വിദ്യാസാഗർ യൂണിവേഴ്സിറ്റിയേയും വീഴ്ത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ

- Advertisement -

മിദ്നാപൂരിൽ നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി കിരീടത്തിന് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് ഇനി ഒരു ചുവടു മാത്രം. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ വിദ്യാസാഗർ യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തിയത്.

വിദ്യാസാഗർ യൂണിവേഴ്സിറ്റിക്കെതിരേയും ശിഹാദ് നെല്ലിപ്പറമ്പനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരമായത്. ഷിഹാദാണ് മത്സരത്തിലെ നിർണായക ഗോൾ നേടിയത്. ഷിഹാദ് ക്വാർട്ടറിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. മഞ്ചേരി എൻ എസ് എസ് കോളേജ് താരമാണ് ഷിഹാദ്. ഗോകുലം എഫ് സിയുടെ ജേഴ്സി അണിയാൻ പോകുന്ന ഷാഹിദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു വേണ്ടി മികച്ച പ്രകടങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

മത്സരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ജയിച്ചുവെങ്കിലും റഫറിയിംഗിലെ പിഴവുകൾ വിവാദമായി. കാലികറ്റിന്റെ നാസർ നേടിയ ഗോൾ ഓഫ് സൈഡ് വിധിച്ചതും വിദ്യാസാഗറിനു അനുകൂലമായി പെനാൽട്ടി വിധിച്ചതും കാലികറ്റിന് വിജയം കടുപ്പമാക്കി. പെനാൾട്ടി വിദ്യാസാഗർ ടീമിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി അവസാന വർഷം ഡൽഹിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായായിരുന്നു ഫിനിഷ് ചെയ്തത്. കേരളത്തിൽ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നടന്നപ്പോഴായിരുന്നു അവസാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായത്. അന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പരിശീലിപ്പിച്ച സജീവൻ ബാലൻ തന്നെയാണ് ഇപ്പോഴും അമരത്ത്. ഹരിദയാലാണ് ടീം മാനേജർ.

നാളെ പഞ്ചാബ് യൂണിവേഴ്സിറ്റിക്കെതിരെയാണ് കാലികറ്റിന്റെ കലാശ പോരാട്ടം. ഉച്ചക്ക് 1.30നാണ് മത്സരം.

Advertisement