വയനാട്ടിൽ ഫൂട്ബോൾ വിപ്ലവത്തിനു ചുക്കാൻ പിടിക്കാൻ വയനാട്‌ എഫ്‌ സിയും അൽ എത്തിഹാദ്‌ അക്കാദമിയും

- Advertisement -

ഫൂട്ബോൾ ഭ്രാന്തന്മാരുടെ ആസ്ഥാനമായ മലബാറിൽ ഒരു പക്ഷേ മറ്റു മലബാർ ജില്ലകളോളം കിടപിടിക്കാവുന്ന നേട്ടങ്ങൾ ഒന്നും നേടാൻ കഴിയാതെ പോയ ജില്ലയാണു വയനാട്‌. എന്നാൽ വയനാട്‌ ഇപ്പോൾ ഒരു ഫൂട്ബോൾ വിപ്ലവത്തിനു സാക്ഷ്യം വഹിക്കാൻ പോവുകയാണു അതിനു നേതൃത്വം വഹിക്കാൻ പോകുന്നതു വയനാട്‌ എഫ്‌ സിയും.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പേരെടുത്ത വയനാട്‌ എഫ്‌ സി മുൻ വർഷം നടന്ന വനിതാ കെ.പി.എല്ലിൽ കിരീടം നേടിയിരുന്നു. ഗ്രാസ്‌ റൂട്ട്‌ ഡെവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വയനാട്‌ സ്വന്തമായി ഫൂട്ബോൾ കരിക്കുലം വിഭാവനം ചെയ്തിട്ടുണ്ട്‌.

എം.വി ശ്രേയാംസ്‌ കുമാർ ചെയർമാനായുള്ള വയനാട്‌ എഫ്‌ സിയും മലയാളീ ഉടമസ്ഥതയിലുള്ള അബു ദാബി ആസ്ഥാനമായുള്ള അൽ എത്തിഹാദ്‌ അകാദമിയും തമ്മിൽ കൈകോർത്തതോടെ ഒരു വലിയ ഫൂട്ബോൾ വിപ്ലവം വയനാടിനെ തലോടി കൊണ്ടിരിക്കുകയാണു. അണ്ടർ 6 മുതൽ അണ്ടർ 16 വരെയുള്ള കുട്ടികൾക്കായി 10 പരിശീലനകേന്ദ്രങ്ങൾ ജില്ലയിലുടനീളം ആരംഭിക്കുകയും നിലവിൽ 1175 കുട്ടികൾക്ക്‌ പരിശീലനം നൽകി കൊണ്ടിരിക്കുകയും ചെയ്യുന്നു. കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിച്ചേക്കും.

ജില്ലയിലെ സ്കൂളുകളുമായി ചേർന്ന് പരിശീലന പദ്ധതിയും ഒരു സ്കൂൾ ലീഗും ഈ വർഷം തന്നെ വയനാട്‌ എഫ്‌.സിയുടെ നേതൃത്വത്തിൽ നടക്കും. ഈ വർഷം തന്നെ അണ്ടർ 13, 15 ദേശീയ ലീഗിൽ അൽ എത്തിഹാദിന്റെ പിന്തുണയോടെ ടീമിറക്കാനും പദ്ധതിയുണ്ട്‌.

2 വിദേശ കോച്ചുമാറുൾപ്പടെ 17 കോച്ചിംഗ്‌ സ്റ്റാഫുള്ള വയനാടിന്റെ ഈ വർഷത്തെ സ്വപ്ന പദ്ധതിയാണു ദേശീയ ലെവലിൽ ഒരു ബേബി ലീഗ്‌, അണ്ടർ 7 മുതൽ 10 വരെ വിഭാഗത്തിൽ നടത്താനുദ്ദേശിക്കുന്ന ലീഗിന്റെ പ്രാഥമിക ഘട്ട ചർച്ചകൾ ആൾ ഇന്ത്യ ഫൂട്ബോൾ ഫെഡറേഷനുമായി നടത്തി കഴിഞ്ഞു..

അറക്കൽ കമറുദ്ദീന്റെ ഉടമസ്ഥതയിലുള്ള അൽ എത്തിഹാദ്‌ അകാദമിയുടെ അകമഴിഞ്ഞ പിന്തുണയാണു വയനാട്‌ എഫ്‌ സിയുടെ കരുത്ത്‌. യു.എ.ഇയ്ക്കും ഖത്തറിനും പുറമെ കേരളത്തിലും ഗോവയിലും നിലവിൽ അൽ എത്തിഹാദിനു അക്കാദമികളുണ്ട്‌. കുറ്റമറ്റ പ്രൊഫഷണൽ രീതിയിൽ പ്രവർത്തിക്കുന്ന അൽ എത്തിഹാദിന്റെ പരിചയ സമ്പത്ത്‌ തന്നെയാണു ഏറ്റവും അനുകൂല ഘടകം. ഗ്രൗണ്ട്‌, ഡ്രസ്സിംഗ്‌ റൂം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പിന്തുണയാണു അൽ എത്തിഹാദ്‌ വയനാടിനു നൽകുന്നത്‌.

ജില്ലയിലെ ഫൂട്ബോൾ കളിക്കാനും പഠിക്കാനും താൽപര്യമുള്ള എല്ലാ കുട്ടികൾക്കും അതിനു അവസരം നൽകാനുകുന്ന പദ്ധതിയുമായി മുന്നോട്ട്‌ പോകുന്ന വയനാട്‌ എഫ്‌ സിയും അൽ എത്തിഹാദ്‌ അക്കാദമിയും സത്യത്തിൽ ഒരു ഫൂട്ബോൾ വിപ്ലവം തന്നെയാണു ജില്ലയിൽ നടത്തുന്നത്‌..

Advertisement