രാംകോ കെപിഎല്‍: കേരള പോലീസ് പുറത്ത്, ബാസ്‌കോയും സാറ്റ് തിരൂറും സെമിഫൈനലില്‍

കൊച്ചി/തൃശൂര്‍: തിരൂര്‍ സാറ്റും, ബാസ്‌കോ ഒതുക്കുങ്ങലും രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ സെമിഫൈനലില്‍ കടന്നു. എ ഗ്രൂപ്പില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ഐഫയെ തകര്‍ത്തു. സാറ്റ്, കേരള പൊലീസിനെ 1-1ന് സമനിലയില്‍ തളച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സാറ്റ് നിര്‍ണായക സമനില പിടിച്ചെടുത്തത്. ജയത്തോടെ ബാസ്‌കോ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒരു മത്സരം ബാക്കിയുള്ള ടീമിന് 21 പോയിന്റുണ്ട്. 20 പോയിന്റുള്ള സാറ്റിനും ഒരു മത്സരം ബാക്കിയുണ്ട്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൊലീസിന് 20 പോയിന്റുണ്ടെങ്കിലും അവസാന മത്സരം സാറ്റ് തോറ്റാലും ഗോള്‍ വ്യത്യാസം സാറ്റിന് തുണയാവും. ഗ്രൂപ്പിലെ ടോപ്പര്‍ ആരായിരിക്കുമെന്ന് അറിയാന്‍ ഇരുടീമുകളുടെയും അവസാന മത്സരം വരെ കാത്തിരിക്കണം. Img 20220404 Wa0088

ബി ഗ്രൂപ്പില്‍ നിന്ന് ഗോള്‍ഡന്‍ ത്രെഡ്‌സും, കെഎസ്ഇബിയും നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജാക്ക് എസോംബെ (18), അബ്ദു റഹീം (45), മുഹമ്മദ് ആഷിഖ് എസ് (52), നസറുദ്ദീന്‍ (57), വിഷ്്ണു ടി.എം (87) എന്നിവരാണ് ബാസ്‌കോയുടെ സ്‌കോറര്‍മാര്‍. ബാസ്‌കോയുടെ നൗഫല്‍ പി.എന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം സായി സെന്റര്‍, എംഎ അക്കാദമിയെ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചു കെപിഎലിലെ നൂറാം മത്സരമായിരുന്നു ഇത്. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് എം.എ തിരിച്ചുവവരവ് നടത്തിയത്, പക്ഷേ ജയിക്കാനായില്ല. സായിക്കായി സൂരജ് കുമാറും, എംഎക്കായി അസ്‌ലം അലിയും ഇരട്ടഗോളുകള്‍ നേടി. സൂരജ് കുമാര്‍ കളിയിലെ താരമായി. ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് സായി സീസണ്‍ അവസാനിപ്പിച്ചു. 9 മത്സരങ്ങളില്‍ ഏഴിലും തോറ്റ എംഎ അവസാന സ്ഥാനത്ത് തുടര്‍ന്നു.

പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സ് എഫ്‌സി ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. നേരത്തെ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഡോണ്‍ബോസ്‌കോയെ 2-1നാണ് തോല്‍പ്പിച്ചത്. ഗോള്‍കീപ്പര്‍ റെഡ്കാര്‍ഡ് കണ്ടതിനാല്‍ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. 47ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയ ആദില്‍ അബ്ദുല്ലയാണ് കളിയിലെ താരം. 10 കളിയില്‍ നിന്ന് ടീം 9 പോയിന്റ് നേടി 9ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഡോണ്‍ബോസ്‌കോയുടെ മത്സരങ്ങളും പൂര്‍ത്തിയായി. 12 പോയിന്റുള്ള അവര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചൊവ്വാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ട്രാവന്‍കൂര്‍ റോയല്‍ എഫ്‌സി, ലിഫയെ നേരിടും. വൈകിട്ട് നാലിനാണ് കളി. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം കാണാം.

