കേരള പ്രീമിയർ ലീഗ്, എസ് ബി ഐക്ക് വിജയം

കേരള പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ എസ് ബി ഐക്ക് വിജയ തുടക്കം. ഇന്ന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സെൻട്രൽ എക്സൈസിനെ നേരിട്ട എസ് ബി ഐ എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്.

മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം നിലനിർത്തി എങ്കിലും ഒരു സെറ്റ്പീസ് വേണ്ടി വന്നു എസ് ബി ഐക്ക് ആദ്യ ഗോൾ കണ്ടെത്താൻ. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൾട്ടി ബോക്സിന് തൊട്ടുപുറത്തു ലഭിച്ച ഫ്രീകിക്ക് ജിജോ ജോസഫ് ഗംഭീര സ്ട്രൈക്കോടെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സ്റ്റെഫിൻ ദാസിലൂടെയാണ് എസ് ബി ഐ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചത്.

മികച്ച കൗണ്ടറിലൂടെ സെൻട്രൽ എക്സൈസ് രണ്ട് മികച്ച അവസരങ്ങൾ മത്സരത്തിൽ ഉണ്ടാക്കിയെങ്കിലും രണ്ടും എസ് ബി ഐ കീപ്പറും സന്തോഷ് ട്രോഫി ഹീറോയുമായ മിഥുൻ രക്ഷപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ സന്തോഷ് ട്രോഫി കിരീടമുയർത്തിയ നാലു താരങ്ങൾ കളിച്ചിരുന്നു.

നാളെ കേരള പ്രീമിയർ ലീഗിൽ ഫോർട്ട്കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് എഫ് സി തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിലാന്റെ പ്രതിരോധ താരത്തിന് പരിക്ക്
Next articleഐപിഎൽ വേദിക്കരികെ കനത്ത പ്രതിഷേധവുമായി തമിഴ് സംഘടനകൾ