ഫറോക്ക് കോളേജ് കോഴിക്കോടിന്റെ ചാമ്പ്യന്മാർ

കോഴിക്കോട് ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ കിരീടം ഫറോക്ക് കോളേജിന്. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്വാർട്ട്സ് എഫ് സിയെ തകർത്താണ് ഫറൂഖ് കോളേജ് കിരീടം ഉയർത്തിയത്. കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായ ഫറൂഖ് കോളേജ് ടീം ഇന്നു മുതൽ തൃക്കരിപ്പൂരിൽ ആരംഭിക്കുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ചു കൊണ്ട് മത്സരിക്കും. മതിൽഭാഗം എഫ് സി തിരുവല്ലയുമായി മാർച്ച് 28നാണ് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫറോക്ക് കോളേജിന്റെ ആദ്യ കളി.

നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻ പട്ടവും ഫറോക്ക് കോളേജ് സ്വന്തമാക്കിയിരുന്നു. ഒറ്റ മലയാളികൾ പോലും ഇല്ലാതിരുന്ന ക്വാർട്ട്സ് എഫ് സിക്കെതിരെ മികച്ച പ്രകടനമാണ് ഫറോക്ക് കോളേജ് കാഴ്ചവെച്ചത്. കളിയിലെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

ദേവഗിരി കോളേജിനെ പരാജയപ്പെടുത്തിയായിരുന്നു ഫറോക്ക് ഫൈനലിൽ എത്തിയത്. ഗോൾ രഹിതമായി അവസാനിച്ച മത്സരത്തിൽ ടൈ ബ്രേക്കറിലാണ് ഫറോക്ക് ദേവഗിരി കോളേജിനെ മറികടന്നത്. ഗുരുവായൂരപ്പൻ കോളേജിനെ മറികടന്നായിരുന്നു ക്വാർട്ട്സിന്റെ ഫൈനൽ പ്രവേശനം.