ഒരാഴ്ച്ചയായി ചെന്നൈയിൽ പരിശീലനത്തിലായിരുന്നു. ഒഡീഷയിൽ അരങ്ങേറ്റം ഗോകുലം ആഘോഷമാക്കി മാറ്റുമെന്ന വിശ്വാസത്തിലാണ് കേരള ഫുട്ബോൾ പ്രേമികൾ.

Advertisement