കേരള പ്രീമിയർ ലീഗിൽ നിന്ന് എസ് ബി ഐയും പിന്മാറി, ലീഗ് തകരുന്നു!!

കേരള പ്രീമിയർ ലീഗിന്റെ ഈ സീസൺ എവിടെ ചെന്ന് അവസാനിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ലീഗ് പകുതിയിൽ ഇരിക്കെ മറ്റൊരു ക്ലബ് കൂടെ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ്. എസ് ബി ഐയാണ് കേരള പ്രീമിയർ ലീഗിൽ ഇനി കളിക്കാൻ ഇല്ലാ എന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോടൻ ക്ലബായ ക്വാർട്സും ലീഗിൽ നിന്ന് പിന്മാറിയിരുന്നു.

ക്വാർട്സിന് പകരക്കാരായി ഷൂട്ടേഴ്സ് പടന്നയെ എത്തിക്കാൻ കെ എഫ് എയ്ക്ക് ആയെങ്കിൽ എസ് ബി ഐക്ക് പകരക്കാർ ഉണ്ടാകാൻ സാധ്യതയില്ല. ലീഗിന്റെ നടത്തിപ്പിൽ ഉണ്ടായ പ്രതിസന്ധിയാണ് എസ് ബി ഐയേയും ലീഗ് വിടാൻ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ നാലു മത്സരങ്ങൾ എസ് ബി ഐ കളിച്ചിട്ടുണ്ട്. ഈ മത്സര ഫലങ്ങളും ഇനി നടക്കാൻ ബാക്കി ഉണ്ടായിരുന്ന എസ് ബി ഐ മത്സരങ്ങളും ലീഗിനെ മൊത്തമായി തന്നെ ബാധിക്കും. എസ് ബി ഐ കേരള ഫുട്ബോൾ ക്ലബ് തന്നെ പിരിച്ചുവിടും എന്നും അഭ്യൂഹമുണ്ട്. നേരത്തെ എസ് ബി ടി ബാങ്ക് എസ് ബി ഐ ആയി മാറിയപ്പോൾ തന്നെ ഫുട്ബോൾ ടീമിന് ഭീഷണി ഉണ്ടായിരു‌ന്നു.

എ സ് ബി ഐ മാത്രമല്ല ഇന്ത്യൻ നേവിയും കേരള പ്രീമിയൽ ലീഗിൽ നിന്ന് പിന്മാറിയേക്കും എന്നാണ് അറിയാനാവുന്നത്. സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നതിനാൽ ടീം ഇറക്കാൻ കഴിയാതെ നിൽക്കുകയാണ് ഇന്ത്യൻ നേവി. ലീഗ് തുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടു നേവി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

റൂണി യൂസഫിന്റെ ഗോളിൽ ജയിച്ച് എഫ് സി കൊച്ചി ഒന്നാമത്

കേരള പ്രീമിയർ ലീഗിലെ എഫ് സി കൊച്ചിയുടെ മുന്നേറ്റം തുടരുന്നു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ശക്തരായ സാറ്റ് തിരൂരിനെ എഫ് സി കൊച്ചി പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എഫ് സി കൊച്ചിയുടെ വിജയം. കളിയുടെ 26ആം മിനുട്ടിൽ റൂണി യൂസഫാണ് എഫ് സി കൊച്ചിക്ക് വിജയം നേടിക്കൊടുത്ത ഗോൾ നേടിയത്. റൂണിയുടെ ലീഗിൽ മൂന്നാം ഗോളാണിത്‌.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ ഏഴു പോയന്റുനായി എഫ് സി കൊച്ചി ഗ്രൂപ്പിൽ ഒന്നാമതെത്തി. നാലു മത്സരങ്ങളിൽ നാലു പോയിന്റ് മാത്രമുള്ള സാറ്റ് തിരൂർ ഗ്രൂപ്പ് എയിൽ രണ്ടാമതാണ്.

