
കേരള ഫുട്ബോളിന്റെ തലവര മാറില്ല. എല്ലാം പഴയ കഥ തന്നെ. കേരളത്തിന്റെ ഫുട്ബോൾ പ്രതീക്ഷകളെ ഉണർത്തിയ ഗോകുലം എഫ് സി എന്ന ക്ലബിന് പരിശീലനം തുടങ്ങി ആദ്യ ആഴ്ച തന്നെ തിരിച്ചടികൾ തുടങ്ങിയിരിക്കുന്നു. പരിശീലനം നടത്തുന്ന കോട്ടപ്പടി സ്റ്റേഡിയത്തിന്റെ വൻ വാടകയാണ് ഗോകുലം എഫ് സിയെ മലപ്പുറം വിടാൻ ചിന്തിപ്പിക്കുന്നത്.
കേരള ഫുട്ബോളിന്റെ പറുദീസ ആയ മലപ്പുറം ഗോകുലം ഫുട്ബോൾ ക്ലബ് തിരഞ്ഞെടുത്തത് മലപ്പുറത്തെ ഫുട്ബോൾ പ്രേമികളെയൊക്കെ ആവേശത്തിലാക്കിയിരുന്നു. കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനവും പയ്യനാട് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കാനുമായിരുന്നു ഗോകുലം എഫ് സിയുടെ തീരുമാനം. ഒരു ലക്ഷത്തോളം രൂപ മുൻകൂറായി അടച്ച് പരിശീലനം ആരംഭിച്ച ഗോകുലം എഫ് സി പക്ഷെ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തിൽ തൃപ്തരല്ല. ദിവസം 3250 രൂപ വാടകയാണ് പരിശീലനത്തിന് ഗോകുലം എഫ് സിക്ക് നൽകേണ്ടി വരുന്നത്. കച്ചവടകണ്ണു മാറ്റാൻ തയ്യാറാവാത്ത ജില്ലാ സ്പോർട്സ് കൗൺസിലിനോടുള്ള പ്രതിഷേധം കൂടിയാകും ഗോകുലത്തിന്റെ മലപ്പുറം വിടൽ. സ്റ്റേഡിയത്തിന്റെ പരിപാലനത്തിന് ഭീമമായ തുക ആവശ്യമുള്ളതു കൊണ്ടാണ് വാടക ഇത്ര എന്നാണ് ജില്ലാ കൗൺസിലിന്റെ ന്യായം.
നിലവിൽ രണ്ടു മാസത്തേക്കു കൂടെ പരിശീലിപ്പിക്കാനുള്ള തുക അടച്ചതു കൊണ്ടു ആ കാലയളവു വരെ ഗോകുലം എഫ് സി കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം തുടരും. അതിനു ശേഷം വടകരയിൽ ഗോകുലം സ്കൂൾ ഗ്രൗണ്ടിലേക്ക് പരിശീലനം മാറ്റാൻ ആണ് അവർ ആലോചിക്കുന്നത്. സംസ്ഥാന സർക്കാറും സ്പോർട്സ് കൗൺസിലും ഈ പ്രശ്നത്തിൽ ഇടപെട്ടാൽ മാത്രമേ കേരളത്തിന്റെ പുതിയ ക്ലബ് മലപ്പുറത്ത് തുടരുന്നത് നമുക്ക് കാണാൻ പറ്റൂ.