ഗോകുലം എഫ്‌ സിയുടെ ലക്ഷ്യം കേരള ഫുട്ബോളിന്റെ മുന്നേറ്റം : ബിനോ ജോർജ്‌

ഗോകുലം എഫ്‌.സിയുമായി ബന്ധപെട്ട അഞ്ചോളം താരങ്ങൾ ഈസ്റ്റ്‌ ബംഗാളിലേക്കും ബ്ലാസ്റ്റേഴ്സിലേക്കും പോകുന്നത്‌ ഗോകുലം എഫ്‌ സിയെ ബാധിക്കില്ലേ എന്ന ചോദ്യത്തിനു കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറുപടിയാണു ഗോകുലം എഫ്‌.സി ഹെഡ്‌ കോച്ച്‌ ബിനോ​ ജോർജ്‌ നൽകിയത്‌ :

“കഴിവു തെളിയിച്ച ഗോകുലം എഫ്‌ സി താരങ്ങൾ മറ്റു ടീമുകളാൽ ആകർഷിക്കപ്പെട്ടത്‌ വളരെ ആവേശവും അഭിമാനവും നൽകുന്നതാണു, കൂടുതൽ കേരള താരങ്ങൾക്ക്‌ ദേശീയ ലീഗുകളിൽ അവസരം കിട്ടുന്നത്‌ തന്നെയാണു ഏറ്റവും വലിയ കാര്യം. വർഷങ്ങളായി ദേശീയ ലീഗുകളിൽ പ്രാതിനിധ്യം ഇല്ലാത്തതു കേരള ഫുട്ബോളിന്റെ വളർച്ചയെ സാരമായി ബാധിച്ചു, ഒരു കാലത്ത്‌ ഇന്ത്യൻ ഫുട്ബോളിന്റെ നട്ടെല്ലായിരുന്നു കേരള താരങ്ങൾ എന്നാൽ ഇന്നത്‌ അങ്ങനെയല്ല നമ്മൾ ഒരുപാട്‌ പുറകോട്ടു പോയി. ക്ലബ്‌ വിട്ടു പോയ താരങ്ങൾക്ക്‌ പകരം കേരളത്തിൽ ലഭ്യമായ മികച്ച താരങ്ങളെ ടീമിലെത്തിക്കും, അതു തന്നെയാണു ഗോകുലം എഫ്‌ സിയുടെ ലക്ഷ്യം. ഒരു വിനീതിലും റിനോയിലും അനസിലും മാത്രം ഒതുങ്ങി നിക്കുന്ന മികവ്‌ അല്ല കേരള ഫുട്ബോളിനുള്ളത്‌ അവസങ്ങളുടെ പരിമിധി മാത്രമാണു വിലങ്ങു തടിയാകുന്നത്‌ അവിടെയാണു ഗോകുലം എഫ്‌.സിയുടെ പ്രസക്തിയും, കൂടുതൽ താരങ്ങൾക്ക്‌ അവസരം എന്ന ചോദ്യത്തിനു ഉത്തരവും.

എല്ലാ ടീമുകളും അവരുടെ സംസ്ഥാനത്തിൽ നിന്നുള്ള താരങ്ങൾക്ക്‌ പരമാവധി അവസരം കൊടുക്കുമ്പോൾ നമുക്ക്‌ ടീമുകളേയില്ലായിരുന്നു, ഇപ്പോൾ നമുക്ക് ഒരു ടീമുണ്ട്‌ ഈ ടീം മുന്നോട്ട്‌ വെക്കുന്ന നിലപാട്‌ എന്നത്‌ പ്രാദേശിക ഫുട്ബോൾ വികസനം തന്നെയാകും. ഡയറക്റ്റ്‌ എന്റ്രി വഴി ഐ-ലീഗിൽ പ്രവേശിക്കുമ്പോൾ 3 വർഷത്തേക്ക്‌ റിലഗേഷൻ ഇല്ലാ എന്നത്‌ ഒരുപാട്‌ താരങ്ങളെ പരീക്ഷിക്കാനും അവസരം കൊടുക്കാനും ഫലപ്രദമായി ഉപയോഗിക്കാം. ക്ലബ്‌ എന്ന നിലയിൽ കേരള ഫുട്ബോളിന്റെ മുന്നേറ്റത്തിന്റെ നേതൃത്വം ഞങ്ങൾ ഏറ്റെടുക്കുമ്പോൾ ഞങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത്‌ ആരാധകരുടെ പിന്തുണയാണ്. ഫുട്ബോളിന്റെ നല്ല നാളേയ്ക്കായി ആരാധകരും ഞങ്ങൾക്കൊപ്പം അണി ചേരുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു” ബിനോ ജോർജ്‌ കൂട്ടി ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial