ലിഫയെ 4 ഗോളുകൾക്ക് തകർത്ത് മുത്തൂറ്റ്

പനമ്പിള്ളി നഗർ : കേരളാ പ്രീമിയർ ലീഗിൽ മൂത്തൂറ്റ് എഫ് എയ്ക്ക് തകർപ്പൻ ജയം.‌ മതിയാസ് വെറോണിന്റെ ഹാട്രിക്കിന്റെ ബലത്തിൽ, 4 ഗോളിനാണ് ലിഫയെ തോൽപ്പിച്ചത്.

പത്താം മിനിറ്റിൽ വെസ്ലി അലെക്സ് മുത്തൂറ്റിനായി ആദ്യ ഗോൾ നേടി. തുടർന്ന് 15”, 21”, 48 മിനിറ്റുകളിൽ ഗോൾ നേടി വെറോൺ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഈ സീസണിൽ വെറോൺ ഇതുവരെ ഗോളുകൾ നേടിയിട്ടുണ്ട്.കളിയിലെ താരവും‌ മതിയാസ് വെറോണ് തന്നെയാണ്.Img 20220321 Wa0096

ഈ വിജയത്തോടെ മുത്തൂറ്റ് 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു.

കേരള പ്രീമിയർ ലീഗ്; റിയൽ മലബാറിന് തുടർച്ചയായ രണ്ടാം വിജയം

തൃശൂർ കോപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് A മത്സരത്തിൽ റിയൽ മലബാർ എഫ്സിക്ക് വിജയം.‌ എഫ് സി അരീക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റിയൽ മലബാർ തോൽപ്പിച്ചത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ സാജിദിന്റെ ഗോളിലൂടെ മുന്നിലെത്തിയ റിയൽ മലബാർ, എഴുപത്തിയൊന്നാം മിനിറ്റിൽ മുഹമ്മദ് ജലാലിന്റെ ഗോളിലൂടെ ലീഡുയർത്തി.
റിയൽ മലബാർ എഫ്സിയുടെ മുഹമ്മദ് ജലാൽ തന്നെയാണ് കളിയിലെ താരം.

എട്ടു കളികളിൽ നിന്ന് ഒരു ജയവും രണ്ട്‌ സമനിലയുമായി അഞ്ച് പോയിന്റോടെ ഗ്രൂപ്പിൽ ഒമ്പതാമതാണ് എഫ് സി‌ അരീക്കോട് ഇപ്പോൾ.

അഞ്ചാം സ്ഥാനത്തുള്ള റിയൽ മലബാർ എഫ് സിക്ക് എട്ടു കളികളിൽ നിന്ന് മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുണ്ട്.

ട്രാവൻകൂർ റോയൽ എഫ് സി – സായി കൊല്ലം പോരാട്ടം സമനിലയിൽ

മഹാരാജാസ് ഗ്രൌണ്ടിൽ നടന്ന് ഗ്രൂപ്പ് ബിയിലെ ട്രാവൻകൂർ റോയൽ എഫ് സി – സായി കൊല്ലം പോരാട്ടം സമനിലയിൽ. നിശ്ചിത സമയത്ത് ഗോൾ നേടാനാവാതെ പിരിഞ്ഞ മത്സരത്തിലെ താരം, സായി കൊല്ലത്തിന്റെ അൽകേഷ് രാജാണ്.

ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും, ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ട്രാവൻകൂർ റോയൽസ് എഫ്സി ഗ്രൂപ്പിൽ അഞ്ചാമതാണ്. ആറ് മത്സരങ്ങളിൽ നിന്ന് തന്നെ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റുമായി ഗ്രൂപ്പിൽ എട്ടാമതാണ് സായി കൊല്ലം.

ഏട്ടന്മാരുടെ ഫൈനലിന് മുമ്പ് സന്തോഷം നൽകി കൊണ്ട് അനിയന്മാരുടെ വിജയം!! കേരള ബ്ലാസ്റ്റേഴ്സിന് കെ പി എല്ലിൽ ആദ്യ ജയം

ഗോൾഡൻ ത്രെഡ്സ് എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മുഹമ്മദ്‌ ജാസിമിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, പതിനൊന്നാം മിനിറ്റിൽ ഗൌരവ് കൺകോറിന്റെ ഗോളിലൂടെ ലീഡുയർത്തി.

മറുവശത്ത് ഗോൾഡൻ ത്രെഡ്സിനായി മുപ്പത്തിയാറാം മിനിറ്റിൽ ഇസഹാക്ക് നുഹു ഒരു ഗോൾ മടക്കി. ആദ്യ പകുതി 2 -1 എന്ന സ്കോറിന് അവസാനിച്ചു. അറുപത്തിയേഴാം മിനിറ്റിൽ ഗോൾഡൻ ത്രെഡസ് ജോസഫ് റ്റെറ്റീയിലൂടെ സ്കോർ സമനിലയിലാക്കി. അവസാനം 75ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ശ്രീക്കുട്ടൻ വിജയ ഗോൾ നേടി.

