ബിനോ ജോർജ്ജിനു കീഴിൽ വീണ്ടും ബെല്ലോ റസാക് എത്തുന്നു

- Advertisement -

ബെല്ലോ റസാകിനെ മലയാളികൾ മറന്നു കാണില്ല. വിവാ കേരള ജേഴ്സിയിൽ കേരളത്തിന്റെ പ്രതിരോധ നിരയുടെ കരുത്തായിരുന്ന വിശ്വസ്ഥനായ പോരാളി. ചാർലേസും ബെല്ലോയും കൂടെ തീർത്ത വിവാ കേരളയുടെ പ്രതിരോധ മതിൽ ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ കൂട്ടുകെട്ടിൽ ഒന്നായിരുന്നു. ഒരു സീസൺ മുന്നേ മോഹൻ ബഗാനു ഐ ലീഗ് കിരീടം നേടിക്കൊടുത്ത ബെംഗുളൂരു എഫ് സിക്കെതിരെയുള്ള നിർണായക ഗോളു നേടി ബെല്ലോ റസാക്ക് താരമായിരുന്നു. ആ‌ ബെല്ലോ റസാക്ക് വീണ്ടും കേരളാ മണ്ണിലേക്ക് എത്തികയാണ്. ഗോകുലം എഫ് സിയുടെ ഡിഫൻസിനു കരുത്താകാൻ.

2001ൽ ഫ്രാൻസാ പാക്സ് ഫുട്ബോൾ ക്ലബിലൂടെയാണ് ബെല്ലോ റസാക്ക് ഇന്ത്യയിൽ ആദ്യമെത്തുന്നത്. നൈജീരിയൻ താരമായ ബെല്ലോ നൈജീരിയയുടെ അണ്ടർ 17 ടീമിൽ കളിച്ചിട്ടുണ്ട്. 2009ൽ വിവാ കേരളയിൽ എത്തിയ ബെല്ലോ റസാക്ക് വിവാ കേരളയുടെ ക്യാപ്റ്റൻ വരെ ആയിരുന്നു. വിവാ കേരളയ്ക്കു ശേഷം യുണൈറ്റഡ് എഫ് സിയിലും പിന്നീട് മോഹൻ ബഗാനികും എത്തി. യുണൈറ്റഡ് എഫ് സിക്കു വേണ്ടി കളിച്ചപ്പോൾ ഐ എഫ് എ ഷീൽഡ് ചാമ്പ്യനായ ബെല്ലോ ബഗാനിന്റെ ഭാഗമായി ഐ ലീഗും സ്വന്തമാക്കി
മോഹൻ ബഗാനു ശേഷം ഈസ്റ്റു ബംഗാളിലേക്കു ചേക്കേറിയ ഈ നൈജീരിയൻ ഇപ്പോ വീണ്ടും കേരള ഫുട്ബോളിന്റെ ഭാഗമാവുകയാണ്. വിവാ കേരളയിലായിരുന്നപ്പോ പരിശീലകരിൽ ഒരാളായിരുന്ന ബിനോ ജോർജ്ജ് വിളിച്ചപ്പോ വരാതിരിക്കാൻ ബെല്ലോ റസാക്കിനാകുമായിരുന്നില്ല. പ്രായം ബെല്ലോയുടെ കൂടെയില്ലാ എന്നു വിമർശകർ പറയുമ്പോഴും അവരെ‌ പ്രകടനം കൊണ്ട് തിരുത്താൻ ബെല്ലോ വരികയാണ്. മലപ്പുറത്തിന്റെ മണ്ണിലേക്ക്.

Advertisement