കേരള പ്രീമിയർ ലീഗ്; വൻ വിജയത്തോടെ ബാസ്കോ ഒതുക്കുങ്ങൽ, സെമിയോട് അടുത്തു

കേരള പ്രീമിയർ ലീഗിൽ വൻ വിജയത്തോടെ ബാസ്കോ ഒതുക്കുങ്ങൽ സെമി ഫൈനലിനോട് അടുത്തു. ഇന്ന് ഐഫയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാസ്കോ തോൽപ്പിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗംഭീര പ്രകടനമാണ് ബാസ്കോ നടത്തിയത്. ഇന്ന് 18ആം മിനുട്ടിൽ ജാക്ക് എസോമ്പെ ബാസ്കോ ഒതുക്കുങ്ങലിന് ലീഡ് നൽകി. ആദ്യ പകുതിയുടെ അവസാനം അബ്ദു റഹീം ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ മുഹമ്മദ് ആശിഖ്, നസറുദ്ദീൻ, വിഷ്ണു എന്നിവരും ബാസ്കോക്ക് വേണ്ടി ഗോൾ നേടി. ബാസ്കോയുടെ നൗഫൽ ആണ് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയത്.. ഈ വിജയത്തോടെ ബാസ്കോ ഒതുക്കുങ്ങൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. 9 മത്സരങ്ങളിൽ 21 പോയിന്റാണ് ബാസ്കോക്ക് ഉള്ളത്.

കേരള പ്രീമിയർ ലീഗ്, ത്രില്ലറിന് ഒടുവിൽ സായ് കൊല്ലം എം എ അക്കാദമിയെ വീഴ്ത്തി

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സായ് കൊല്ലം എം എ കോളേജിനെ പരാജയപ്പെടുത്തി. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സായ് കൊല്ലത്തിന്റെ വിജയം. 13ആം മിനുട്ടിലും 36ആം മിനുട്ടിലും സുരാജ് കുമാർ നേടിയ ഗോളുകളിൽ സായ് രണ്ട് ഗോളിന് മുന്നിൽ എത്തി. പിന്നീട് രണ്ടാം പകുതിയിൽ രൂപേഷ് കൗശാലും അൽ അമീനും ഗോൾ നേടിയതോടെ സായ് കൊല്ലം മൂന്ന് പോയിന്റ് ഉറപ്പിച്ചു.

എം എ അക്കാദമിയുടെ തിരിച്ചടി വൈകിയാണ് വന്നത്. 63ആം മിനുട്ടിലും 88ആം മിനുട്ടിലും അസ്ലം അലിയും 91ആം മിനുട്ടിൽ നെവിനുമാണ് എം എ അക്കാദമിയുടെ ഗോൾ നേടിയത്. സായ് കൊല്ലം ഈ ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ചു.

കേരള പ്രീമിയർ ലീഗ്; വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു

കേരള പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഡോൺ ബോസ്കോയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇന്ന് ആദ്യ പകുതിയുടെ അവസാനം റോഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആദുൽ അബ്ദുള്ളയുടെ ഒരു ലോങ് റേഞ്ചർ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷം ഒരു ഗോൾ മടക്കാൻ ഡൊൺ ബോസ്കോയ്ക്ക് അവസരം കിട്ടിയെങ്കിലും അവരെടുത്ത പെനാൾട്ടി മുഹീത് തടഞ്ഞു. 58ആം മിനുട്ടിൽ വിക്ടർ ഡോൺ ബോസ്കോയ്ക്കായി ഗോൾ നേടി. ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ചുവപ്പ് കാർഡ് കണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് 10 പേരുമായി പൊരുതി വിജയം ഉറപ്പാക്കി.

ഇന്ന് വിജയിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ കേരള പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റഡ് ആയിരുന്നു.

