സെമിയും കടന്നു, ആദ്യ ടൂർണമെന്റിൽ തന്നെ ഗോകുലം എഫ് സി ഫൈനലിൽ

- Advertisement -

ഒഡീഷയിൽ  ഗോകുലം എഫ് സി കുതിക്കുകയാണ്. തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യ ടൂർണമെന്റായ പതിമൂന്നാമത് ബിജു പട്നായിക് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഗോകുലം എഫ് സി സെമിയും കടന്ന് കപ്പിനു ഒരു ചുവട് മാത്രം അകലെ എത്തി. സെമിഫൈനലിൽ ശക്തരായ എസ് എഫ് എ  സംഭാൽപൂരിനെ പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

മുൻ നിരയിൽ മാറ്റങ്ങളുമായായിരുന്നു ഗോകുലം എഫ് സി ഇന്നിറങ്ങിയത്. ആരിഫും ഗോവൻ താരം ഫ്രാങ്ക്ളിനും സിയാദുമായിരുന്നു ആക്രമണ നിരയിൽ ഇന്ന് സംഭാൽപ്പൂരിനെതിരെ ഗോകുലത്തിനു വേണ്ടി ഇറങ്ങിയത്. ആരിഫിലൂടെയായിരുന്നു ഗോകുലം എഫ് സിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലൈബീരിയൻ താരം ടോട്ടോയുടെ പാസിൽ നിന്ന് മറ്റൊരു സബ്സ്റ്റിറ്റ്യൂഷനായ ബിജേഷ് ബാലനാണ് ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്. അഫ്ഗാൻ താരം ബദറും പകരക്കാരനായി ഇന്ന് ഗോകുലത്തിന് ഇറങ്ങിയിരുന്നു.

മണിപ്പൂർ താരങ്ങളുമായി ഇറങ്ങിയ കരുത്തരായ സാംഭൽപ്പൂരിനെതിരെ വെറും രണ്ടാം മത്സരമായിട്ടും മികച്ച പ്രകടനമാണ് ഗോകുലം താരങ്ങൾ പുറത്തെടുത്തത്. നാളെ റബ്ബാനി നാഗ്പൂരുമായാണ് ഗോകുലം എഫ് സിയുടെ ഫൈനൽ. നേരത്തെ ക്വാർട്ടറിൽ എഫ് എ ഒ കട്ടക്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോകുലം പരാജയപ്പെടുത്തിയിരുന്നു. പ്രിതം സർക്കാറായിരുന്നു അന്ന് ഇരട്ടഗോളുമായി ഗോകുലത്തിനു വേണ്ടി തിളങ്ങിയത്.

Advertisement