കറുത്ത കുതിരകളാകാൻ സാറ്റ്

കേരള പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് ഇന്ന് തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ പ്രധാനമായും ഉറ്റുനോക്കുന്നത് രണ്ട് ക്ലബ്ബുകളിലേക്കാണ്, ഒന്ന് ദേശീയ ലീഗ് സ്വപ്നങ്ങളുമായി കേരളത്തിൽ രൂപം കൊണ്ട ഗോകുലം എഫ്.സിയിയും മറ്റൊന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തെ പോലൊരു സംസ്ഥാനത്തെ ഒരു ഫുട്ബോൾ അക്കാദമിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചു തന്ന സാറ്റ് തിരൂരും.
“സ്പോർട്സ് അക്കാദമി തീരുർ(SAT)” എന്ന പേര് ആഴ്ചകൾക്ക് മുൻപ് വരെ കേരളത്തിലെ ശരാശരി ഫുട്ബോൾ പ്രേമികൾക്കിടയിൽ അപരിചിതമായ ഒന്നായിരുന്നു. ചെറിയ നേട്ടങ്ങൾ വരെ പെരുപ്പിച്ച് കാണിച്ച് തങ്ങളുടെ അക്കാദമികളെ മാർക്കറ്റ് ചെയ്യുന്ന ഇക്കാലത്ത് ഒട്ടനവധി ദേശീയ ലെവൽ താരങ്ങളെ സംഭാവന ചെയ്ത SAT തിരൂർ എന്തുകൊണ്ട് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടില്ല എന്ന് ചോദിച്ചാൽ തങ്ങളുടെ കർമ്മത്തിൽ മുഴുകിയ അവർ സ്വയം മാർക്കറ്റ് ചെയ്യാൻ മറന്നു എന്നത് തന്നെ അതിനുത്തരം.

എന്ത് കൊണ്ട് സാറ്റ്? എന്താണ് സാറ്റിന്റെ പ്രത്യേകത?
2008-ഇൽ തീരുർ മുനിസിപ്പൽ ചെയർമാൻ കണ്ടാത്തൂർ കുഞ്ഞിപ്പ എന്നവർ തനത് ഫണ്ടിൽ നിന്ന് നൽകിയ 25000-രൂപകൊണ്ട് ആ നാട്ടിലെ 40 കുട്ടികളെ വച്ച് ഒരു കൂട്ടം ഫുട്ബോൾ പ്രേമികളുടെ നേതൃത്വത്തിൽ തുടങ്ങിയ സാറ്റിലേക്ക് എട്ട് വർഷങ്ങൾക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോൾ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് മനസ്സിന് കുളിര് നൽകുന്ന കാര്യങ്ങളാണ് കാണാനാവുക.

സന്തോഷ് ട്രോഫി, ഐ-ലീഗ്,സെക്കന്റ് ഡിവിഷൻ, നാഷണൽ ഗെയിംസ് തുടങ്ങി രാജ്യത്തെ മുൻനിര ടൂർണമെന്റുകളിലെല്ലാം വർഷങ്ങളായി സാറ്റിലെ താരങ്ങളുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ ഇലവൻസ് ഫുട്ബോൾ അതിന്റെ മോശം കാലഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുമ്പോഴും ഒരു കൂട്ടം ചെറുപ്പക്കാരെ കളി പഠിപ്പിച്ച് അവർക്ക് രാജ്യത്തെ മികച്ച ക്ലബ്ബുകളിൽ അവസരമൊരുക്കി കൊടുത്ത സാറ്റിന്റെ ഇത്രയും കാലത്തെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു.
സാറ്റ് രൂപം കൊണ്ട 2008-ന് ശേഷം ഇന്ന് വരെ സംസ്ഥാനത്തിന് പുറത്തെ വിവിധ ക്ലബ്ബുകളിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്ത കേരളത്തിലെ അക്കാദമി എന്ന പട്ടം അവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇന്ന് രാജ്യത്ത് പൊതുവെ കണ്ടുവരുന്ന ജൂനിയർ ലെവലിൽ സ്റ്റേറ്റ്/ നാഷണൽ ടീമുകളേയും മറ്റും പ്രതിനിധീകരിച്ച് കഴിവ് തെളിയിച്ച താരങ്ങൾക്ക് വേണ്ടി ട്രെയൽസ് നടത്തി, അവരിൽ മികച്ച താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ച് നേട്ടം കൊയ്യുന്ന അക്കാദമികളിൽ നിന്ന് വിഭിന്നമായി, തീരൂരിൽ ആരാരും അറിയാതെ കിടന്ന ഒരു കൂട്ടം കുട്ടികളെ പിടിച്ച് അവർക്ക് കളി പകർന്ന് കൊടുത്ത് അവരെ പ്രൊഫഷണൽ താരങ്ങളായി വളർത്തിയെടുത്ത രീതി തന്നെയാണ് സാറ്റിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.