ഷൂട്ടേഴ്സ് പടന്നയ്ക്ക് കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ വിജയം

ഉത്തര മലബാറിൽ നിന്ന് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ടീമായ ഷൂട്ടേഴ്സ് പടന്നയ്ക്ക് വിജയം. ഇന്ന് കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഷൂട്ടേഴ്സ് പടന്ന കോവളം എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടേഴ്സ് പടന്ന വിജയിച്ചത്. പടന്നയ്ക്ക് വേണ്ടി സുർബിനും എറിക് വീക്സുമാണ് ഗോളുകൾ നേടിയത്. മറ്റൊരു ഗോൾ സെൽഫ് ഗോളുമായിരുന്നു.

കേരള പ്രീമിയർ ലീഗിലെ ഷൂട്ടേഴ്സ് പടന്നയുടെ ആദ്യ മത്സരമാണിത്. ക്വാർട്സ് ലീഗിൽ നിന്ന് പിന്മാറിയതു കൊണ്ടാണ് പടന്ന ലീഗിലേക്ക് എത്തിയത്. ഗ്രൂപ്പ് ബിയിലാണ് ഷൂട്ടേഴ്സ് പടന്ന മത്സരിക്കുന്നത്.

കേരള പ്രീമിയൽ ലീഗ് പുനരാരംഭിച്ചു, ഗോകുലത്തിന് വൻ വിജയം

കേരള പ്രീമിയർ ലീഗ് നീണ്ട ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ദിവസം ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ വിജയം. ഗോകുലം കേരള എഫ് സി റിസേർവ്സ് ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഗോൾഡൻ ത്രഡ്സിനെ പരാജയപ്പെടുത്തി. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ 28ആം മിനുട്ടിൽ ഷിഹാദ് നെല്ലിപറമ്പനാണ് ഗോകുലം കേരള എഫ് സിക്കായി ആദ്യ ഗോൾ നേടിയത്.

74ആം മിനുട്ടിൽ ക്രിസ്റ്റ്യൻ സബായും 80ആം മിനുട്ടിൽ താഹിർ സമാനും ഗോകുലം കേരള എഫ് സിക്കായി ഗോളുകൾ നേടി. ഗോകുലം കേരള എഫ് സിയുടെ രണ്ടാം വിജയമാണിത്. ഈ ജയത്തോടെ ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

കേരള പ്രീമിയർ ലീഗ് ഫിക്സ്ചർ അറിയാം

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് അവസാന ഘട്ടത്തിനായുള്ള ഫിക്സ്ചറുകൾ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ടു. മാർച്ച് 17 മുതലാണ് ലീഗ് പുനരാരംഭിക്കുന്നത്. സന്തോഷ് ട്രോഫി ക്യാമ്പ് ആരംഭിച്ച കാരണം പറഞ്ഞ് ജനുവരി ആദ്യത്തിൽ നിർത്തിവെച്ച് ലീഗ് അവസാന രണ്ട് മാസവും നടന്നിരുന്നില്ല.

മാർച്ച് 17ന് കോവളം എഫ് സിയും ഷൂട്ടേഴ്സ് പടന്നയും തമ്മിലുള്ള മത്സരത്തോടെ ആകും ലീഗ് വീണ്ടും ആരംഭിക്കുക. ലീഗിൽ ഇതുവരെ 10 മത്സരങ്ങൾ മാത്രമെ കഴിഞ്ഞിട്ടുള്ളൂ‌. ഗ്രൂപ്പ് എയിൽ ആർ എഫ് സി കൊച്ചിയും, ഗ്രൂപ്പ് ബിയിൽ എഫ് സി കേരളയുമാണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.

കേരള പ്രീമിയർ ലീഗ് മാർച്ച് 16ന് പുനരാരംഭിക്കും, ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്ന

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് അവസാനം പുനരാരംഭിക്കാൻ തീരുമാനിച്ചു. സന്തോഷ് ട്രോഫി ക്യാമ്പ് ആരംഭിച്ച കാരണം പറഞ്ഞ് ജനുവരി ആദ്യത്തിൽ നിർത്തിവെച്ച് ലീഗ് അവസാന രണ്ട് മാസവും നടന്നിരുന്നില്ല.. മാർച്ചിൽ 16ന് ലീഗ് പുനരാരംഭിക്കും എന്ന് കെ എഫ് എ അറിയിച്ചു. പുതിയ ഫിക്സ്ചചറുകളും കെ എഫ് എ പുറത്തു വിട്ടു.

ആദ്യ സന്തോഷ് ട്രോഫി ആയിരുന്നു കാരണം എങ്കിൽ പിന്നീട് ചില പ്രാദേശിക ടൂർണമെന്റുകൾ കാണിച്ചായിരുന്നു കെ എ എ ലീഗ് നീട്ടിയത്. കേരള പ്രീമിയർ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയ ക്വാർട്സ് ലീഗ് നീട്ടിവെച്ചതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ലീഗ് നീളുന്നത് അമിത ചിലവുകൾ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതൽ സാമ്പത്തിക പ്രസന്ധിയിൽ എത്തിക്കുകയും ചെയ്യും എന്ന കാരണം പറഞ്ഞായിരുന്നു ക്വാർട്സിന്റെ പിന്മാറ്റം.

ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്നയ്ർ കെ എഫ് എ ലീഗിലേക്ക് എടുത്തിട്ടുണ്ട്. ഷൂട്ടേഴ്സ് പടന്ന ഗ്രൂപ്പ് ബിയിൽ ആയിരിക്കും കളിക്കുക. ഷൂട്ടേഴ്സ് പടന്ന ആദ്യമായാണ് കേരള പ്രീമിയർ ലീഗിൽ കളിക്കുന്നത്. മാർച്ച് 16ന് എസ് ബി ഐയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെ ആകും ലീഗ് വീണ്ടും ആരംഭിക്കുക. ലീഗിൽ ഇതുവരെ 10 മത്സരങ്ങൾ മാത്രമെ കഴിഞ്ഞിട്ടുള്ളൂ‌. ഗ്രൂപ്പ് എയിൽ ആർ എഫ് സി കൊച്ചിയും, ഗ്രൂപ്പ് ബിയിൽ എഫ് സി കേരളയുമാണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.

കേരള പ്രീമിയർ ലീഗ് ഇനിയും നീളും, മുടന്തൻ കാരണങ്ങളുമായി കെ എഫ് എ എത്തി

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ഇനിയും കാലങ്ങൾ എടുക്കും. സന്തോഷ് ട്രോഫി ക്യാമ്പ് ആരംഭിച്ച കാരണം പറഞ്ഞ് ജനുവരി ആദ്യത്തിൽ നിർത്തിവെച്ച് ലീഗ് ഈ മാസവും തുടങ്ങാൻ ആവില്ല എന്ന് കെ എഫ് എ അറിയിച്ചു‌. മാർച്ചിൽ മാത്രമെ ലീഗ് പുനരാരംഭിക്കൂ എന്നാണ് കെ എഫ് എ അറിയിച്ചിരിക്കുന്നത്.

ഇത്രകാലവും സന്തോഷ് ട്രോഫി എന്നായിരുന്നു കാരണം എങ്കിലും സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്തായതോടെ പുതിയ കാരണം കെ എഫ് എ കണ്ടു പിടിച്ചു. ക്ലബുകൾ പല ടൂർണമെന്റുകളുടെ ഭാഗമാകുന്നു എന്നതിനാലാണ് ഫെബ്രുവരിയിൽ കളിക്കാൻ കഴിയാത്തത് എന്നാണ് കെ എഫ് എ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.

