ബ്രാൻഡ് അംബാസിഡറായി ദുൽഖർ, ഗോകുലം എഫ് സി ഒരുങ്ങുന്നു

ഗോകുലം എഫ് സി കേരള ഫുട്ബോളിന് നൽകുന്ന പ്രതീക്ഷകൾ വീണ്ടും വീണ്ടും വർധിക്കുകയാണ്. നാളെ മലപ്പുറത്ത് തങ്ങളുടെ ആദ്യ പരിശീലന ക്യാമ്പ് തുടങ്ങാൻ ഇരിക്കുന്ന ഗോകുലം എഫ് സി ബ്രാൻഡ് അംബാസിഡറായി കൊണ്ടു വരാൻ പോകുന്നത് മലയാള സിനിമയുടെ കുഞ്ഞിക്ക എന്നു വിളിക്കപ്പെടുന്ന സാക്ഷാൽ ദുൽഖർ സൽമാനെയാകും. ദുൽഖർ സൽമാനുനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

ദുൽഖർ മാത്രമല്ല ഇന്ത്യൻ സിനിമാ ഇതിഹാസം കമലഹാസനും ഗോകുലം എഫ് സിയുടെ അംബാസിഡറായി രംഗത്തുണ്ടായേക്കും. ഇരു താരങ്ങളുമായും ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി നിവിൻ പോളി വന്നത് ഫുട്ബോൾ ആരാധകർക്ക് ആവേശമായിരുന്നു‌. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്നു പരിശീലനം ആരംഭിക്കാൻ ഇരുന്ന ഗോകുലം എഫ് സി മുൻ മന്ത്രി ശ്രീ ഇ അഹമ്മദിന്റെ‌ നിര്യാണത്തെ തുടർന്നു പരിശീലനം നാളേയ്ക്കു മാറ്റുകയായിരുന്നു.

ഗോകുലം എഫ് സി മലപ്പുറത്ത് കുട്ടികൾക്ക് വേണ്ടി തുടങ്ങാൻ പോകുന്ന അക്കാദമിയുടെ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. അക്കാദമി പരിശീലകനായി ഒരു പ്രമുഖ വിദേശ താരത്തെ കൊണ്ടുവരാൻ ആണ് ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇതിനോടകം തന്നെ വിദേശ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളുമടക്കം സമ്പന്നമായിരിക്കുകയാണ് ഗോകുലം എഫ് സി ടീം. അടുത്ത തവണ ഐ ലീഗിലേക്ക് നേരിട്ടു പ്രവേശനം നേടാൻ ഗോകുലം എഫ് സി ശ്രമിക്കും.

Previous articleനിര്‍ണ്ണായക മത്സരത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും
Next articleസുദേവയോട് പൊരുതി തോറ്റ് റെഡ് സ്റ്റാർ