നിലവിൽ ഇന്ത്യൻ നേവിക്ക് വേണ്ടി കളിക്കുന്ന സ്‌ട്രൈക്കർ മുഹമ്മദ് ഇർഷാദ് ആണ് തിരൂർ അക്കാദമിയിൽ വന്ന് ദേശീയ ലെവലിൽ അറിയപ്പെട്ട ആദ്യ താരം. സാറ്റിൽ നിന്ന് പൂനെയിലെ ഡി.എസ്.കെ ശിവജിയൻസിൽ എത്തിയ ഇർഷാദിനെ കളി മികവ് കാരണം മഹാരാഷ്ട്ര തങ്ങളുടെ 2015-ലെ ദേശീയ ഗെയിംസിനുള്ള ടീമിൽ ഉൾപെടുത്തുകയുണ്ടായി. കേരളത്തിൽ നടന്ന ടൂർണമെന്റിലെ ടോപ് സ്കോറർ പട്ടവുമായി മടങ്ങിയ ഇർഷാദ് കഴിഞ്ഞ വർഷം ഡി.എസ്.കെ-യുടെ ഐ-ലീഗ് സ്‌ക്വാഡിലും അംഗമായിരുന്നു.
മഹാരഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞിട്ടുള്ള ഇർഷാദ് ഈ സീസണിൽ സർവീസസ്‌ ജേഴ്‌സിയിലായിരുന്നു സന്തോഷ് ട്രോഫിക്ക് ഇറങ്ങിയത്.
ഇർഷാദിനോടൊപ്പം സാറ്റിൽ നിന്ന് പൂനെയിലേക്ക് വണ്ടികയറിയ മറ്റൊരു താരമാണ് അബ്ദുൽ ഹക്കു. ഡിഫെൻഡർ ആയ അദ്ദേഹം ഐ-ലീഗിൽ ബൂട്ടണിഞ്ഞ തിരൂർ അക്കാദമിയുടെ ആദ്യ പ്രോഡക്ററ് ആണ്. ഡി.എസ്.കെ-ക്ക് വേണ്ടിയായിരുന്നു ഹക്കുവിൻറെ ഐ-ലീഗ് അരങ്ങേറ്റം, നിലവിൽ സെക്കന്റ് ഡിവിഷനിൽ ഫത്തേഹ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന ഹക്കു അവരുടെ സ്റ്റാർ ഡിഫൻഡർ കൂടി ആണ്. ഫത്തേഹ് നിരയിലെ സ്ഥിര സാന്നിധ്യമായ ഈ യുവതാരത്തെ കുറിച്ച പറയുമ്പോൾ ഫത്തേഹിന്റെ ഈ സീസണിലെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. ശക്തരായ ഓസോൺ എഫ്.സി ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറാൻ ഫത്തേഹിനെ സഹായിച്ചത് ഹക്കു ഉൾപ്പെട്ട അവരുടെ പ്രതിരോധ നിര തന്നെയായിരുന്നു.

ആറ് കളികളിൽ ഒരു ഗോൾ മാത്രമാണ് ഹക്കുവും സംഘവും വഴങ്ങിയത്. ടൂർണമെന്റിന്റെ പ്രിലിമിനറി റൗണ്ടിൽ കളിച്ച 12-ടീമുകളിൽ ഡിഫൻസിൽ ഏറ്റവും മികച്ച് നിന്നതും ഫത്തേഹ് തന്നെ. ഇടക്ക് സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര ജേഴ്സി അണിയാനും ഹക്കുവിനായിട്ടുണ്ട്.

