സെമിയിൽ ഒരിക്കൽ കൂടെ വീഴാതിരിക്കാൻ ഗോകുലവും സാറ്റ് തിരൂരും

കേരള പ്രീമിയർ ലീഗിൽ ഇന്ന് സെമി പോരാട്ടങ്ങളുടെ ദിനം. എറണാകുളത്തും തൃശ്ശൂരിലുമായി രണ്ട് സെമി പോരാട്ടങ്ങളും ഇന്ന് തന്നെയാണ് നടക്കുക. എറണാകുളാത്ത് നടക്കുന്ന പോരിൽ ഗോകുലം എഫ് സി സാറ്റ് തിരൂരിനെ ആണ് നേരിടുന്നത്. കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ സെമിയിൽ കാലിടറിയവരാണ് രണ്ട് ടീമുകളും. ബി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലം എഫ് സി സെമിയിലേക്ക് എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ മിന്നുന്ന ഫോമിലായിരുന്നു ഗോകുലം നിര. ഐലീഗ് താരങ്ങളും വിദേശ താരങ്ങളുമൊക്കെ അണിനിരന്ന ഗോകുലം ഗ്രൂപ്പിൽ കളിച്ച 8 മത്സരങ്ങളിൽ ഏഴും വിജയിച്ച് 21 പോയന്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ടീം ഗോകുലം തന്നെയാണ്. ലീഗിൽ ഇതുവരെ എട്ടു മത്സരങ്ങളിൽ നിന്നായി 23 ഗോളുകൾ ഗോകുലം അടിച്ചു കൂട്ടിയിട്ടുണ്ട്. അവസാന അഞ്ചു മത്സരങ്ങളും ജയിച്ചു നിൽക്കുകയാണ് ഗോകുലം.

മറു വശത്തുള്ള സാറ്റ് തിരൂർ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്. അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനോട് അടിതെറ്റിയത് ഒഴിച്ചാൽ സാറ്റിന് ലീഗ് മികച്ച അനുഭവമായിരുന്നു ഇതുവരെ. എ ഗ്രൂപ്പ് ചാമ്പ്യന്മാരായ എഫ് സി തൃശ്ശൂരിന് ലീഗിൽ ഏറ്റ ഏക പരാജയം സമ്മാനിച്ച സാറ്റിന് ഗോകുലത്തിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കാനും ആകും. ഇരു ടീമുകളും ശക്തമായതിനാൽ മികച്ച സെമിക്ക് തന്നെ ഇന്ന് സാക്ഷിയാകാം. വൈകിട്ട് 3.30നാണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിനോട് റിനോ ആന്റോ യാത്ര പറഞ്ഞു
Next articleഅര്‍ജ്ജുന്‍ നായര്‍ക്ക് പന്തെറിയാം