കേരള പ്രീമിയർ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയ ക്വാർട്സ് ലീഗ് പെട്ടെന്ന് നീട്ടിവെച്ചതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ലീഗ് നീളുന്നത് അമിത ചിലവുകൾ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതൽ സാമ്പത്തിക പ്രസന്ധിയിൽ എത്തിക്കുകയും ചെയ്യും എന്ന കാരണം പറഞ്ഞായിരുന്നു ക്വാർട്സിന്റെ പിന്മാറ്റം. ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്നയ്ർ കെ എഫ് എ ലീഗിലേക്ക് എടുത്തിട്ടുണ്ട്. പക്ഷെ ലീഗ് തുടങ്ങാൻ ഇനിയും വൈകും എന്ന വാർത്ത ക്ലബുകളെ എല്ലാം നിരാശയിലാക്കിയിട്ടുണ്ട്‌

ലീഗ് തുടങ്ങി പല ടീമുകളും അവരുടെ ആദ്യ മത്സരം വരെ കളിച്ചിട്ടില്ല. അതിനു മുന്നെ തന്നെ ലീഗ് നിർത്തിവെച്ചു എന്നതും ദയനീയ കാര്യമാണ്. 6 മാസം നീണ്ടു നിക്കുന്ന ലീഗ് എന്ന മുദ്രാവാക്യം ആയിരുന്നു കെ എഫ് എ ഈ സീസൺ തുടക്കത്തിൽ പറഞ്ഞത്‌. അത് ഇത്ര ഇടവേള എടുത്തു കൊണ്ടാകുമെന്ന് കേരള ഫുട്ബോൾ ആരാധകർക്ക് പ്രവചിക്കാൻ കഴിഞ്ഞില്ല എന്നു മാത്രം.

ക്വാർട്സ് പിന്നെയും പാതിവഴിക്ക് ഇറങ്ങിപോയി, ഷൂട്ടേഴ്സ് പടന്ന കേരള പ്രീമിയർ ലീഗിലേക്ക്

കേരള പ്രീമിയർ ലീഗിൽ സീസണിടക്ക് വീണ്ടും പ്രതിസന്ധികൾ. കേരള പ്രീമിയർ ലീഗിൽ നിന്ന് കോഴിക്കോട് ക്ലബായ ക്വാർട്സ് പിന്മാറാൻ തീരുമാനിച്ചതായാണ് വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധി താങ്ങാൻ കഴിയാത്തത് കാരണം ക്വാർട്സ് കെ എഫ് എയെ തങ്ങളുടെ പിന്മാറ്റം അറിയിക്കുകയായിരുന്നു. രണ്ട് സീസൺ മുമ്പും ക്വാർട്സ് ഇതുപോലെ സീസൺ പകുതിക്ക് വെച്ച് കളി നിർത്തി പോയിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും തിരികെ വന്ന ക്വാർട്സ് നല്ല പ്രകടനങ്ങൾ കഴിഞ്ഞ വർഷം കെ പി എല്ലിൽ കാഴ്ചവെച്ചു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായിരുന്നു ക്വാർട്സ്. ഇത്തവണ കേരള പ്രീമിയർ ലീഗ് തുടങ്ങി ഇത്ര കാലമായിട്ടും ക്വാർട്സ് ഒരു മത്സരം കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ക്വാർട്സിന്റെ പിന്മാറ്റം ലീഗിനെ ബാധിക്കില്ല എന്നാണ് കെ എഫ് എയുടെ വിശ്വാസം.

ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്നയെ കേരള പ്രീമിയർ ലീഗിൽ കളിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. വടക്കൻ മലബാറിൽ നിന്ന് ഒരു ക്ലബ് കേരള പ്രീമിയർ ലീഗിൽ കളിക്കുന്നത് ഇതാദ്യമാകും. സെവൻസ് ഫുട്ബോളിൽ പ്രശസ്തമായ ക്ലബാണ് ഷൂട്ടേഴ്സ് പടന്ന. മികച്ച ആരാധക പിന്തുണയുള്ള ഷൂട്ടേഴ്സ് കേരള പ്രീമിയർ ലീഗിൽ എത്തുന്നത് കേരള ഫുട്ബോളിനും ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു.