കേരള പ്രീമിയർ ലീഗ് ഫൈനൽ ഏപ്രിൽ 10ന്

കേരള പ്രീമിയർ ലീഗ് സീസൺ ഫൈനൽ ഏപ്രിൽ 10നു നടക്കും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. സെമി ഫൈനലുകൾ കോഴിക്കോടും എറണാകുളത്തും വെച്ചാകും നടക്കുക. ഏപ്രിൽ 8ന് വൈകുന്നേരം നാലു മണിക്കാണ് സെമി ഫൈനൽ നടക്കുന്നത്. എ ഗ്രൂപ്പ് വിജയികളും ബി ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും തമ്മിലുള്ള സെമി മത്സരം കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചും, ബി ഗ്രൂപ്പ് വിജയികളും എ ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും തമ്മിലുള്ള സെമി മത്സരം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചും നടക്കും.

ഇപ്പോൾ ഗോൾഡൻ ത്രഡ്സും കെ എസ് ഇബിയും മാത്രമാണ് സെമി ഫൈനൽ ഉറപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പ് എയിൽ നിന്ന് ആരൊക്കെ സെമി ഫൈനലിൽ എത്തും എന്ന് അടുത്ത ദിവസങ്ങളിൽ അറിയാൻ പറ്റും. കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സീസണായിരുന്നു ഇത്. 22 ടീമുകൾ ആണ് ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ഉണ്ടായിരുന്നത്.

കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള വിജയവുമായി സീസൺ അവസാനിപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം എഫ് സി കേരളയെ പരാജയപ്പെടുത്തി. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം വിജയിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് രണ്ട് ഗോളും വന്നത്. 48ആം മിനുട്ടിൽ പാണ്ടിയൻ സിനിവാസൻ ആണ് ലീഡ് നൽകിയത്. 87ആം മിനുട്ടിലെ റഹീമിന്റെ ഗോൾ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി.

10 മത്സരങ്ങളിൽ 17 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ഗോകുലത്തിന്റെ സെമി പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.

രാംകോ കേരള പ്രീമിയര്‍ ലീഗ്: റിലഗേഷൻ ഒഴിവാക്കി കോവളം എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സിനും എംഎ അക്കാദമിക്കും റിലഗേഷൻ

കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്്‌സ് റിസര്‍വ് ടീമിന് കളിക്കാനാവില്ല. ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്‌സി, ലിഫയെ 2-1ന് തോല്‍പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് കെപിഎലില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സ്‌റ്റെവിന്റെ ഇരട്ടഗോളുകളാണ് കോവളത്തിന് തുണയായത്. 10, 17 മിനിറ്റുകളിലായിരുന്നു ഗോള്‍. സ്‌റ്റെവിന്‍ കളിയിലെ താരമായി. 55ാം മിനിറ്റില്‍ ബെസ്‌കിന്‍ ആണ് ലിഫയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് കോവളം എഫ്‌സിക്ക് 10 പോയിന്റായി. ഒരു മത്സരം ബാക്കിയുള്ള ബ്ലാസ്‌റ്റേഴ്‌സിന് അവസാന മത്സരം ജയിച്ചാലും പോയിന്റ് ടേബിളില്‍ മാറ്റമുണ്ടാവില്ല. രണ്ടു മത്സരങ്ങള്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് 7 കളികള്‍ തോറ്റിരുന്നു. രണ്ടു മത്സരങ്ങള്‍ ബാക്കിയുള്ള ലിഫക്ക് നാലു പോയിന്റ് മാത്രമാണുള്ളതെങ്കിലും കോര്‍പറേറ്റ് എന്‍ട്രി ആയതിനാല്‍ രണ്ടു വര്‍ഷം തരംതാഴ്ത്തല്‍ ഭീഷണിയില്ല.

