മുപ്പതിന്റെ മികവിൽ ബ്രദേഴ്സ് ക്ലബ് തിരൂർ

- Advertisement -

തിരൂരിന്റെ ഫുട്ബോൾ ചരിത്രത്തിൽ വിസ്മരിക്കാൻ കഴിയാത്ത നാമമാണ് ബ്രദേഴ്സ് ക്ലബ് തിരൂർ. 1986ൽ തിരൂരിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന ശ്രീ അബൂബക്കർ ഹാജി അവറുകളുടെ നാമധേയത്തിൽ ആദ്യമായി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ബ്രദേഴ്സ് ക്ലബ് തിരൂർ ആരംഭം കുറിച്ചു. 1987ൽ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗമായ ക്ലബ് ആ വർഷം തന്നെ ബ്രദേഴ്സ് ക്ലബ് തിരൂർ സി ഡിവിഷൻ ഫുട്ബോൾ കളിച്ച് ചാമ്പ്യന്മാരായി. പിന്നീട് 1998ലും 2010ലും മലപ്പുറം ജില്ലയിൽ എ ഡിവിഷൻ ചാമ്പ്യന്മാരായി.  1992ൽ ബി ഡിവിഷൻ ഫുട്ബോൾ ചാമ്പ്യന്മാരുമായിരുന്നു ഈ തിരൂർ ക്ലബ്. 1986 മുതൽ തുടർച്ചയായി നാലു വർഷം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ബ്രദേഴ്സ് ക്ലബ് തിരൂർ അതിന്റെ നാമധേയം ചിരടുവലിപ്പിച്ചു.

1990ൽ കേരള ഫുട്ബോൾ അസോസിയേഷന്റേയും മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റേയും സഹകരണത്തോടെ കൗമുദി ട്രോഫിയും ജൂനിയർ ജില്ലാ ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കുവാൻ ബ്രദേഴ്സ് ക്ലബ് തിരൂരിലെ ഫുട്ബോൾ പ്രേമികൾക്കായി അവസരം ഒരുക്കി. 1992ൽ സീനിയർ ഇന്റർ ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പും അണ്ടർ 21 ടൂർണമെന്റും സംഘടിപ്പിച്ച് തിരൂരിന്റെ ഫുട്ബോൾ ഭൂപടത്തിലെ സ്ഥാനം ഉയർത്താനും ബ്രദേഴ്സ് ക്ലബ് തിരൂരിന് സാധിച്ചു.

ക്ലബിന്റെ ചിരകാല സ്വപ്നമായ ഒരു ആൾ ഇന്ത്യാ ഇൻവിറ്റേഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയായിരുന്നു ബ്രദേഴ്സ് ക്ലബിന്റെ അടുത്ത ദൗത്യം. അതിനായി കുറച്ച് ഇടവേളയ്ക്കു ശേഷം ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷന്റേയും മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റേയും സഹകരണത്സഹകരണത്തിൽ 2000ത്തിൽ ഗോൾഡ് സിറ്റി ഇൻവിറ്റേഷണൽ എന്ന ടൂർണമെന്റ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ തന്നെ ശ്രദ്ധേയമായ ടൂർണമെന്റായിരുന്നു അത്. ആ ടൂർണമെന്റിൽ രാജ്യാന്തര താരങ്ങളും അന്തർ ദേശീയ താരങ്ങളും ബൂട്ടു ‌കെട്ടി തിരൂരിന്റെ ചരിത്രത്തിലെ തന്നെ വിസ്മയമായി തീർന്നു.

ഈ ഗോൾഡ് സിറ്റി ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ വിജയമായതിന്റെ തുടർന്ന് 2002ൽ സിറാജ് ഡിജിറ്റൽ ഇൻവിറ്റേഷണൽ ടൂർണമെന്റും 2004ൽ നൈസ് ബ്യൂട്ടി ഷോപ്പ് ഇൻവിറ്റേഷണൽ ടൂർണമെന്റും ബ്രദേഴ്സ് ക്ലബ് തിരൂർ തിരൂരിലെ ഫുട്ബോൾ പ്രേമികൾക്കായി, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കി. 2008 മുതൽ 2016 വരെ സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബ്രദേഴ്സ് ക്ലബ് തിരൂർ സംഘടിപ്പിച്ച് വരുന്നു.

നാളെയുടെ വാഗ്ദാനങ്ങൾക്ക് ബ്രദേഴ്സ് ക്ലബ് തിരൂർ 1987 മുതൽ വഴികാട്ടുന്നതും ശ്രദ്ധേയമാണ്. എൻ ഐ സി കോച്ച് മുഹമ്മദലി മുന്നിയൂർ, മുൻ വാസ്കോ താരം ഒ കെ സത്യൻ, മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പ്, കേരള ടീം കോച്ചും സർവ്വീസസ് താരവുമായ കെ ഭരതൻ, സ്പോർട്സ് കൗൺസിൽ കോച്ച് കെ ബീരാൻ കുട്ടി, മുൻ മദ്രാസ് യൂണിവേഴ്സിറ്റി താരം പി അബ്ദു സമദ്, തിരൂരിന്റെ പ്രിയപ്പെട്ട സുന്ദരൻ ഡി ലൈസൻസ് നേടിയ ആഷിഫ് തുടങ്ങിയവർ ഇന്നലകളിൽ തിരൂരിന്റെ ചരിത്രത്തിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തതിന് ബ്രദേഴ്സ് ക്ലബ് തിരൂരിന്റെ പങ്ക് വലുതാണ്.