ഗ്രൂപ്പ് ബിയിൽ ഗോകുലം കേരള എഫ് സി, കോവളം എഫ് സി, ഗോൾഡൻ ത്രഡ്സ്, എഫ് സി കേരള എന്നിവർക്ക് ഒപ്പമാകും ഷൂട്ടേഴ്സ് പടന്ന ലീഗിൽ മത്സരിക്കാൻ ഇറങ്ങുക.

ക്ലബുകൾക്ക് ഇരുട്ടടി, കേരള പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു

കേരള ഫുട്ബോൾ അസോസിയേഷൻ വീണ്ടും വിചിത്രമായ തീരുമാനം എടുത്തിരിക്കുകയാണ്. കേരള പ്രീമിയർ ലീഗിൽ ഇന്ന് മുതൽ നടക്കാൻ ഇരിക്കുന്ന എല്ലാ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നതായി കെ എഫ് എ ടീം ഭാരവാഹികളെയും മാധ്യമങ്ങളെയും അറിയിച്ചു. സന്തോഷ് ട്രോഫി ക്യാമ്പ് നടക്കുന്നതിനാലാണ് കെ എഫ് എയുടെ ഈ തീരുമാനം.

സന്തോഷ് ട്രോഫി ക്യാമ്പിൽ കേരള പ്രീമിയൽ ലീഗിൽ പങ്കെടുക്കുന്ന നിരവധി താരങ്ങൾ ഉണ്ട് എന്നും അതിനാൽ തന്നെ ക്ലബുകളെ ഇത് ബാധിച്ചേക്കും എന്നുമാണ് കെ എഫ് എ പറയു‌ന്നത്. എന്നാൽ കളി നടക്കുന്നതിന് തലേ ദിവസം മാത്രം കളി മാറ്റിവെച്ചത് അറിയുന്ന ക്ലബുകൾ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

കേരള പ്രീമിയർ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയവരാണ് പല ക്ലബുകളും. ഈ ടീമുകൾ എല്ലാം ഇനി ലീഗ് എന്ന് തുടങ്ങും എന്ന് അറിയാതെ ടീമിനെയും ഒരുക്കി കാത്തിരിക്കണം. ഇത് അമിത ചിലവുകൾ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതൽ പ്രസന്ധിയിൽ എത്തിക്കുകയും ചെയ്യും. എല്ലാവർഷവും സന്തോഷ് ട്രോഫി ക്യാമ്പുകൾ നടക്കും എന്ന് കെ എഫ് എയ്ക്ക് അറിയാവുന്നതാണ് അതിനനുസരിച്ച് ഫിക്സ്ചർ ഇടാതെ കളിയുടെ തലേ ദിവസം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് കേരള ഫുട്ബോളിനെ ഗുണം ചെയ്യില്ല.

ലീഗ് തുടങ്ങി പല ടീമുകളും അവരുടെ ആദ്യ മത്സരം വരെ കളിച്ചിട്ടില്ല. അതിനു മുന്നെ ഈ തീരുമാനം എത്തി. സന്തോഷ് ട്രോഫിക്ക് പിറകെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ വരുമ്പോൾ വീണ്ടും കെ എഫ് എ കേരള പ്രീമിയർ ലീഗ് നീട്ടിവെക്കുമോ എന്നും കണ്ടറിയണം. കഴിഞ്ഞ തവണ സെക്കൻഡ് ഡിവിഷൻ കാരണം പലപ്പോഴും മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നിരുന്നു.

