മിദ്നാപൂരിൽ കാലിക്കറ്റ് വസന്തം, ഇന്റർ യൂണിവേഴ്സിറ്റി കിരീടം കാലിക്കറ്റിന്

- Advertisement -

മിദ്നാപൂരിൽ ആർക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തടയാനായില്ല. ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ശക്തരായ പഞ്ചാബിനേയും മലർത്തിയടിച്ച് കാലിക്കറ്റിന്റെ യുവനിര കപ്പ് കേരള മണ്ണിലേക്ക് എടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയത്. വൈസ് ക്യാപ്റ്റൻ നാസറാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത്.

പഞ്ചാബിനോട് തുടക്കത്തിൽ കാലിക്കറ്റ് കരുതലോടെയാണ് കളിച്ചത്. കിട്ടിയ ഒരു ഫ്രീകിക്ക് മുതലാക്കി നാസർ നേടിയ ഗോളിലൂടെ കാലിക്കറ്റ് ലീഡെടുത്തു. അതിനു ശേഷം കാലിക്കറ്റിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു മത്സരത്തിൽ. രണ്ടാം പകുതിയിൽ ഗോളിയെ മറികടന്ന് നാസർ രണ്ടാം ഗോളും നേടി. പെനാൾട്ടിയിൽ നിന്നായിരുന്നു കളിയുടെ അവസാന നിമിഷങ്ങളിൽ പഞ്ചാബിന്റെ ഗോൾ പിറന്നത്. ശേഷം കാലികറ്റിനും ഒരു പെനാൾട്ടി ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിച്ച് തന്റെ ഹാട്രിക് തികയ്ക്കാൻ നാസറിനായില്ല.

ആതിഥേയരായ വിദ്യാസാഗർ എഫ് സിയെ സെമിയിൽ പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഫൈനൽ പ്രവേശനം. സെമിയിൽ ശിഹാദിന്റെ ഗോളായിരുന്നു കാലികറ്റിന് വിജയമൊരുക്കിയത്. സെമിയിൽ നാസറും ഗോൾ അടിച്ചിരുന്നു എങ്കിലും റെഫറി തെറ്റായി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. സെമിയിലെ സങ്കടം നാസർ ഫൈനലിൽ ഇരട്ട ഗോളോടെ തീർത്തു. വടക്കഞ്ചേരി ശ്രീ വ്യാസ കോളേജിന്റെ താരമാണ് നാസർ. ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിറ്റെ ആദ്യ രണ്ടു മത്സരങ്ങളിലും നാസർ കാലികറ്റിനു വേണ്ടി എതിർവല കുലുക്കിയിരുന്നു.

കഴിഞ്ഞ തവണ നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കേരളത്തിൽ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നടന്നപ്പോഴാണ് അവസാനമായി കാലിക്കറ്റ് കിരീടമണിഞ്ഞത്. കാലിക്കറ്റിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് കോച്ച് സജീവൻ ബാലനാണ്. അവസാന തവണ കാലിക്കറ്റ് കിരീടമണിഞ്ഞപ്പോഴും സജീവൻ ബാലൻ തന്നെയായിരുന്നു കാലിക്കറ്റിന്റെ കോച്ച്. ഹരി ദയാലാണ് ടീമിന്റെ മാനേജർ.

 

 

Advertisement