ഇന്നു കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന , ഫിഫ റഫറി സേതുമാധവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് എജുക്കേഷൻ പ്രൊമേഷൻ ടെസ്റ്റ്(സെപ്റ്റ്) തിരൂർ സെന്റർ ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. സെപ്റ്റിന്റെ വിദേശ കോച്ചുകളുടെ കീഴിൽ കോച്ചിംഗ് പരിശീലനം നേടിയ മുൻ എച്ച് എ എൽ താരം കൂടിയായ അലി അക്ബർ, ബ്രദേഴ്സ് ക്ലബിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ബാപൂട്ടി, എം ബി എ ബിരുദധാരി കൂടിയായിരുന്ന സഹീർ തുടങ്ങിയവർ നാളെയുടെ താരങ്ങൾക്ക് ബാലപാഠങ്ങൾ പകർന്നു നൽകുന്നു.

ഒരു പാട് ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത ചരിത്രമാണ് ബ്രദേഴ്സ് ക്ലബ് തിരൂരിനുള്ളത്. ഈ വർഷം സന്തോഷ് ട്രോഫിയിൽ കേരള ടീമിനെ നയിക്കുന്ന കേരള ക്യാപ്റ്റൻ ഉസ്മാൻ ബ്രദേഴ്സ് ക്ലബ് തിരൂരിന്റെ അഭിമാനം ഉയർത്തുന്നു. ജില്ലാ ടീമംഗങ്ങളായിരുന്ന മുസ്തഫ തിരൂർ, മുഹമ്മദ് മോൻ ആലത്തിയൂർ, റസാഖ് കല്ലിംഗൽ, ഖലീൽ കുമരനല്ലൂർ, മുസ്താഖ് ആലിശ്ശേരി, ആഷിഫ് തിരൂർ എന്നിവർ ബ്രദേഴ്സ് ക്ലബ് ചരിത്രത്തിന്റെ ഭാഗമായി.

അണ്ടർ 21 താരം അക്ബർ ഓങ്ങുലം, മദ്രാസ് യൂണിവേഴ്സിറ്റി താരം പി അബ്ദു സമദും കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീമിൽ ഇടം നേടിയ ആഷിഫും, സെപ്റ്റ് ജില്ലാ ടീമിക് ഇടം നേടിയ അക്മൽ ബിൻ ഷാക്കിറും ബ്രദേഴ്സ് ക്ലബ് തിരൂരിന്റെ അഭിമാങ്ങളാണ്. അന്തർ ദേശീയ തലത്തിൽ ബ്രദേഴ്സ് ക്ലബിന് അഭിമാനിക്കാവുന്നതാണ് ഫിഫയുടെ ഗ്രാസ് റൂട്ട് ലെവൽ കോച്ചിംഗ് ലൈസൻസ് നേടുയ സാഹിർ മോൻ ഇയുടെ നേട്ടം.

തിരൂരിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മാറ്റിവെക്കാൻ കഴിയാത്ത നാമമാണ് ബ്രദേഴ്സ് ക്ലബ് തിരൂരും അതിന്റെ അണിയറ പ്രവർത്തകരും.  അതിന്റെ സാരഥി വി പി മുഹമ്മദ് കാസിം എന്ന കാസിം ബാവ. സെവൻസ് ഫുട്ബോൾ അസോസിയേഷൻ മുൻ മലപ്പുറം ജില്ലാ ട്രഷറർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രെസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ഇദ്ദേഹം ഇപ്പോൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ് പ്രെസിഡന്റും ബ്രദേഴ്സ് ക്ലബ് തിരൂർ ജെനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചു വരികയാണ്.

വരും വർഷങ്ങളിലും ബ്രദേഴ്സ് ക്ലബ് തിരൂർ തിരൂരിന്റെ ഫുട്ബോൾ മാനങ്ങൾ ഉയർത്തി പിടിക്കാനും, പുതിയ താരങ്ങളെ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്യാനും മുന്നിൽ ഉണ്ടാകും എന്നു തന്നെയാണ് തിരൂർ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ. ബ്രദേഴ്സ് ക്ലബ് തിരൂരിന്റെ അടുത്ത നീക്കങ്ങൾക്കായി തിരൂരുകാർ കാത്തിരിക്കുന്നതു പോലെ ഓരോ ഫുട്ബോൾ പ്രേമിക്കും കാത്തിരിക്കാം.

Advertisement