സീസണിൽ ഡൽഹി യുണൈറ്റഡിന് വേണ്ടി സെക്കന്റ് ഡിവിഷനിൽ കളിച്ച മുഹമ്മദ് സലാഹ്, റിഷാദ് എന്നീ താരങ്ങളും സാറ്റിൽ നിന്ന് പൂനെയിലെ ക്ലബ്ബുകൾ(DSK,PFC) വഴി പോയവരാണ്.
റാഹിൽ, അയ്യൂബ്, ഉനൈസ്((Chennai City FC), ഷിബിലി (Pune FC, Chennai FC), നിയാസ്, റാഷിദ് (DSK Shivajians), ഹിലാൽ (Mumbai FC U-19, Pifa Colaba), ജുനൈദ്(Pune FC U-19, Mumbai FC-U19) തുടങ്ങിയ താരങ്ങളെല്ലാം സാറ്റിൽ നിന്ന് കളി പഠിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവരാണ്. വിവിധ ഏജ് ഗ്രൂപുകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരെയും, സംസ്ഥാനത്തിനകത്ത് വിവിധ ക്ലബുകൾക്ക് കളിക്കുന്നവരെയും എടുത്താൽ ലിസ്റ്റ് ഇനിയും നീളും.

ഇത്രയും കാലം അക്കാദമിയിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു സാറ്റിന്‌ 2017 ഒരു പുതിയ തുടക്കത്തിന്റെ വർഷമാണ്. തങ്ങളുടെ ചരിത്രത്തിലാദ്യമായി സാറ്റിന്‌ മേജർ ടൂർണമെന്റുകളിൽ കളിക്കാൻ ക്ഷണം കിട്ടിയിരിക്കുകയാണ്‌, കഴിഞ്ഞ മാസം സംസ്ഥാന ക്ലബ് ഫുട്ബോളിൽ ഇറങ്ങി ക്വാർട്ടർ വരെ മുന്നേറിയ തിരൂരുകാർ ഇന്ന് തുടങ്ങുന്ന കേരള പ്രീമിയർ ലീഗിലും പയറ്റാനിറങ്ങുമ്പോൾ അത് അവർക്ക് KFA കൊടുത്തിരിക്കുന്ന അംഗീകാരമാണ്.

ക്ലബ്ബിന്റെ ആദ്യ മേജർ ടൂർണമെന്റുകൾ ആയത് കൊണ്ട് തന്നെ മികച്ച ടീമിനെ തന്നെയാണ് സാറ്റ് കളത്തിലിറക്കുന്നത്. KPL-ന് വേണ്ടി ടീമിനെ ശക്തിപ്പെടുത്തുമ്പോഴും തിരൂരുകാർ തങ്ങളുടെ അക്കാദമിയുടെ വളർന്ന താരങ്ങൾക്ക് മുൻഗണന നൽകിയത് എടുത്ത് പറയേണ്ടകാര്യമാണ്. തങ്ങളുടെ അക്കാദമിയിൽ കളിപഠിച്ച താരങ്ങളെ പലരെയും KPL-ന് വേണ്ടി നാട്ടിലെത്തിച്ചപ്പോൾ 24-അംഗ ടീമിൽ നാലുപേരെ മാത്രമാണ് പുറത്ത് നിന്ന് എടുത്തത്.
വിദേശതാരങ്ങളായ യുനിസാവ, ജെറി സൺ‌ഡേ, സർവീസസിന്റെ യുവ ഗോൾകീപ്പർ ഭാസ്‌ക്കർ റോയ്, ഇന്ത്യൻ നേവിയുടെ മുന്നേറ്റ നിരക്കാരനും തിരുവനന്തപുരം സ്വദേശിയുമായ യുവ താരം ബ്രിട്ടോ എന്നിവരാണ് സാറ്റ് നിരയിലെ പുതുമുഖങ്ങൾ.
കാസർഗോഡ് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി ക്വാർട്ടർ വരെ മുന്നേറിയ സാറ്റ് ക്വാർട്ടറിൽ ശക്തരായ ഗോകുലം എഫ്.സിയെ വിറപ്പിച്ച് 2-1 ന് കീഴടങ്ങുകയായിരുന്നു. രണ്ട് മഞ്ഞക്കാർഡ് കണ്ട് കളിക്കാനാകാതിരുന്ന ഡിഫെൻഡർ ജെറി സണ്ഡേയുടെ അഭാവവും, കിട്ടിയ അവസരങ്ങൾ മുതലാക്കാനാകാതിരുന്നതും ഗോകുലത്തിനെതിരെ സാറ്റുകാർക്ക് വിനയായി.

