കേരള ഫുട്ബോളിന് ആവേശം വിതറി ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിൽ മലയാളീ ത്രയം

- Advertisement -

വർഷങ്ങളുടെ ഇടവേളക്കിപ്പുറം വിജയൻ – ജോപ്പോൾ – ധനേഷ് ത്രയത്തിന് ശേഷം കേരളാ ഫുട്ബോളിനാശ്വാസം പകർന്നു കൊണ്ട് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം മൂന്നു  മലയാളീ സൂപ്പർ താരങ്ങളെ ഒരുമിച്ച് ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നു.

മലപ്പുറം കൊണ്ടോട്ടിക്കാരൻ ഐ. എസ് എൽ ഫുട്ബോളിൽ ഡൽഹി ഡൈനാമോസിന്റെയും ഐ. ലീഗിൽ കൊൽക്കത്ത മോഹൻ ബഗാന്റയും പ്രതിരോധ നിരയിലെ നെടും തൂൺ അനസ് എടത്തൊടിക ഇത് അഞ്ചാം തവണയാണ് ഇന്ത്യൻ സാധ്യതാ ടീമിൽ എത്തുന്നത്. അഞ്ച് തവണയും പരിക്കിന്റെ പിടിയിൽ പെട്ട് ക്യാമ്പ് വിടേണ്ടി വന്ന താരം ഒടുവിൽ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സാഫ് ഗെയിംസ് ടീമിൽ നിന്നു ടീം പ്രഖ്യാപിച്ച് ഇന്ത്യൻ കുപ്പായം കയ്യിൽ കിട്ടിയതിന് ശേഷം പരിക്കേറ്റ് ക്യാമ്പ് വിടേണ്ടി വന്നു. ഇക്കഴിഞ്ഞ ഐ.എസ്.എൽ ൽ ഡൽഹിക്കവേണ്ടി നടത്തിയ മികച്ച പ്രകടനവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐ ലീഗിലും ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും മോഹൻ ബഗാൻ പ്രതിരോധ നിരയിൽ നടത്തിവരുന്ന കരുത്തുറ്റ പ്രകടനവുമാണ് ഈ മുപ്പത് കാരനെ വീണ്ടും ഇന്ത്യൻ ക്യാമ്പിലെത്തിച്ചിരിക്കുന്നത്.

കണ്ണൂർക്കാരനായ ഐ എസ് എൽ ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഐ ലീഗിൽ ബാഗ്ലൂർ എഫ് സി യുടെയും ഗോളടി വീരനായ സി കെ വിനീത് ഇത് വരെ മൂന്നു തവണ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കോഴിക്കോട്ടുക്കാരൻ ഐ എസ് എൽ ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെയും ഗോൾ വല  കാക്കുന്ന കരുത്തുറ്റ ഗോൾ കീപ്പറാണ് ടി.പി രഹനേഷ്.


മാർച്ച് പന്ത്രണ്ടിനാണ് പരിശീലനത്തിനായി മുംബൈ കുപ്പറേജ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഐ. എസ്. എൽ നിന്നും ഐ ലീഗിൽ നിന്നുമായി  തെരെഞ്ഞെടുക്കപ്പെട്ട മികച്ച മുപ്പത്തൊന്നു കളിക്കാരോടും ഒരുമിക്കാൻ ആവശ്യപ്പെട്ടിക്കുന്നത്.  2019 ൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളാണ് ഈ ടീമിന് കടക്കാനുള്ള ആദ്യ കടമ്പകൾ. മാർച്ച് ഇരുപത്തെട്ടിന് മ്യാൻമാറുമായി അവരുടെ തലസ്ഥാന നഗരമായ യാങ്കൂണിലാണ് ഈ ക്യാമ്പിൽ നിന്നും തിരെഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ ടീമിന് കളിക്കാനുള്ള പ്രഥമ ഏഷ്യാ കപ്പ് യോഗ്യതാ മത്സരം.

ഈ മുപ്പത്തൊന്നംഗ സാധ്യതാ ലിസ്റ്റിൽപെട്ട നിഷു കുമാർ, സുബാഷിഷ് ബോസ്, ജെറി ലാൽ റിൻസുല, മിലാൻ സിങ്ങ് എന്നീ യുവ താരങ്ങളെ ഇതാദ്യമായാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് ക്ഷണിക്കപ്പെടുന്നത്.

സുബ്രതോ പാൽ, സന്തോഷ് ജിങ്കാൻ, അർനബ് മൊണ്ടൽ, ജാക്കിചന്ത് സിങ്, മുഹമ്മദ് റഫീഖ്, ജേജെ ലെൽക്കെഫുല, സുനിൽ ചേത്രി, റോബിൻ സിങ് എന്നിവരാണ് ക്യാമ്പിലെത്തുന്ന പരിചയ സമ്പന്നരായ താരങ്ങൾ.

2007 ൽ യഥാക്രമം തമിഴ്നാട്ടിലെ മധുരയിലും ഗുവാഹട്ടിയിലുമായി നടന്ന ദക്ഷിണമേഖലാ  അഖിലേന്ത്യാ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി ബൂട്ടണിഞ്ഞതിനിപ്പുറം തങ്ങളുടെ സമീപകാലത്തെ ഇഷ്ട താരങ്ങളായ അനസ് എടത്തൊടികയും സി.കെ വിനീതും ഒരുമിച്ച് ബൂട്ടണിയാൻ പോകുന്ന ടീമായിരിക്കും ഈ ക്യാമ്പിൽ നിന്നു തിരെഞ്ഞെടുക്കാൻ പോകുന്നത് എന്നതാണ് കേരളത്തിലെ ഫുട്ബോൾ ആരാധകരെ ഏറെ ആകാംശാ ഭരിതമാക്കാൻ പോകുന്ന കാര്യം.

Advertisement