ഈ മത്സരത്തോടെ ഏഴു കളികളിൽ നിന്ന് അഞ്ച് ജയവുമായി ഗോൾഡൻ ത്രെഡ്സ് എഫ് സി ഗ്രൂപ്പ് ബി-യിൽ നാലമതും, ഏഴു മത്സരങ്ങളിൽ നിന്ന് ആദ്യ ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ പത്താം സ്ഥാനത്തുമാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഗൌരവ് കൺകോൺക്കാറാണ് മത്സത്തിലെ താരം.

എഫ് സി കേരളയ്ക്ക് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിൽ അവസാനം എഫ് സി കേരളയ്ക്ക് ഒരു വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഐഫയെ ആണ് എഫ് സി കേരള തോൽപ്പിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു എഫ് സി കേരളയുടെ വിജയം. 52ആം മിനുട്ടിൽ മെൽവിൻ തോമസ് ആണ് എഫ് സി കേരളക്കായി ഗോൾ നേടിയത്‌. എഫ് സി കേരളയുടെ സൽമാൻ ഫാർസ് ആണ് കളിയിലെ താരമായത്.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി പത്താമത് നിൽക്കുകയാണ് എഫ് സി കേരള‌. ഐഫ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്‌.

കേരള പ്രീമിയർ ലീഗ്, കേരള യുണൈറ്റഡിന് ഒരു ജയം കൂടെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇപ്പോൾ ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് ഒരു വിജയം കൂടെ. ഇന്ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് കേരള യുണൈറ്റഡ് വിജയിച്ചത്. 16ആം മിനുട്ടിൽ വിക്ടർ ഫിലിപ്പ് ആണ് ഡോൺ ബോസ്കോക്ക് ലീഡ് നൽകിയത്.

55ആം മിനുട്ടിൽ വിക്ടർ സീസറും 72ആം മിനുട്ടിൽ ജസ്റ്റിനും ഗോൾ സ്കോർ ചെയ്തോടെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. വിജയത്തോടെ ഗ്രൂപ്പ് ബിയിൽ 10 മത്സരങ്ങളിൽ 22 പോയിന്റുമായി കേരള യുണൈറ്റഡ് ഒന്നാമത് നിൽക്കുകയാണ്. ഇനി മറ്റു ടീമുകളുടെ ഫലങ്ങൾ അനുസരിച്ച് ആകും കേരള യുണൈറ്റഡ് സെമി ഉറപ്പിക്കുക. ഡോൺ ബോസ്കോ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിന് വിജയം

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ വയനാട് യുണൈറ്റഡിന് വിജയം. ഇന്ന് പറപ്പൂർ എഫ് സിയെ നേരിട്ട വയനാട് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 42ആം മിനുട്ടിൽ അരുൺ ലാൽ ആണ് വയനാടിന് ലീഡ് നൽകിയത്. 51ആം മിനുട്ടിൽ നെറ്റോ ബെന്നി ലീഡ് ഇരട്ടിയാക്കി. 66ആം മിനുട്ടിൽ ഫ്രാങ്ക് ഫിഫി ആണ് പറപ്പൂരിനായി ആശ്വാസ ഗോൾ നേടിയത്‌. നെറ്റോ ബെന്നി ആണ് മാൻ ഓഫ് ദി മാച്ച്.

ലീഗിലെ വയനാട് യുണൈറ്റഡിന്റെ ആദ്യ വിജയം ആണിത്.

കേരള പ്രീമിയർ ലീഗ്, മുത്തൂറ്റ് വിജയം തുടരുന്നു

കേരള പ്രീമിയർ ലീഗിൽ മികച്ച ഫോം മുത്തൂറ്റ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എം എ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മുത്തൂറ്റ് എഫ് എ തോൽപ്പിച്ചത്. മുത്തൂറ്റിനായി 30ആം മിനുട്ടിൽ വെസ്ലി അലക്സിലൂടെയാണ് മുത്തൂറ്റ് ലീഡ് എടുത്തത്. 32ആം മിനുട്ടിൽ വെറോൺ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സെന്തമിഴി മൂന്നാം ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു‌. വെറോൺ ആണ് മാൻ ഓഫ് ദി മാച്ച്.

ഈ വിജയത്തോടെ മുത്തൂറ്റ് 7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. എം എ കോളേജ് പത്താമതാണ്.

കേരള പ്രീമിയർ ലീഗ്; കെ എസ് ഇ ബി ഒന്നാമത്

രാംകോ കേരള പ്രീമിയർ ലീഗിലെ കെ എസ് ഇബിയുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് കെ എസ് ഇ ബി ലിഫയെ ആണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് കെ എസ് ഇ ബി വിജയിച്ചത്. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45ആം മിനുട്ടിൽ വിഗ്നേഷ് ആണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്.

