ഗോകുലം എഫ് സി ഇന്നിറങ്ങുന്നു, സുഷാന്ത് മാത്യു നയിക്കും

- Advertisement -

ഗോകുലം എഫ് സി അവരുടെ കരിയറിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. പതിമൂന്നാമത് ബിജു പട്നായിക് ടൂർണമെന്റിലാണ് കേരളത്തിന്റെ ഏറ്റവും പുതിയ പ്രൊഫഷണൽ ക്ലബായ ഗോകുലം പന്തു തട്ടി തുടങ്ങാൻ പോകുന്നത്. കട്ടക്കിൽ നിന്നുള്ള എഫ് എ ഒ ഇലവനാണ് ഗോകുലം എഫ് സിയുടെ ആദ്യ എതിരാളികൾ.

ലക്നൗ ക്ലബായ ഗോമതി നഗർ ക്ലബിനെ പരാജയപ്പെടുത്തിയാണ് എഫ് എ ഒ വരുന്നത്. വിജയിച്ചാൽ ഗോകുലം എഫ് സിക്ക് ടൂർണമെന്റിന്റെ സെമിയിലേക്കു കടക്കാം. മാർച്ച് നാലിനാണ് സെമി. ഒറീസയിലെ റോർക്കല ഇസ്പാറ്റ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടി മടങ്ങുകയാകും കോച്ച് ബിനോ ജോർജ്ജിന്റേയും കളിക്കാരുടേയും ലക്ഷ്യം.

പതിനാറംഗ ടീമാണ് ഒറീസ്സയിൽ എത്തിയിരിക്കുന്നത്. ടീമിനെ നയിക്കുക പരിചയസമ്പന്നനായ കേരളത്തിന്റെ സ്വന്തം താരം സുഷാന്ത് മാത്യു ആകും. വിദേശികളായ ബദർ മുൻനിരയിലും ബെല്ലോ റസാക് പ്രതിരോധനിരയിലും ഇന്ന് അണിനിരക്കും. അഫ്ഗാൻ താരമായ ബദറിന്റെ അരങ്ങേറ്റം തന്നെയാകും ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

ടീം: ബദർ, ബിജേഷ് ബാലൻ, മുഹമ്മദ് റാഷിദ്, മിർഷാദ്, അർജുൻ, ഷിഹാദ്, പ്രിതം, ഫ്രാൻസിസ്, വിവേക് ഗുലാതി, സുഷാന്ത് മാത്യു(ക്യാപ്റ്റൻ), ദിബിൻ, ഇനാസ്, ബെല്ലോ റസാക്, ശജീർ, മൈറൺ, ആരിഫ്

Advertisement