ബദർ മലപ്പുറത്തെത്തി, ഗോകുലം എഫ് സി ക്യാമ്പിൽ നാളെ മുതൽ

- Advertisement -

ഗോകുലം എഫ് സിയിൽ എത്താൻ പോകുന്ന മൂന്നു വിദേശ താരങ്ങളിൽ ആദ്യ താരം ബദർ ഇന്നു കേരള മണ്ണിൽ കാലു കുത്തി. ഇന്നു കേരളത്തിലെത്തിയ ബദർ നാളെ മുതലാകും കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ഗോകുലം എഫ് സി ടീമിനൊപ്പം ചേരുക.

അഫ്ഗാൻ സ്വദേശിയായ ബദർ അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമായിരുന്നു. സെന്റർ ഫോർവേഡ് ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് ഗോകുലം എഫ് സി റാഞ്ചിയത്.

ഗോകുലം എഫ് സി കോച്ച് ബിനു ജോർജ്ജ് ഇത്തിഹാദ് അക്കാദമിയുടെ പ്രദർശന മത്സരത്തിനിടെയാണ് ബദറിന്റെ കളി കാണുന്നത്. പ്രകടനത്തിൽ തൃപ്തനായ കോച്ച് ബദറിനെ ഗോകുലം എഫ് സിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി ഇത്തവണ സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടിയ കണ്ണൂർ സ്വദേശി സഹൽ അബ്ദുൽ സമദ് ബദറിന്റെ കൂടെ ഇത്തിഹാദ് അക്കാദമിയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളക്കാരെ കുറിച്ചും അവരുടെ ഫുട്ബോൾ പ്രേമത്തെ കുറിച്ചും ഒരു ധാരണ ബദറിനുണ്ട്.

ബദറിനെ കൂടാതെ വിദേശ താരമായി ബെല്ലോ റസാക്കും ഉടൻ ഗോകുലം എഫ് സി ക്യാമ്പിൽ എത്തും.

Advertisement