50ആം മിനുട്ടിൽ ജെറിറ്റോയിലൂടെ കെ എസ് ഇ ബി രണ്ടാം ഗോളും നേടി. 64ആം മിനുട്ടിൽ ഗിഫ്റ്റി, 84ആം മിനുട്ടിൽ നിജോയും കെ എസ് ഇബിക്ക് ആയി ഗോൾ നേടിയത്. ജിനേഷ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കെ എസ് ഇ ബി ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി.

കേരള പ്രീമിയർ ലീഗ്, മലബാറിയൻസിനെ ഞെട്ടിച്ച് റിയൽ മലബാർ എഫ് സി

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളയെ റിയൽ മലബാർ എഫ് സി പരാജയപ്പെടുത്തി. ഇന്ന് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ഗോകുലത്തെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് കൊണ്ട് 3-2ന് റിയൽ മലബാർ പരാജയപ്പെടുത്തുകയായിരുന്നു. മലബാറിയൻസ് എന്ന് അറിയപ്പെടുന്ന ഗോകുലം കേരള നിലവിലെ കെ പി എൽ ചാമ്പ്യൻ ആണ്.

ഇന്ന് ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ സുവാളയും 17ആം മിനുട്ടിൽ റഹീമും ആണ് ഗോകുലത്തിന് ലീഡ് നൽകിയത്‌. പക്ഷേ ഗോകുലം രണ്ടാം പകുതിയിൽ തകർന്നു. 52ആം മിനുട്ടിൽ സജിദിന്റെ ഗോളിലൂടെ റിയൽ മലബാർ തിരിച്ചടി തുടങ്ങി. 62ആം മിനുട്ടിൽ ഇജാസിലൂടെ സമനിലയും നേടി. പിന്നീട് വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. അവസാനം 93ആം മിനുട്ടിൽ ആഷിഫ് റിയൽ മലബാറിന് വിജയം സമ്മാനിച്ച മൂന്നാം ഗോൾ നേടി.

ഗോകുലത്തിന്റെ ഈ സീസണിലെ രണ്ടാം പരാജയമാണിത്. അവർ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. റിയൽ മലബാർ 6 പോയിന്റുമായി ഏഴാമത് നിൽക്കുന്നു.

കേരള പ്രീമിയർ ലീഗ്, ഒന്നാമതുള്ള കേരള യുണൈറ്റഡിനെ മുത്തൂറ്റ് വീഴ്ത്തി

കേരള പ്രീമിയർ ലീഗിൽ മികച്ച ഫോം തുടരുക ആയിരുന്ന കേരള യുണൈറ്റഡിനെ മുത്തൂറ്റ് എഫ് എ പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മുത്തൂറ്റ് എഫ് എ തോൽപ്പിച്ചത്. സെന്തമിഴിയുടെ ഇരട്ട ഗോളുകൾ ആണ് വിജയം മുത്തൂറ്റിന് നൽകിയത്. മത്സരത്തിന്റെ 75ആം മിനുട്ടിലും 87ആം മിനുട്ടിലും ആയിരുന്നു താരത്തിന്റെ ഗോളുകൾ. സെന്തമിഴി തന്നെ ആണ് മാൻ ഓഫ് ദി മാച്ചും.

ഈ വിജയത്തോടെ മുത്തൂറ്റ് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി നാലാമത് നിൽക്കുന്നു. കേരള യുണൈറ്റഡ് 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്.

തോൽക്കില്ല കേരള പോലീസ്

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് അവർ എഫ് സി കേരളയെ ആണ് കേരള പോലീസ് പരാജയപ്പെടുത്തിയത്. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് എഫ് സി കേരളയെ നേരിട്ട കേരള പോലീസ് 3-2ന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഇന്ന് അഞ്ചാം മിനുട്ടിൽ ബിജേഷ് ബാലൻ ആണ് കേരള പോലീസിന് ലീഡ് നൽകിയത്. 45ആം മിനുട്ടിൽ ഗോകുൽ കേരള പോലീസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ എഫ് സി കേരള തിരിച്ചടിച്ചു. അറുപതാം മിനുട്ടിൽ റനൂഫും 84ആം മിനുട്ടിൽ ബിബിൻ ഫെർണാണ്ടസും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി. അവസാനം 88ആം മിനുട്ടിലെ സഞ്ജുവിന്റെ ഗോൾ കേരള പോലീസിന് വിജയം നൽകി.

ഏഴ് മത്സരങ്ങളിൽ 15 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പ് എയിൽ രണ്ടാമത് നിൽക്കുന്നു.

Exit mobile version