ഇഞ്ച്വറി ടൈം ത്രില്ലർ, സാറ്റിനെ തോൽപ്പിച്ച് എഫ് സി തൃശ്ശൂർ സെമി പ്രതീക്ഷയിൽ

- Advertisement -

ഇഞ്ച്വറി ടൈമിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ എഫ് സി തൃശ്ശൂരിന് സാറ്റ് തിരൂരിനെതിരെ മിന്നും വിജയം. ഇന്ന് തൃശ്ശൂരിന്റെ ഹോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് തൃശ്ശൂരിന്റെ സെമി പ്രതീക്ഷകൾ ഇഞ്ച്വറി ടൈമിൽ വീണ്ടും ഉദിച്ചത്. തൊണ്ണൂറു മിനുട്ടുകൾ വരെ 1-1 എന്ന നിലയിൽ നിന്നിരുന്ന മത്സരമാണ് ഇഞ്ച്വറി ടൈമിൽ മാറി മറഞ്ഞത്.

സെമി ഫൈനലിന് ഇന്ന് ഒരു പോയന്റ് മാത്രം ദൂരത്തിൽ ഇരിക്കുന്ന സാറ്റും സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ജയം നിർബന്ധമായിരുന്ന എഫ് സി തൃശ്ശൂരും മികച്ച ഫുട്ബോളാണ് ഇന്ന് തൃശ്ശൂർ മണ്ണിൽ കാഴ്ചവെച്ചത്. തുടക്കത്തിൽ 13ാം മിനുറ്റിൽ റൈറ്റ് ബാക്ക് ഹസീബ് നേടിയ ഗോളിലൂടെ എഫ് സി തൃശ്ശൂരാണ് ആദ്യം മുന്നിലെത്തിയത്. 33ാം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഷിബിലി സാറ്റിനെ ഒപ്പമെത്തിച്ചു.(1-1)

ആ സമനില 90 മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിലാണ് ഭേദിക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് താരം ഒസവോറയാണ് കഎഫ് സി തൃശ്ശൂരിന്റെ രക്ഷകനായത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിൽ സോമി പി ടി മൂന്നാം ഗോളും നേടിക്കൊണ്ട് തൃശ്ശൂരിന്റെ വിജയം ഉറപ്പിച്ചു. സോമി എടുത്ത ഫ്രീകിക്ക് സാറ്റിന്റെ വല തുളക്കുക ആയിരുന്നു.

ജയത്തോടെ എഫ് സി തൃശ്ശൂരിന്റെ ലീഗിലെ മത്സരങ്ങൾ പൂർത്തിയായി. 10 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി എഫ് സി തൃശ്ശൂർ ഒന്നാം സ്ഥാനത്ത് എത്തി എങ്കിലും തൃശ്ശൂരിന്റെ സെമി പ്രവേശനം മറ്റു ഫലങ്ങളെ ആശ്രയിച്ചായിരിക്കും. സാറ്റിനും കേരള പോലീസിനും മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കി ഉണ്ട്. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഏജീസ് ഓഫീസിനെ സെൻട്രൽ എക്സൈസ് പരാജയപ്പെടുത്തിയിരുന്നു.

Advertisement