എട്ടു മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള എം.എ ഫുട്‌ബോള്‍ അക്കാദമിയും ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. തരംതാഴ്ത്തപ്പെട്ട ടീമുകള്‍ക്ക് യോഗ്യതാറൗണ്ടില്‍ മത്സരിച്ച് വീണ്ടും ലീഗിലെത്താന്‍ അവസരമുണ്ടാവും. ജില്ലാ സൂപ്പര്‍ ഡിവിഷന്‍ വിജയികളായ 14 ടീമുകള്‍ക്കൊപ്പമായിരിക്കും യോഗ്യതറൗണ്ട്. ഫൈനലിലെത്തുന്ന രണ്ടു ടീമുകള്‍ കെപിഎലിന് യോഗ്യത നേടും.

ഇന്ന് ബി ഗ്രൂപ്പില്‍ മത്സരങ്ങളില്ല. തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള എഫ്‌സി കേരള, ഗോകുലം കേരള എഫ്‌സിയെ നേരിടും. കിക്കോഫ് വൈകിട്ട് 5ന്. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം മത്സരം കാണാം.

കേരള പ്രീമിയർ ലീഗിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ

കേരള പ്രീമിയർ ലീഗിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ. ഇന്ന് കേരള പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കോവളം എഫ് സി ലിഫയെ പരാജയപ്പെടുത്തിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിലഗേഷൻ ഉറപ്പായത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കോവളത്തിന്റെ ഇന്നത്തെ വിജയം.

ഒരു മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കി ഉണ്ടെങ്കിലും റിലഗേഷൻ ഒഴിവാക്കാൻ ആകില്ല. കോവളത്തിനെക്കാൾ പോയിന്റ് നേടിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ ഒഴിവാക്കാൻ ആകുമായിരുന്നുള്ളൂ.

ഇന്ന് കോവളം വിജയിച്ചതോടെ അവർക്ക് 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. കേരള ബ്ലാസ്റ്റേഴ്സിന് 9 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണുള്ളത്. അവസാന മത്സരം വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് 9 പോയിന്റ് മാത്രമെ ആവുകയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എം എ കോളേജും ഗ്രൂപ്പ് ബിയിൽ നിന്ന് റിലഗേറ്റാകും. ലിഫയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ കുറവ് പോയിന്റ് മാത്രമേ ഉള്ളൂ എങ്കിലും അവർ കോർപ്പറേറ്റ് എൻട്രി ആയതിനാൽ അവർക്ക് ഈ സീസണിൽ റിലഗേഷനിൽ ഉണ്ടാകില്ല. ഇതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

റിലഗേറ്റ് ആയ ടീമുകൾ അടുത്ത സീസണിൽ കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് കളിച്ച് ജയിച്ച് വേണം തിരികെ കെ പി എല്ലിലേക്ക് വരാൻ.

കേരള പ്രീമിയർ ലീഗ്, റിലഗേഷൻ പോരിൽ കേരള ബ്ലാസ്റ്റേഴ്സിന് നിർണായക വിജയം

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് നിർണായക വിജയം. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എം എ കോളേജിനെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് പരാജയപ്പെടുത്തി. അവസാന സ്ഥാനക്കാർ തമ്മിലുള്ള മത്സരമായിരുന്നു ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. 25ആം മിനുട്ടിലും 29ആം മിനുട്ടിലും ഐമൻ നേടിയ ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.

എം എം കോളേജിനായി 45ആം മിനുട്ടിൽ അജാത് സ്കോർ ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ഈ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി 9ആം സ്ഥാനത്ത് എത്തി. അവസാന രണ്ട് ടീമാണ് റിലഗേഷൻ നേരിടുക. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആ ഭീഷണിക്ക് പുറത്താണ്. എം എ കോളേജും ലിഫയും ആണ് അവസാന രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്.

കേരള പ്രീമിയർ ലീഗ്; ഗോൾഡൻ ത്രഡ്സ് സെമി ഫൈനലിൽ, ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസിനെ നേരിട്ട ഗോൾഡൻ ത്രഡ്സ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇസഹാക് നുഹു ഇന്ന് ഹാട്രിക്ക് ഗോളുമായി കളിയിലെ മാൻ ഓഫ് ദി മാച്ച് ആയി.