ജിബിൻ ദേവസ്സിയുടെ ഇരട്ട ഗോളുകൾ, എഫ് സി തൃശ്ശൂരിന് ജയത്തോടെ തുടക്കം

കേരള പ്രീമിയർ ലീഗിൽ അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ടീമാണ് എഫ് സി തൃശ്ശൂർ. അവർ ഈ വർഷത്തെ കേരള പ്രീമിയർ ലീഗിലും മികച്ച തുടക്കം തന്നെ സ്വന്തമാക്കി. ഇന്ന് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സാറ്റ് തിരൂരിനെ നേരിട്ട എഫ് സി തൃശ്ശൂർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ജിബിൻ ദേവസ്സിയുടെ ഇരട്ട ഗോളുകളാണ് എഫ് സി തൃശ്ശൂരിനെ വിജയിപ്പിച്ചത്.

40, 49 മിനുട്ടുകളിൽ ആയിരുന്നു ദേവസ്സിയുടെ ഗോളുകൾ. ജിബിന്റെ ഒരു ഗോൾ ഫ്രീകിക്കിൽ നിന്നും ആയുരുന്നു. ഫസലു റഹ്മാൻ ആണ് സാറ്റിനു വേണ്ടി ഗോൾ നേടിയത്. സാറ്റ് തിരൂരിന്റെ ലീഗിലെ ആദ്യ തോൽവി ആണിത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റാണ് സാറ്റിന് ഇപ്പോൾ ഉള്ളത്.

കേരള പ്രീമിയർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സിനെയും സമനിലയിൽ പിടിച്ച് എസ് ബി ഐ

എസ് ബി ഐക്ക് കേരള പ്രീമിയർ ലീഗിൽ വീണ്ടും സമനില. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെയാണ് എസ് ബി ഐ സമനിലയിൽ പിടിച്ചത്. എസ് ബി ഐയുടെ ഹോമായ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. എസ് ബി ഐയുടെ തുടർച്ചയായ മൂന്നാം സമനിലയാണിത്. ലീഗിൽ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ എസ് ബി ഐക്ക് ആയിട്ടില്ല.

കഴിഞ്ഞ കളിയിൽ എഫ് സി കൊച്ചിയെ തോൽപ്പിച്ച വീറ് കാണിക്കാൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനും ആയില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത്. നാലു മത്സരങ്ങൾ കളിച്ച എസ് ബി ഐക്ക് മൂന്ന് പോയന്റും ഉണ്ട്.

കേരള പ്രീമിയർ ലീഗ്; വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എസ് ബി ഐയെ നേരിടും. എസ് ബി ഐയുടെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എഫ് സി കൊച്ചിയെ തോൽപ്പിച്ച് ഫോമിലേക്ക് തിരികെ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം ആ ഫോം തുടരുക ആകും ഇന്ന് ലക്ഷ്യം ഇടുന്നത്. യുവതാരം അഫ്ദാലിന്റെ ഫോമിലാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. അഫ്ദാദ് എഫ് സി കൊച്ചിക്കെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്നു.

രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. എതിരാളികളായ എസ് ബി ഐ ലീഗിൽ ഇതുവരെ ജയം സ്വന്തമാക്കിയില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പരാജയവും രണ്ട് സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. ഇന്ന് ആദ്യ ജയം നേടാൻ കഴിയും എന്നാകും എസ് ബി ഐയുടെ പ്രതീക്ഷ.

ഗ്രൂപ്പ് എയിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ എഫ് സി തൃശ്ശൂരിനെ നേരിടും. തിരൂരിൽ വെച്ചാകും മത്സരം നടക്കുക. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നല്ല തുടക്കമാണ് സാറ്റിന് ലീഗിൽ ലഭിച്ചിരിക്കുന്നത്. മറുവശത്തുള്ള എഫ് സി തൃശ്ശൂരിന് ഇത് ലീഗിലെ ആദ്യ മത്സരമാണ്. രണ്ട് മത്സരങ്ങളും വൈകിട്ട് 3.30നാണ് ആരംഭിക്കുക.

Exit mobile version