ക്ലബ് ചാമ്പ്യൻഷിപ്പിൽ ടീമിനൊപ്പം എത്താൻ കഴിയാതിരുന്ന ബ്രിട്ടോ കൂടി ചേരുന്നതോടെ ടീം ശക്തമാകുമെന്നും, KPL കിരീടം തന്നെ തിരൂരിലെത്തിക്കാൻ അവർക്കാകുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളിൽ ഫ്ലഡ് ലൈറ്റിനു കീഴിൽ കളി നടത്തുന്ന ഏക ടീമും സാറ്റ് തന്നെ, മറ്റുള്ള ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലെല്ലാം വൈകീട്ട് നാല് മണിക്ക് കളി തുടങ്ങുമ്പോൾ 7:30 നാണ് തിരൂരിലെ കിക്കോഫ്.
തങ്ങളുടെ ടീം സ്വന്തം നാട്ടിൽ ആദ്യ മേജർ പോരാട്ടത്തിനിറങ്ങുമ്പോൾ തിരൂരിലെ നാട്ടുകാരും, മുനിസിപ്പാലിറ്റിയും ക്ലബിന് എല്ലാ വിധ പിന്തുണയും നൽകി മുൻ നിരയിലുണ്ട് , അതിന്റെ ഫലമായാണ് തിരൂരിൽ മാത്രം ഫ്ലഡ്ലൈറ്റ് വെളിച്ചത്തിൽ കളിനടക്കുന്നതും.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിലെ ഫുട്ബോൾ അഭിമുഖീകരിക്കുന്ന പൊതു പ്രശ്നമായ സാമ്പത്തിക പ്രയാസം സാറ്റും നേരിടുന്നുണ്ട്, സ്പോൺസർമാരില്ലാത്ത ടീമിന് കേരള പ്രീമിയർ ലീഗ് കഴിയുന്നതോടെ സ്പോൺസർമാരെ കണ്ടെത്താനാകുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി എന്ത് വിലകൊടുത്തും ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോച്ച് പീതാംബരൻ സാറും കുട്ടികളും.
ലീഗിൽ മികച്ച പ്രകടനം നടത്തി സ്പോൺസർമാരെ കണ്ടെത്താനും അതുവഴി വീണ്ടും വളരാനും, ദേശീയ ലെവലിൽ കേരളത്തിന്റെ പ്രതിനിധികളാകേണ്ട ഇനിയും ഒരുപാട് താരങ്ങളെ സമ്മാനിക്കാനും സ്പോർട്സ് അക്കാദമി തീരുർ എന്ന സാറ്റിനാകട്ടെ.

സാറ്റ് തിരൂരിന്റെ മത്സരങ്ങൾ:

08/04/17 7:30pm – SAT vs FC Thrissur, Municipal stadium Tirur.
16/04/17 4:00pm – SBI vs SAT, Chandrasekharan Nair Stadium TVM
22/04/17 4:00pm – Kerala Police vs SAT , Kottapady stadium MPM
01/05/17 7:30pm – SAT vs Kerala Police, Municipal stadium Tirur.

NB: ബാക്കിയുള്ള നാല് ഗ്രൂപ്പ് മത്സരങ്ങളുടെ ഫിക്സ്ചർ വന്നിട്ടില്ല.
SBI-യുടെ ടൂർണമെന്റിലെ പ്രാധിനിത്യം ഉറപ്പില്ലാത്തതിനാൽ ടീമും ഗ്രൗണ്ടും മാറാൻ സാധ്യതയുണ്ട്.

Previous articleവെർഡർ ബ്രെമനെ സമനിലയിൽ തളച്ച് ഈഗിൾസ്
Next articleകിങ്‌സ് ഇലവൻ പഞ്ചാബിന് 164 വിജയലക്ഷ്യം