10 മത്സരങ്ങളിൽ 24 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ഗോൾഡൻ ത്രഡ്സ് ഈ വിജയത്തോടെ ഫിനിഷ് ചെയ്തത്. ഇന്ന് ഗോൾഡൻ ത്രഡ്സിന് വിജയം നിർബന്ധമായിരുന്നു. 23 പോയിന്റുമായി കെ എസ് ഇ ബി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലേക്ക് മുന്നേറി. കേരള യുണൈറ്റഡ് അവസാനം മൂന്നാം സ്ഥാനത്ത് ആയതിനാൽ സെമി യോഗ്യത നേടിയില്ല.

അവസാന മത്സരത്തിൽ മുത്തൂറ്റിന് പിഴച്ചു, സെമി നഷ്ടമായി, കെ എസ് ഇ ബി സെമി ഉറപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മുത്തൂറ്റ് എഫ് എക്ക് പരാജയം. ഇന്ന് വിജയിച്ചാൽ മുത്തൂറ്റിന് സെമി ഉറപ്പിക്കാമായിരുന്നു‌. ഡോൺ ബോസ്കോയെ നേരിട്ട മുത്തൂറ്റ് എഫ് എ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി‌. ഇതോടെ മുത്തൂറ്റിന്റെ സെമി പ്രതീക്ഷ അവസാനിച്ചു‌.

ഇന്ന് 26ആം മിനുട്ടിൽ മുഹമ്മദ് റോഷനിലൂടെ ഡോൺ ബോസ്കോ ആണ് ലീഡ് എടുത്തത്. 46ആം മിനിട്ടിൽ വെസ്ലിയിലൂടെ മുത്തൂറ്റ് സമനില നേടിക്കൊണ്ട് പ്രതീക്ഷ നിലനിർത്തി. പിന്നീട് 75ആം മിനുട്ടിലും 79ആം മിനുട്ടിൽ ജോർജ്ജ് ഫോർബിയയിലൂടെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ഡോൺ ബോസ്കോ വിജയം ഉറപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ മുത്തൂറ്റിന്റെ മുഴുവൻ മത്സരങ്ങളും കഴിഞ്ഞപ്പോൾ അവർ 10 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്. ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമേ സെമി ഫൈനലിലേക്ക് മുന്നേറുകയുള്ളൂ‌. ഇപ്പോൾ കെ എസ് ഇ ബിയും കേരള യുണൈറ്റഡും ആണ് ഗ്രൂപ്പ് ബിയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്‌. മുത്തൂറ്റ് പരാജയപ്പെട്ടതോടെ കെ എസ് ഇ ബി സെമി ഫൈനൽ ഉറപ്പിച്ചു. കേരള യുണൈറ്റഡ് സെമിയിൽ കടക്കുമോ എന്നത് ഗോൾഡൻ ത്രഡ്സിന്റെ അവസാന മത്സരത്തിനു ശേഷമേ തീരുമാനം ആവുകയുള്ളൂ‌

കേരള പ്രീമിയർ ലീഗ്, സായ് കൊല്ലവും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ ഫോം തുടരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ സായ് കൊല്ലം ആണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സായ് കൊല്ലത്തിന്റെ വിജയം. ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ശ്രീകുട്ടനിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കളിയുടെ അവസാന നിമിഷങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടത്.

79ആം മിനുട്ടിൽ ഷിജിൻ ഒരു പെനാൾട്ടിയിലൂടെ സായ്ക്ക് സമനില നൽകി‌. പിന്നാലെ 85ആം മിനുട്ടിൽ ഷാഹിർ വിജയ ഗോളും നേടി. സായിയുടെ ഈ സീസണിലെ മൂന്നാം വിജയം മാത്രമാണിത്. 9 മത്സരങ്ങളിൽ 11 പോയിന്റ് ഉള്ള സായ് കൊല്ലം അഞ്ചാം സ്ഥാനത്താണ് ഉള്ളത്‌. കേരള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്താണ്. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.

Exit mobile version