യൂത്ത് ഐ ലീഗ്; റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി ബെംഗളൂരു സെമിയിൽ

- Advertisement -

അണ്ടർ 16 ഐ ലീഗിൽ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി ബെംഗളൂരു എഫ് സി സെമി ഫൈനലിൽ. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ റെഡ് സ്റ്റാർ എഫ് സി തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ് സി സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. നേരത്തേ ഷിവജിയൻസിനോടു സമനില വഴങ്ങി തുടങ്ങിയ ബെംഗുളൂരു രണ്ടാം മത്സരത്തിൽ സുദേവ അക്കാദമിയെ 2-1നു പരാജയപ്പെടുത്തിയിരുന്നു.

തങ്ങളുടെ മൂന്നാം മത്സരത്തിലും മികച്ച പ്രകടനം നടത്തിയ റെഡ് സ്റ്റാർ തൃശ്ശൂരിന് പക്ഷെ മൂന്നാം മത്സരത്തിലും പ്രകടനത്തിന് അനുകൂലമായ ഫലം കണ്ടെത്താൻ കഴിഞ്ഞില്ല. കളിയുടെ ഭൂരിഭാഗം സമയവും ബെംഗളൂരു എഫ് സിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചുവെങ്കിലും അവസാന നിമിഷം മുൻ റെഡ് സ്റ്റാർ താരം രാഹുൽ നേടിയ ഏക ഗോളിന്റെ ബലത്തിൽ ബെംഗളൂരു എഫ് സി 3 പോയന്റ് കരസ്ഥമാക്കുകയായിരുന്നു.

റെഡ് സ്റ്റാർ ആദ്യ മത്സരത്തിൽ സുദേവയോടും രണ്ടാം മത്സരത്തിൽ ശിവജിയൻസിനോടും പൊരുതി പരാജയപ്പെട്ടിരുന്നു. ഏഴു പോയന്റോടെയാണ് ബെംഗളൂരു എഫ് സി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. സുദേവ ആറു പോയന്റും, ശിവജിയൻസ് നാലു പോയന്റുമായി രണ്ടും മൂന്നും സ്ഥാനത്തെത്തി. ടൂർണമെന്റിൽ ഐസക് റെഡ് സ്റ്റാർ തൃശ്ശൂരിനു വേണ്ടി രണ്ടു ഗോളുകൾ നേടി. ലീഗിലെ ഏറ്റവും ശക്തമായ ഗ്രൂപ്പായിട്ടും വലിയ ടീമുകളോടു പൊരുതി കേരളത്തിന്റെ അഭിമാനം കാത്ത റെഡ് സ്റ്റാർ അഭിനന്ദനം അർഹിക്കുന്നു. സെമി ഫൈനലുകളും ഫൈനലും മുംബൈയിൽ വെച്ചാണ് നടക്കുക.

റെഡ് സ്റ്റാർ മത്സര ഫലങ്ങൾ:

റെഡ് സ്റ്റാർ 1-2 സുദേവ
റെഡ് സ്റ്റാർ 2-3 ശിവജിയൻസ്
റെഡ് സ്റ്റാർ 0-1 ബെംഗളൂരു എഫ് സി

Advertisement