ഗോകുലം എഫ് സിയുടെ സീസൺ ഗോവയിൽ തുടങ്ങും

- Advertisement -

ഗോകുലം എഫ് സിയുടെ പുതിയ സീസൺ ഗോവയിൽ തുടങ്ങും. ഗോവയിൽ സെപ്റ്റംബർ ആദ്യ വാരം നടക്കുന്ന പ്രഥമ AWES കപ്പിൽ പങ്കെടുത്തു കൊണ്ടാകും പുതിയ സീസണ് ബിനോ ജോർജ്ജും സംഘവും തുടക്കം കുറിക്കുക. AWES എന്ന ഫുട്ബോൾ സ്നേഹികളുടെ സംഘടനയും ഗോവൻ ഫുട്ബോൾ അസോസിയേഷനും ഡെംപോ എഫ് സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്താൻ പോകുന്നത്. ഗോകുലം എഫ് സി ഉൾപ്പെടെ 12 വൻ ക്ലബുകളാണ് ടൂർണമെന്റിനായി എത്തുന്നത്.

ഗോവയുടെ ഐ എസ് എൽ ക്ലബായ എഫ് സി ഗോവ, ഐ ലീഗിൽ ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള ക്ലബായ ഡെംപോ എഫ്, സാൽഗോക്കർ, സ്പോർടിംഗ് ഗോവ, ബർദേസ് എഫ് സി, വാസ്കോ ഗോവ, കലംഗൂട് ഫുട്ബോൾ അസോസിയേഷൻ എന്നീ മികച്ച ക്ലബുകളും ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. ഒപ്പം മുൻ ഐ ലീഗ് ക്ലബായ ഒ എൻ ജി സിയും ഉണ്ട് ടൂർണമെന്റിന്.

3 ടീമുകളെ 4 ഗ്രൂപ്പുകളിലായി തിരിച്ചാകും ടൂർണമെന്റ് നടക്കുക. സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കുന്ന ടൂർണമെന്റിന് ഡുലർ ഫുട്ബോൾ സ്റ്റേഡിയം വേദിയാകും.

കഴിഞ്ഞ സീസണിൽ നിലവിൽ വന്ന ക്ലബാണ് ഗോകുലം എഫ് സി. ഗോകുലം എഫ് സി ഇതുവരെ‌ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വലിയ ടൂർണമെന്റാകും ഇത്. കഴിഞ്ഞ വർഷം ഒഡീഷ്യയിൽ വെച്ച് നടന്ന ബിജു പട്നായിക് ട്രോഫി ആയിരുന്നു ഗോകുലത്തിന്റെ ഇതിനു മുമ്പുള്ള കേരളത്തിനു പുറത്തുള്ള ടൂർണമെന്റ്. അവിടെ കിരീടം നേടിയ ഗോകുലം പിന്നീട് കേരള ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്തിയിരുന്നു. പുതിയ സീസണിലും ആ പ്രകടനങ്ങൾ ആവർത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാകും ഗോകുലം ഗോവയിലേക്ക് തിരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement