അവസാന മിനുട്ടിൽ രാജേഷ് മാജിക്, എഫ് സി തൃശ്ശൂരിന് ആദ്യ ജയം

- Advertisement -

എഫ് സി തൃശ്ശൂർ സാറ്റിനെതിരെ കളിച്ചപ്പോ ഉണ്ടായതു പോലെ മികച്ച പ്രകടനവും മോശം റിസൾട്ടുമായി ഇന്നും തല കുനിച്ച് മടങ്ങേണ്ടി വന്നേനെ. പക്ഷെ ഇത്തവണ രാജേഷ് അവസാന മിനുറ്റിൽ തൃശ്ശൂർ ടീമിന്റെ രക്ഷകനായി. അവസാന മിനുട്ടിൽ രാജേഷ് നേടിയ ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തിയത്.

തുടക്കത്തിലെ സ്വന്തം നാട്ടുകാർക്കു മുന്നിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ എഫ് സി തൃശ്ശൂർ തന്നെയാണ് ആദ്യം ലീഡെടുത്തത്. ആശിഖാണ് സെൻട്രൽ എക്സൈസ് പ്രതിരോധം ഭേദിച്ച് തൃശ്ശൂരിനെ മുന്നിലെത്തിച്ചത്. പക്ഷെ ലീഡ് അധിക സമയം നിലനിന്നില്ല. ഷംനാസ് നേടിയ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സെൻട്രൽ എക്സൈസ് ഒപ്പമെത്തി.

രണ്ടാം പകുതിയിൽ ഉടനീളം മികച്ചു നിന്ന് എഫ് സി തൃശ്ശൂർ നിരവധി അവസരങ്ങളാണ് പാഴാക്കിയത്. വിജയിക്കാനാകാതെ എഫ് സി കേരള മടങ്ങിയത് പോലെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മറ്റൊരു ഹോം ടീം കൂടെ നിരാശയോടെ മടങ്ങേണ്ടി വരുമോ എന്നു ഫുട്ബോൾ പ്രേമികൾ ചിന്തിച്ച സമയത്താണ് രാജേഷ് രക്ഷകനായത്. സാറ്റിനെതിരെയും രാജേഷ് അവസാന നിമിഷം ലക്ഷ്യം കണ്ടിരുന്നു. പക്ഷെ അന്ന് ആ ഗോൾ എഫ് സി തൃശ്ശൂരിന്റെ രക്ഷക്കെത്തിയില്ല. പതിനഞ്ചാം തീയതി മലപ്പുറത്ത് വെച്ച് കേരള പോലീസുമായാണ് തൃശ്ശൂരിന്റെ അടുത്ത മത്സരം.

 

ചിത്രങ്ങൾ: വിവേക് പൊതുവാൾ

Advertisement