അഫ്ഗാനിൽ നിന്നും ബദർ, കേരളത്തിൻറെ സുശാന്ത് മാത്യൂ; ഗോകുലം എഫ് സി പടയൊരുക്കുന്നു

ഗോകുലം എഫ് സി അവരുടെ പടയൊരുക്കം തുടങ്ങിയിരിക്കുന്നു. ക്ലബിന്റെ ആദ്യ ക്യാമ്പ് മലപ്പുറത്തു തുടങ്ങുന്നതിനു മുന്നോടിയായി ക്ലബിലേക്ക് വൻ താരനിരയെ തന്നെ കൊണ്ടു വരാൻ ഗോകുലം എഫ് സി തുടങ്ങിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മുൻതാരമായ സുശാന്ത് മാത്യൂ, അഫ്ഗാനിൽ നിന്നുള്ള യുവതാരം ബദർ, സന്തോഷ് ട്രോഫി താരങ്ങളായ നൗഷാദ് ബാപ്പു, അനന്തു മുരളി, ജിഷ്ണു ബാലകൃഷ്ണൻ തുടങ്ങി നിരവധി വൻതാരങ്ങളാണ് ഗോകുലം എഫ് സിയുടെ ഭാഗമാകാൻ പോകുന്നത്.

മൂന്നു വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഗോകുലം എഫ് സിയുടെ ആദ്യ ഇറക്കുമതി ആകുന്നത് അഫ്ഗാൻ യുവതാരം ബദർ ആണ്. അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമാണ് ഈ യുവതാരം. ബദർ അടുത്ത ദിവസം തന്നെ കേരളത്തിലെത്തും. സെന്റർ ഫോർവേഡ് ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് ഗോകുലം എഫ് സി റാഞ്ചിയത്. ഇരുപത്തിയൊന്നുകാരനായ ബദർ കേരള മണ്ണിലും തിളങ്ങുമെന്നു തന്നെയാണ് ഗോകുലം എഫ് സി പ്രതീക്ഷിക്കുന്നത്.

സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ബൂട്ടു കെട്ടിയ ജിഷ്ണു ബാലകൃഷ്ണനാണ് ഗോകുലം എഫ് സിയിലേക്ക് ആദ്യം എത്തിയിരിക്കുന്നത്. ഇന്നലെ ജിഷ്ണു ബാലകൃഷ്ണൻ ഗോകുലവുമായി കരാറൊപ്പിട്ടു എന്നാണ് അറിയുന്നത്. എൻ എസ് എസ് കോളേജിന്റെ താരമാണ് ഈ മധ്യനിരക്കാരൻ.

സുശാന്ത് മാത്യുവിനെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിരിക്കുകയാണ്. ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ തുടങ്ങി നിരവധി വലിയ ക്ലബുകൾക്കു കളിച്ച സുശാന്ത് മാത്യുവിന്റെ പരിചയസമ്പത്തിനു കീഴിൽ ഒരു യുവനിരയെ അണിനിരത്താനാണ് ഗോകുലം എഫ് സി ശ്രമിക്കുന്നത്. സന്തോഷ് ട്രോഫി താരങ്ങളായ പ്രതിരോധ നിരക്കാരൻ നൗഷാദ് ബാപ്പുവും അറ്റാക്കിങ്ങ് മിഡ്ഫീൽഡർ അനന്തു മുരളിയും ദിവസങ്ങൾക്കകം ടീമിന്റെ ഭാഗമാകും.

മാനേജർ ബിനോ ജോർജ്ജും അസിസ്റ്റന്റ് മാനേജർ ഷാജിറുദ്ദീനും കേരളത്തിലെ യുവതാരങ്ങളേയും ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ട്. മുൻ യുണൈറ്റഡ് എഫ് സി താരങ്ങളായ റാഷിദ്, ജിയാദ് തുടങ്ങിയവരും ടീമിന്റെ ഭാഗമായേക്കും. ഈ‌ മാസം അവസാനത്തോടെ മലപ്പുറത്ത് ഗോകുലം എഫ് സിയുടെ ക്യാമ്പ് തുടങ്ങും.